സ്‌കൂളുകൾ തുറക്കുന്നതിൽ കൃത്യമായ മുന്നൊരുക്കങ്ങൾ വേണം; ഭക്ഷണം കഴിക്കുന്ന ഇടവേളകൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലതെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സ്‌കൂളുകൾ തുറക്കുന്നതിൽ കൃത്യമായ മുന്നൊരുക്കങ്ങൾ വേണമെന്നാണ് ഐഎംഎ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം.

സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിർബന്ധമായും കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും വിദ്യാർത്ഥികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും വാക്‌സീൻ എടുത്തവരാണെന്ന് ഉറപ്പിക്കണമെന്നും ഐഎംഎ നിർദ്ദേശിച്ചു.

ക്ലാസുകൾക്ക് ഇടയിലെ ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്‌കൂളുകളിൽ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. ക്ലാസുകൾ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രം സാമൂഹ്യ അകലം പാലിച്ച് ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ഐഎംഎ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാൻ അനുവാദം ലഭിക്കുമ്പോൾ വാക്‌സിനേഷൻ ക്യാമ്പുകൾ പഠന കേന്ദ്രങ്ങളിൽ തന്നെ സജ്ജമാക്കുന്നതിന് സന്നദ്ധരാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനെ അറിയിച്ചു.