തിരുവനന്തപുരം: കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ 1നാണ് കാലവർഷം സാധാരണ ആരംഭിച്ചിരുന്നത്. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ ( 4 ദിവസം മുൻപോ /വൈകിയോ ) എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നത്.
കഴിഞ്ഞ വർഷം 8 ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

