പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാം; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോളേജുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്ടോബർ നാലു മുതൽ നിബന്ധനകൾക്ക് വിധേയമായി കോളേജുകൾ തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും അടുത്തമാസം നാല് മുതൽ പ്രവർത്തിക്കാം. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ അമ്പത് ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്നാണ് നിർദ്ദേശം.

ക്ലാസ്സുകളുടെ സമയം കോളേജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ക്ലാസുകൾ നടത്തേണ്ടത്. നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്.