ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 14 പാകിസ്താനികൾ അറസ്റ്റിൽ

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് നിന്നും വൻ ലഹരിവേട്ട. കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളുമായി പാകിസ്താൻ പൗരന്മാരെ പിടിയിലായി. അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച 14 പാകിസ്താനികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

90 കിലോ ലഹരിവസ്തുക്കളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇവ പിടിച്ചെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വിപണിയിൽ 602 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണിവ.

സുരക്ഷാ സേന ഗുജറാത്ത് തീരത്ത് പരിശോധന നടത്തിയത് ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യൻ തീരദേശ സേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. സംഭവത്തിന് പിന്നാലെ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.