വിദ്യാഭ്യാസ മേഖലയിൽ നിർണായക നേട്ടം കരസ്ഥമാക്കി കേരളം; ഇന്ത്യ റാങ്കിംഗ് പട്ടികയിലെ മികച്ച കോളേജുകളിൽ 19 എണ്ണവും കേരളത്തിൽ

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിൽ നിർണായക നേട്ടം കരസ്ഥമാക്കി കേരളം. നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് ഏർപ്പെടുത്തിയ ‘ഇന്ത്യ റാങ്കിംഗ് 2021’ ൽ നൂറു മികച്ച കോളജുകളിൽ പത്തൊമ്പതെണ്ണവും കേരളത്തിലാണുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് പട്ടിക പുറത്തു വിട്ടത്. സഹമന്ത്രിമാരായ അന്നപൂർണ ദേവി, സുഭാസ് സർക്കാർ, ഡോ. രാജ് കുമാർ രഞ്ജൻ സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഐഐടി മദ്രാസാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് രണ്ടാം സ്ഥാനവും ഐഐടി ബോംബെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐഐടി ഡൽഹി, ഐഐടി കാൺപൂർ, ഐഐടി ഖരഗ്പൂർ, ഐഐടി റൂർക്കി, ഐഐടി ഗുവാഹത്തി, ജെഎൻയു, ബനാറസ് ഹിന്ദു സർവ്വകലാശാല എന്നിവയാണ് പട്ടികയിൽ ആദ്യ പത്തു സ്ഥാനങ്ങൾ നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠം പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്ത് ഇടം നേടി. കേരളാ യൂണിവേഴ്‌സിറ്റി 43 -ാം സ്ഥാനവും എംജി സർവ്വകലാശാല 52 -ാം സ്ഥാനവും കരസ്ഥമാക്കി. കുസാറ്റിന് 65 -ാം സ്ഥാനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്ക് 95 -ാം സ്ഥാനവുമാണ് ലഭിച്ചത്.

മികച്ച സർവ്വകലാശാലകളിൽ ബംഗളൂരു ഐഐഎസ്, ജെഎൻയു, ബനാറസ് ഹിന്ദു സർവ്വകലാശാല, കൽക്കത്ത യൂണിവേഴ്‌സിറ്റി, അമൃത വിശ്വവിദ്യാപീഠം എന്നിവ പട്ടികയിൽ ആദ്യ അഞ്ചു സ്ഥാനങ്ങൾ നേടി.

മികച്ച കോളജുകളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് 25-ാം സ്ഥാനത്താണുള്ളത്. എറണാകുളം രാജഗിരിക്ക് 31-ാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് 44 -ാം സ്ഥാനത്താണ്., എറണാകുളം സെന്റ് തെരേസാസ് 45 സ്ഥാനത്തും തിരുവനന്തപുരം ഗവ. വിമൺ കോളേജ് 46 -ാം സ്ഥാനത്തും എറണാകുളം എസ്.എച്ച് കോളജ് 63 സ്ഥാനത്തുമുണ്ട്. തൃശ്ശൂർ സെന്റ് തോമസ് കോളജ് 64 -ാം സ്ഥാനവും കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജ് 69 -ാം സ്ഥാനവും കോഴിക്കോട് ഫറൂഖ് കോളജ് 73 -ാം സ്ഥാനവും ചങ്ങനാശേരി എസ്.ബി കോളജ് 79 -ാം സ്ഥാനവും തിരുവല്ല മാർത്തോമ കോളജ് 80 -ാം സ്ഥാനവും കാസർകോട് ഗവ. കോളജ് 82 -ാം സ്ഥാനവും കോതമംഗലം മാർ അത്താനാസിയോസ് 86 -ാം സ്ഥാനവും ആലപ്പുഴ ബിഷപ്പ് മൂർ 89 -ാം സ്ഥാനവും കോട്ടയം ബിസിഎം 89 -ാം സ്ഥാനവും കരസ്ഥമാക്കി.

എറണാകുളം മഹാരാജാസ് കോളജ് 92 -ാം സ്ഥാനത്താണുള്ളത്. കോട്ടയം സിഎംഎസ് കോളജ് 93 -ാം സ്ഥാനവും കണ്ണൂർ ഗവ. ബ്രണ്ണൻ കോളജ് 97 -ാം സ്ഥാനവും പാലക്കാട് ഗവ. വിക്ടോറിയ കോളജ് 99 -ാം സ്ഥാനവും നേടി.