സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നു; തീരുമാനം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നു. നവംബർ ഒന്നിനാണ് സ്‌കൂളുകൾ തുറക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്‌കൂളുകൾ ഏകദേശം ഒന്നര വർഷത്തിനു ശേഷമാണ് തുറക്കാനൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളെ കുറിച്ചും പിന്നീട് തീരുമാനിക്കും. സ്‌കൂളുകൾ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ വിദഗ്ധർ ഉൾപ്പെടെയുള്ളവരുമായി സർക്കാർ ചർച്ച നടത്തുകയും ചെയ്തിരുന്നു.

സ്‌കൂളുകൾ തുറന്നാലും പ്രൈമറിതലത്തിൽ ക്ലാസുകൾ ആരംഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഒൻപതു മുതലുള്ള ക്ലാസുകളിൽ അധ്യയനം ആരംഭിക്കുന്നതിനെ കുറിച്ചാണ് സർക്കാർ പരിഗണിക്കുന്നത്.