വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ; അറിയാം വിശദ വിവരങ്ങൾ

തിരുവനന്തപുരം: ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നോക്ക വിഭാഗം (ഒ ബി സി ) വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി അപേക്ഷ നൽകാം. സംസ്ഥാന സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. നിശ്ചിത ഫോമിലുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകൾ സഹിതം സ്‌കൂൾ പ്രധാന അദ്ധ്യാപകനെ ഏൽപ്പിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള നിബന്ധനകൾ

  • ന്യൂനപക്ഷ – ഒഇസി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാനാകില്ല.
  • കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
  • ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
  • ഇ ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
  • സ്‌കൂൾ പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും പിന്നീട് മതപരിവർത്തനം നടത്തിയവരും ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സെപ്റ്റംബർ 30 നു മുമ്പ് സ്‌കോളർഷിപ്പിനുള്ള അപേക്ഷ പഠിക്കുന്ന വിദ്യാലയത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് www.bcddkerala.gov.in, ഫോൺ :0471- 2727379.

മുന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും പത്താം ക്ലാസ് കഴിഞ്ഞുള്ള പഠന സഹായത്തിന് സ്‌കോളർഷിപ്പ് ലഭിക്കും. സർക്കാർ സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകളിൽ പഠിക്കുന്നതിന് 2021-22 വർഷത്തെ അംബേദ്കർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം.

പോസ്റ്റ് മെട്രിക് കോഴ്‌സുകൾ (11,12 ക്ലാസുകൾ )ഐ ടി ഐ, പോളിടെക്‌നിക് ഡിപ്ലോമ, ബി.എ, ബിഎസ് സി, ബി കോം തുടങ്ങിയ ഡിഗ്രി കോഴ്‌സുകൾ,പി.ജി, എൽ.എൽ.ബി ഫാർമസി, നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾ, മെഡിസിൻ, എൻജിനീയറിങ്, അഗ്രിക്കൾച്ചറൽ ബിരുദ കോഴ്‌സുകൾ തുടങ്ങിയവയിലെ പഠനത്തിനാണ് സ്‌കോളർഷിപ് നൽകുന്നത്.

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുതെന്നാണ് നിബന്ധന. മറ്റ് സർക്കാർ സ്‌കോളർഷിപ്പോ സ്‌റ്റൈപൻഡോ ഇതോടൊപ്പം വാങ്ങാനാവില്ല. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്പറേഷൻ വഴിയാണ് സ്‌കോളർഷിപ് വിതരണം. അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 28 ആണ്. വിവരങ്ങൾക്ക് www.kswcfc.org സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾ അറിയാനായി 0471-2311215 എന്ന നമ്പറിൽ ബന്ധപ്പെടാം.