സ്‌കൂൾ തുറക്കൽ; വിശദമായ മാർഗരേഖ തയ്യാറാക്കും, ക്ലാസുകൾ ഒരുക്കുക ബയോബബിൾ മാതൃകയിൽ

veena

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. ഉന്നതതല യോഗത്തിനു ശേഷമാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. മാർഗരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

സ്‌കൂളുകൾ ഉച്ചവരെ മാത്രം മതിയെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ഉച്ചയ്ക്ക് ശേഷം പതിവ് പോലെ ഓൺലൈൻ ക്ലാസും തുടരുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഉച്ചയ്ക്ക് സ്‌കൂൾ വിട്ടാൽ കുട്ടികൾ എങ്ങനെ ഉടൻ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടിലെത്തുമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മൂന്ന് ദിവസം ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് ക്ലാസും അടുത്ത ദിവസങ്ങളിൽ മറ്റ് കുട്ടികൾക്ക് എത്താമെന്നും ചർച്ച ചെയ്യുന്നുണ്ട്. ഷിഫ്റ്റ് സംവിധാനവും പരിഗണനയിലുണ്ട്. എല്ലാ സാധ്യതയും പരിശോധിച്ച ശേഷമായിരിക്കും സമഗ്ര റിപ്പോർട്ട് തയ്യാറാക്കുക.

ബയോബബിൾ മാതൃകയിലാവും ക്ലാസുകൾ ഒരുക്കുകയെന്നും മറ്റു വകുപ്പുകളുമായും വിവിധ അധ്യാപക, രാഷ്ട്രീയ, യുവജന സംഘടനകളുമായും കൂടിയാലോചന നടത്തുമെന്നും മന്ത്രിമാർ അറിയിച്ചിട്ടുണ്ട്. ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകൾ നടത്തും. ഫീൽഡ് തലത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി ശേഖരിച്ചാവും മാർഗരേഖ തയ്യാറാക്കുക. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ആശങ്കകൾക്ക് ഇടനൽകാതെ പഴുതുകൾ അടച്ചുള്ള മാർഗരേഖയാവും തയ്യാറാക്കുക. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വശങ്ങൾ വിശദമായി യോഗത്തിൽ ചർച്ച ചെയ്തതായും മന്ത്രിമാർ വ്യക്തമാക്കി.

കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടില്ലാതെ സുരക്ഷ ഒരുക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. കുട്ടികളുടെ യാത്രാസൗകര്യം, ക്ലാസ് മുറികളിലെ സുരക്ഷ, ഉച്ചഭക്ഷണ വിതരണം, ക്ലാസ് ഷെഡ്യൂൾ, ശുചിമുറികൾ ഉപയോഗിക്കുന്ന രീതി, ഒരേസമയം എത്ര കുട്ടികൾ വരെയാകാം, കുട്ടികളുടെ കുടുംബാംഗങ്ങളുടെയും അദ്ധ്യാപകരുടെയും വാക്‌സിനേഷൻ തുടങ്ങി വളരെ സൂക്ഷ്മമായ കാര്യങ്ങളടക്കം ഇന്ന് നടന്ന യോഗത്തിൽ ചർച്ച ചെയ്തു. എത്രയും പെട്ടെന്ന് മാർഗനിർദ്ദേശം തയ്യാറാക്കാനാണ് ആരോഗ്യ മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.