Educational (Page 11)

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടിയിൽ മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ റദ്ദാക്കി സുപ്രിംകോടതി. സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ സുപ്രിംകോടതി അംഗീകാരം വേണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണമാണ് റദ്ദാക്കിയത്. കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

അഖിലേന്ത്യാ മെഡിക്കൽ, ദന്തൽ പ്രവേശനത്തിനാണ് കേന്ദ്ര സർക്കാർ സംവരണം നടപ്പാക്കിയത്. ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നൽകുന്നതാണ് കേന്ദ്രസർക്കാർ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമാണ് ലഭിക്കുക. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്കാണ് സംവരണം നൽകുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ രണ്ട് വിഭാഗങ്ങളിലുമായി 5500 ഓളം വിദ്യാർത്ഥികൾക്ക് സംവരണത്തിന്റെ ഗുണഫലം ലഭിക്കും. വിദ്യാഭ്യാസപരമായ പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കാണ് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുക. അതേസമയം സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ വിദ്യാഭ്യാസ സംവരണം അനുസരിച്ച് ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിന് 3 ശതമാനം, മുസ്ലിം വിഭാഗത്തിന് 2 ശതമാനം, മറ്റ് പിന്നാക്ക ഹിന്ദു വിഭാഗത്തിന് 1 ശതമാനം, ലത്തീൻ കത്തോലിക്ക, എസ്ഐയുസി- 1 ശതമാനം, മറ്റ് പിന്നാക്ക ക്രിസ്ത്യാനികൾക്ക് 1, കുടുംബി വിഭാഗത്തിന് 1 എന്നിങ്ങനെ ആകെ 9 ശതമാനമാണ് മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംവരണം.

സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് സംസ്ഥാനത്തെ ഹയർസെക്കന്ററി കോഴ്സുകൾക്ക് 28 ശതമാനം സീറ്റുകളിലും, വൊക്കേഷണൽ ഹയർസെക്കന്ററി കോഴ്സുകൾക്ക് 30 ശതമാനം സീറ്റുകളിലും സംവരണം നൽകുന്നുണ്ട്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 20 ശതമാനം സംവരണമാണ് ലഭിക്കുക. എസ്ഇബിസി വിഭാഗത്തിന് പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിൽ 30 ശതമാനവും പ്രൊഫഷണൽ മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 9 ശതമാനവും സംവരണം ലഭിക്കുന്നുണ്ട്. എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 5 ശതമാനം സംവരണം ആണ് ലഭിക്കുക.

തിരുവനന്തപുരം: സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറാണ് സിവിൽ സർവീസിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ജാഗ്രതി അവസ്തി രണ്ടാം സ്ഥാനവും അങ്കിത ജെയിൻ മൂന്നാം സ്ഥാനവും നേടി. ഇത്തവണത്തെ റാങ്ക് പട്ടികയിൽ മലയാളികൾക്കും അഭിമാനിക്കാൻ ഏറെയുണ്ട്.

തൃശൂർ സ്വദേശിനി കെ മീര ആറാം റാങ്ക് നേടി കേരളത്തിന് അഭിമാനമായി. തന്റെ നാലാം ഊഴത്തിലാണ് മീര ഈ നേട്ടം സ്വന്തമാക്കിയത്. തൃശൂർ എഞ്ചിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് മീര. കഠിനപരിശ്രമത്തിലൂടെ ലക്ഷ്യബോധമുള്ള ആർക്കും നേടിയെടുക്കാൻ കഴിയുന്നതാണ് സിവിൽ സർവീസ് എന്ന് മീര പ്രതികരിച്ചു.

കോഴിക്കോട് വടകര സ്വദേശി മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരസ്ഥമാക്കി. മലയാളികളായ കരിഷ്മ നായരാണ് 14 -ാം റാങ്ക് നേടിയത്. പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62, പ്രസന്നകുമാർ 100, ആര്യ ആർ നായർ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, മിന്നു 150, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256, അർജുൻ കെ 257, അലക്‌സ് എബ്രഹാം 299, തുടങ്ങിയവരാണ് റാങ്ക് പട്ടികയിൽ ഇടംനേടിയ മറ്റ് മലയാളികൾ.

ന്യൂഡൽഹി: സ്‌കൂൾ പാഠപുസ്തകം പരിഷ്‌ക്കരിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഇതിനായി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. രാജ്യത്തെ സ്‌കൂൾ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനുള്ള പുതിയ പാഠ്യക്രമത്തിന്റെ കരട് ചട്ടക്കൂട് തയ്യാറാക്കാനായി ഐഎസ്ആർഒ മുൻ അധ്യക്ഷൻ കെ കസ്തൂരിരംഗൻ അദ്ധ്യക്ഷനായി 12 അംഗ സമിതിയെയാണ് കേന്ദ്രസർക്കാർ നിയോഗിച്ചത്. മൂന്ന് വർഷമാണ് സമിതിയുടെ കാലാവധി. കസ്തൂരിരംഗൻ നയിച്ച സമിതിയാണ് പുതിയ വിദ്യാഭ്യാസ നയം 2020 ന്റെ കരട് പദ്ധതി തയ്യാറാക്കിയതും.

2005 ലാണ് ഇതിന് മുൻപ് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌കരിച്ചത്. സ്‌കൂൾ വിദ്യാഭ്യാസം, അദ്ധ്യാപക പരിശീലനം, നേഴ്‌സറി വിദ്യാഭ്യാസം, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം എന്നീ മേഖലയിൽ നാല് ചട്ടക്കൂടിനാണ് സമിതി രൂപം നൽകുക. ഇതനുസരിച്ച് എൻസിഇആർടി പാഠപുസ്തകങ്ങളിലും അദ്ധ്യാപകപരിശീലനത്തിലും മാറ്റം വരുത്തും. പാഠ്യപദ്ധതി, പാഠപുസ്തകം, അദ്ധ്യാപക പരിശീലനം എന്നിവയ്ക്ക് രാജ്യത്തിനാകെ ബാധകമായ മാർഗരേഖ തയ്യാറാക്കുകയാണ് സമിതിയുടെ ചുമതല.

കർണാടക വിജ്ഞാന കമീഷൻ മെമ്പർ സെക്രട്ടറി എം കെ ശ്രീധർ, ആന്ധ്രപ്രദേശ് സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ടി വി കട്ടിമണി എന്നിവർ സമിതിയിലുണ്ട്. ഫ്രഞ്ച് വംശജനായ ഇന്ത്യക്കാരൻ മൈക്കിൾ ഡാനിനോ, ജാമിയ മിലിയ വൈസ് ചാൻസലർ നജ്മ അഖ്തർ, പഞ്ചാബ് സെൻട്രൽ യൂണിവേഴ്‌സിറ്റി ചാൻസലർ ജഗ്ബീർ സിങ്, ഗണിതശാസ്ത്രജ്ഞ മഞ്ജു ഭാർഗവ, നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ ഗോവിന്ദ് പ്രസാദ് ശർമ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ചാൻസലർ മഹേഷ് ചന്ദ്ര പാന്ത്, ജമ്മു ഐഐഎം ചെയർമാൻ മിലിന്ദ് കാംബ്ല, സർക്കാരിതര സംഘടനകളെ പ്രതിനിധാനംചെയ്ത് ധിർ ജിങ്രൻ, ശങ്കർ മറുവാഡ തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

veena

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. ഉന്നതതല യോഗത്തിനു ശേഷമാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. മാർഗരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

സ്‌കൂളുകൾ ഉച്ചവരെ മാത്രം മതിയെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ഉച്ചയ്ക്ക് ശേഷം പതിവ് പോലെ ഓൺലൈൻ ക്ലാസും തുടരുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഉച്ചയ്ക്ക് സ്‌കൂൾ വിട്ടാൽ കുട്ടികൾ എങ്ങനെ ഉടൻ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടിലെത്തുമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മൂന്ന് ദിവസം ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് ക്ലാസും അടുത്ത ദിവസങ്ങളിൽ മറ്റ് കുട്ടികൾക്ക് എത്താമെന്നും ചർച്ച ചെയ്യുന്നുണ്ട്. ഷിഫ്റ്റ് സംവിധാനവും പരിഗണനയിലുണ്ട്. എല്ലാ സാധ്യതയും പരിശോധിച്ച ശേഷമായിരിക്കും സമഗ്ര റിപ്പോർട്ട് തയ്യാറാക്കുക.

ബയോബബിൾ മാതൃകയിലാവും ക്ലാസുകൾ ഒരുക്കുകയെന്നും മറ്റു വകുപ്പുകളുമായും വിവിധ അധ്യാപക, രാഷ്ട്രീയ, യുവജന സംഘടനകളുമായും കൂടിയാലോചന നടത്തുമെന്നും മന്ത്രിമാർ അറിയിച്ചിട്ടുണ്ട്. ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകൾ നടത്തും. ഫീൽഡ് തലത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി ശേഖരിച്ചാവും മാർഗരേഖ തയ്യാറാക്കുക. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ആശങ്കകൾക്ക് ഇടനൽകാതെ പഴുതുകൾ അടച്ചുള്ള മാർഗരേഖയാവും തയ്യാറാക്കുക. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വശങ്ങൾ വിശദമായി യോഗത്തിൽ ചർച്ച ചെയ്തതായും മന്ത്രിമാർ വ്യക്തമാക്കി.

കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടില്ലാതെ സുരക്ഷ ഒരുക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. കുട്ടികളുടെ യാത്രാസൗകര്യം, ക്ലാസ് മുറികളിലെ സുരക്ഷ, ഉച്ചഭക്ഷണ വിതരണം, ക്ലാസ് ഷെഡ്യൂൾ, ശുചിമുറികൾ ഉപയോഗിക്കുന്ന രീതി, ഒരേസമയം എത്ര കുട്ടികൾ വരെയാകാം, കുട്ടികളുടെ കുടുംബാംഗങ്ങളുടെയും അദ്ധ്യാപകരുടെയും വാക്‌സിനേഷൻ തുടങ്ങി വളരെ സൂക്ഷ്മമായ കാര്യങ്ങളടക്കം ഇന്ന് നടന്ന യോഗത്തിൽ ചർച്ച ചെയ്തു. എത്രയും പെട്ടെന്ന് മാർഗനിർദ്ദേശം തയ്യാറാക്കാനാണ് ആരോഗ്യ മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സ്‌കൂളുകൾ തുറക്കുന്നതിൽ കൃത്യമായ മുന്നൊരുക്കങ്ങൾ വേണമെന്നാണ് ഐഎംഎ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം.

സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിർബന്ധമായും കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും വിദ്യാർത്ഥികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും വാക്‌സീൻ എടുത്തവരാണെന്ന് ഉറപ്പിക്കണമെന്നും ഐഎംഎ നിർദ്ദേശിച്ചു.

ക്ലാസുകൾക്ക് ഇടയിലെ ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്‌കൂളുകളിൽ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. ക്ലാസുകൾ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രം സാമൂഹ്യ അകലം പാലിച്ച് ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ഐഎംഎ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാൻ അനുവാദം ലഭിക്കുമ്പോൾ വാക്‌സിനേഷൻ ക്യാമ്പുകൾ പഠന കേന്ദ്രങ്ങളിൽ തന്നെ സജ്ജമാക്കുന്നതിന് സന്നദ്ധരാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനെ അറിയിച്ചു.

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമല്ല. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരീക്ഷ നടത്താനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാ ഹാൾ, ഫർണിച്ചർ, സ്‌കൂൾ പരിസരം തുടങ്ങിയവ ശുചിയാക്കാനും 22 ന് മുമ്പ് അണുവിമുക്തമാക്കാനുള്ള നടപടിയെടുക്കാനും തീരുമാനമായി. ഇതിനായി ആരോഗ്യവകുപ്പ്,പിടിഎ, സന്നദ്ധസംഘടനകൾ, ഫയർഫോഴ്‌സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹായം പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

വിദ്യാർത്ഥികൾക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസർ നൽകാനും തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. അനധ്യാപക ജീവനക്കാർ, പിടിഎ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എസ്എസ്‌കെ ജീവനക്കാർ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. പരീക്ഷാ ദിവസങ്ങളിൽ സ്‌കൂൾ കോമ്പൗണ്ടിൽ കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. കുട്ടികൾക്ക് പരസഹായം കൂടാതെ പരീക്ഷാഹാളിൽ എത്തിച്ചേരാനായി പ്രവേശന കവാടത്തിൽ തന്നെ എക്‌സാം ഹാൾ ലേ ഔട്ട് പ്രദർശിപ്പിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാർഥികൾ കൂട്ടം കൂടില്ലെന്നു ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കിൽ വിവരം മുൻകൂട്ടി ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വിദ്യാർത്ഥികൾക്കും ബന്ധപ്പെട്ട ഇൻവിജിലേറ്റർമാർക്കും പി പി ഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാർ സ്വീകരിക്കണം. ഈ കുട്ടികൾ പ്രത്യേക ക്ലാസ് മുറിയിൽ ആയിരിക്കും പരീക്ഷ എഴുതേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു.

ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർഥികളും ക്വാറന്റൈനിൽ ഉള്ള വിദ്യാർഥികളും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളിൽ പരീക്ഷ എഴുതണം. ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കുന്നതല്ല. പരീക്ഷാ കേന്ദ്രത്തിന് അകത്തും പുറത്തും വിദ്യാർത്ഥികൾ അനുവർത്തിക്കേണ്ടതും ചെയ്യാൻ പാടില്ലാത്തതും ആയ കാര്യങ്ങൾ ഉൾപ്പെടുന്ന നോട്ടീസ് പ്രവേശനകവാടത്തിൽ പ്രദർശിപ്പിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലേക്കായി എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കേണ്ടതാണ്. ശീതീകരിച്ച ക്ലാസ് മുറികൾ പരീക്ഷയ്ക്ക് ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉള്ളതും വെളിച്ചം ഉള്ളതുമായ ക്ലാസ് മുറികളാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നു. നവംബർ ഒന്നിനാണ് സ്‌കൂളുകൾ തുറക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്‌കൂളുകൾ ഏകദേശം ഒന്നര വർഷത്തിനു ശേഷമാണ് തുറക്കാനൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളെ കുറിച്ചും പിന്നീട് തീരുമാനിക്കും. സ്‌കൂളുകൾ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ വിദഗ്ധർ ഉൾപ്പെടെയുള്ളവരുമായി സർക്കാർ ചർച്ച നടത്തുകയും ചെയ്തിരുന്നു.

സ്‌കൂളുകൾ തുറന്നാലും പ്രൈമറിതലത്തിൽ ക്ലാസുകൾ ആരംഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഒൻപതു മുതലുള്ള ക്ലാസുകളിൽ അധ്യയനം ആരംഭിക്കുന്നതിനെ കുറിച്ചാണ് സർക്കാർ പരിഗണിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോളേജുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്ടോബർ നാലു മുതൽ നിബന്ധനകൾക്ക് വിധേയമായി കോളേജുകൾ തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും അടുത്തമാസം നാല് മുതൽ പ്രവർത്തിക്കാം. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ അമ്പത് ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്നാണ് നിർദ്ദേശം.

ക്ലാസ്സുകളുടെ സമയം കോളേജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ക്ലാസുകൾ നടത്തേണ്ടത്. നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നോക്ക വിഭാഗം (ഒ ബി സി ) വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി അപേക്ഷ നൽകാം. സംസ്ഥാന സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. നിശ്ചിത ഫോമിലുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകൾ സഹിതം സ്‌കൂൾ പ്രധാന അദ്ധ്യാപകനെ ഏൽപ്പിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള നിബന്ധനകൾ

  • ന്യൂനപക്ഷ – ഒഇസി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാനാകില്ല.
  • കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
  • ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
  • ഇ ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
  • സ്‌കൂൾ പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും പിന്നീട് മതപരിവർത്തനം നടത്തിയവരും ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സെപ്റ്റംബർ 30 നു മുമ്പ് സ്‌കോളർഷിപ്പിനുള്ള അപേക്ഷ പഠിക്കുന്ന വിദ്യാലയത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് www.bcddkerala.gov.in, ഫോൺ :0471- 2727379.

മുന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും പത്താം ക്ലാസ് കഴിഞ്ഞുള്ള പഠന സഹായത്തിന് സ്‌കോളർഷിപ്പ് ലഭിക്കും. സർക്കാർ സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകളിൽ പഠിക്കുന്നതിന് 2021-22 വർഷത്തെ അംബേദ്കർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം.

പോസ്റ്റ് മെട്രിക് കോഴ്‌സുകൾ (11,12 ക്ലാസുകൾ )ഐ ടി ഐ, പോളിടെക്‌നിക് ഡിപ്ലോമ, ബി.എ, ബിഎസ് സി, ബി കോം തുടങ്ങിയ ഡിഗ്രി കോഴ്‌സുകൾ,പി.ജി, എൽ.എൽ.ബി ഫാർമസി, നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾ, മെഡിസിൻ, എൻജിനീയറിങ്, അഗ്രിക്കൾച്ചറൽ ബിരുദ കോഴ്‌സുകൾ തുടങ്ങിയവയിലെ പഠനത്തിനാണ് സ്‌കോളർഷിപ് നൽകുന്നത്.

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുതെന്നാണ് നിബന്ധന. മറ്റ് സർക്കാർ സ്‌കോളർഷിപ്പോ സ്‌റ്റൈപൻഡോ ഇതോടൊപ്പം വാങ്ങാനാവില്ല. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്പറേഷൻ വഴിയാണ് സ്‌കോളർഷിപ് വിതരണം. അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 28 ആണ്. വിവരങ്ങൾക്ക് www.kswcfc.org സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾ അറിയാനായി 0471-2311215 എന്ന നമ്പറിൽ ബന്ധപ്പെടാം.

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിൽ നിർണായക നേട്ടം കരസ്ഥമാക്കി കേരളം. നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് ഏർപ്പെടുത്തിയ ‘ഇന്ത്യ റാങ്കിംഗ് 2021’ ൽ നൂറു മികച്ച കോളജുകളിൽ പത്തൊമ്പതെണ്ണവും കേരളത്തിലാണുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് പട്ടിക പുറത്തു വിട്ടത്. സഹമന്ത്രിമാരായ അന്നപൂർണ ദേവി, സുഭാസ് സർക്കാർ, ഡോ. രാജ് കുമാർ രഞ്ജൻ സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഐഐടി മദ്രാസാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് രണ്ടാം സ്ഥാനവും ഐഐടി ബോംബെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐഐടി ഡൽഹി, ഐഐടി കാൺപൂർ, ഐഐടി ഖരഗ്പൂർ, ഐഐടി റൂർക്കി, ഐഐടി ഗുവാഹത്തി, ജെഎൻയു, ബനാറസ് ഹിന്ദു സർവ്വകലാശാല എന്നിവയാണ് പട്ടികയിൽ ആദ്യ പത്തു സ്ഥാനങ്ങൾ നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠം പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്ത് ഇടം നേടി. കേരളാ യൂണിവേഴ്‌സിറ്റി 43 -ാം സ്ഥാനവും എംജി സർവ്വകലാശാല 52 -ാം സ്ഥാനവും കരസ്ഥമാക്കി. കുസാറ്റിന് 65 -ാം സ്ഥാനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്ക് 95 -ാം സ്ഥാനവുമാണ് ലഭിച്ചത്.

മികച്ച സർവ്വകലാശാലകളിൽ ബംഗളൂരു ഐഐഎസ്, ജെഎൻയു, ബനാറസ് ഹിന്ദു സർവ്വകലാശാല, കൽക്കത്ത യൂണിവേഴ്‌സിറ്റി, അമൃത വിശ്വവിദ്യാപീഠം എന്നിവ പട്ടികയിൽ ആദ്യ അഞ്ചു സ്ഥാനങ്ങൾ നേടി.

മികച്ച കോളജുകളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് 25-ാം സ്ഥാനത്താണുള്ളത്. എറണാകുളം രാജഗിരിക്ക് 31-ാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് 44 -ാം സ്ഥാനത്താണ്., എറണാകുളം സെന്റ് തെരേസാസ് 45 സ്ഥാനത്തും തിരുവനന്തപുരം ഗവ. വിമൺ കോളേജ് 46 -ാം സ്ഥാനത്തും എറണാകുളം എസ്.എച്ച് കോളജ് 63 സ്ഥാനത്തുമുണ്ട്. തൃശ്ശൂർ സെന്റ് തോമസ് കോളജ് 64 -ാം സ്ഥാനവും കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജ് 69 -ാം സ്ഥാനവും കോഴിക്കോട് ഫറൂഖ് കോളജ് 73 -ാം സ്ഥാനവും ചങ്ങനാശേരി എസ്.ബി കോളജ് 79 -ാം സ്ഥാനവും തിരുവല്ല മാർത്തോമ കോളജ് 80 -ാം സ്ഥാനവും കാസർകോട് ഗവ. കോളജ് 82 -ാം സ്ഥാനവും കോതമംഗലം മാർ അത്താനാസിയോസ് 86 -ാം സ്ഥാനവും ആലപ്പുഴ ബിഷപ്പ് മൂർ 89 -ാം സ്ഥാനവും കോട്ടയം ബിസിഎം 89 -ാം സ്ഥാനവും കരസ്ഥമാക്കി.

എറണാകുളം മഹാരാജാസ് കോളജ് 92 -ാം സ്ഥാനത്താണുള്ളത്. കോട്ടയം സിഎംഎസ് കോളജ് 93 -ാം സ്ഥാനവും കണ്ണൂർ ഗവ. ബ്രണ്ണൻ കോളജ് 97 -ാം സ്ഥാനവും പാലക്കാട് ഗവ. വിക്ടോറിയ കോളജ് 99 -ാം സ്ഥാനവും നേടി.