Business (Page 3)

കൊച്ചി: പരിശോധനയ്ക്കായി വീണ്ടും ഉദ്യോഗസ്ഥര്‍ എത്തിയെന്ന് കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം. ജേക്കബ്. കൃഷി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തിയത്.

ഇതു പതിമൂന്നാം തവണയാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും, കമ്പനി പൂട്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ചിലരുടെ നീക്കങ്ങളെന്നും സംഭവത്തില്‍ സാബു എം. ജേക്കബ് കുറ്റപ്പെടുത്തി.

വ്യവസായശാലകളില്‍ തുടര്‍ച്ചയായി മിന്നല്‍ പരിശോധനകളുണ്ടാവില്ലെന്നും കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിരുന്നുവെന്നും, ഇത് അവഗണിച്ച് ആവര്‍ത്തിക്കുന്ന ഈ പരിശോധനകള്‍ ഉദ്യോഗസ്ഥരാജാണ് ഇവിടെ നടക്കുന്നത് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിറ്റെക്‌സിലെ പരിശോധനകള്‍ വിവാദമായതിനു പിന്നാലെയായിരുന്നു മന്ത്രി പി. രാജീവ് വ്യവസായശാലകളില്‍ തുടര്‍ച്ചയായി മിന്നല്‍ പരിശോധനകളുണ്ടാവില്ലെന്ന പ്രഖ്യാപനം നടത്തിയത്.

അതേസമയം, കിറ്റെക്‌സില്‍ നിന്നുള്ള മാലിന്യങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.

കോഴിക്കോട്: ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ‘വി ഭവന്‍’ എന്ന പേരില്‍ ഇ-കൊമേഴ്സ് ആപ്പ് വ്യാപാരി വ്യവസായി സമിതി പുറത്തിറക്കി.

വന്‍കിട കമ്പനികളുടെ ഓണ്‍ലൈന്‍ വ്യാപാരം കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികമുള്ള വ്യാപാരികള്‍ക്ക് വേണ്ടിയാണ് ‘വി ഭവന്‍’ ആപ്പ് അവതരിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.

‘വി ഭവന്‍’ലോഗ് ചെയ്യുന്ന ഉപഭോക്താവിന് ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും ഡെലിവറി സംവിധാനത്തിലൂടെ സാധനങ്ങള്‍ വീട്ടിലെത്തിക്കാനും കഴിയുമെന്ന് നസിറുദ്ദീന്‍ ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക്സ്, സ്റ്റേഷനറി, ടെക്സ്റ്റൈല്‍ എന്നിവയെല്ലാം വ്യാപാരികള്‍ക്ക് ഈ ആപ്പ് വഴി വില്‍പ്പന ചെയ്യാന്‍ സാധിക്കും. ഒരു പ്രദേശത്തുള്ള വ്യാപാരികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഹൈപ്പര്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഡെലിവറി സിസ്റ്റമാണ് ആപ്പിന്റെ സവിശേഷത. ഇതുവഴി ഉപഭോക്താവിന് അടുത്തുള്ള കടകളില്‍ ഓര്‍ഡര്‍ നല്‍കി അപ്പോള്‍ത്തന്നെ സാധനങ്ങള്‍ വീട്ടിലെത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, മറ്റു ജില്ലകളില്‍ നിന്നുള്ള സാധനങ്ങള്‍ കൊറിയര്‍ സര്‍വീസുകളുടെ സഹായത്തോടെ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചുനല്‍കാനും സംവിധാനമുണ്ട്. എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന ആയിരത്തിയൊന്ന് കച്ചവടക്കാര്‍ക്ക് ആദ്യമാസം സൗജന്യവും തുടര്‍ന്നുള്ള മാസങ്ങളില്‍ 125 രൂപയുമാണ് റജിസ്‌ട്രേഷന്‍ ഫീസ്. സെപ്തംബര്‍ 15-മുതല്‍ ആപ്പ് സേവനം ലഭ്യമാകും. ആപ്പിന്റെ ലോഗോയും ഔദ്യോഗികമായി പുറത്തിറക്കി.

ന്യൂയോർക്ക്: ലോക ധനിക പട്ടികയിൽ ഒന്നാം സ്ഥാനം നേടി ബർണാഡ് അർണോൾട്ട്. ജെഫ് ബെസോസിനെ പിന്തള്ളിയാണ് 72 കാരനായ ബർണാഡ് അർണോൾട്ട് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഫ്രാൻസിലെ ബിസിനസുകാരനാണ് ബർണാഡ്. ഫോർബ്സിന്റെ റിയൽ ടൈം പട്ടികയിലാണ് എൽ വി എം എച്ച് മൊയറ്റ് ഹെന്നസി ലൂയിസ് വിറ്റ്‌സൺ കമ്പനിയുടെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബർണാഡ് അർണോൾട്ട് ഒന്നാമതെത്തിയത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 198.2 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ലൂയിസ് വിറ്റനും സെഫോറയുമടക്കം 70 ബ്രാൻഡുകളുടെ ഒരു ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹം കെട്ടിപ്പടുത്തത്.

പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ജെഫ് ബെസോസാണ്. 194.9 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. ടെസ്ലയുടെ ഇലോൺ മസ്‌കാണ് മൂന്നാം സ്ഥാനത്തുള്ളത്. 185.5 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. നേരത്തെ ഇലോൺ മസ്‌ക് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും പിന്നീട് ജെഫ് ബെസോസ് സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു.

മുംബൈ: ബിസിനസ് രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി മൈക്രോസോഫ്റ്റ്. ഇന്ത്യൻ ബജറ്റ് ഹോട്ടൽ ശൃംഖലയായ ഒയോയിൽ നിക്ഷേപം നടത്താനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗിക്കുകയാണെന്നാണ് വിവരം. ടെക് ക്രഞ്ചാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സർവീസിലേക്ക് ഒയോ മാറുമെന്നും ടെക് ക്രഞ്ച് വ്യക്തമാക്കിയിരുന്നു.

ഒയോയിൽ മൈക്രോസോഫ്റ്റ് എത്ര കോടി രൂപയാവും നിക്ഷേപിക്കുകയെന്ന കാര്യം വ്യക്തമല്ല. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഒയോയുടെ ഇപ്പോഴത്തെ മൂല്യം ഒൻപത് ബില്യൺ ഡോളറാണ്. കഴിഞ്ഞ മാസം ഒയോ ആഗോള തലത്തിൽ നിന്ന് 660 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായം തേടിയിരുന്നു. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, യൂറോപ്പ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്ക് ഒയോയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വാക്‌സിനേഷൻ നടപടികൾ എല്ലാ രാജ്യത്തും ശക്തമായി പുരോഗമിക്കുന്നതും യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതും ഒയോയുടെ പ്രതീക്ഷകൾക്ക് കരുത്ത് നൽകുന്നു. സമ്മർ സീസണിലേക്ക് യൂറോപ്പിലേക്കുള്ള പ്രതിദിന ബുക്കിങ് ഇരട്ടിച്ചതായി ഒയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ അറിയിച്ചു.

തിരുവനന്തപുരം: അനന്തപുരിയുടെ മുഖം മാറ്റാന്‍ നൂതന പദ്ധതികളുമായി വ്യവസായി പ്രമുഖന്‍ അദാനി. തിരുവനന്തപുരം വിമാനത്താവളത്തെ ലോകോത്തരമാക്കി മാറ്റുമെന്ന വാഗ്ദാനവുമായി 50 വര്‍ഷത്തെ നടത്തിപ്പ് ഏറ്റെടുത്തുകൊണ്ടാണ് ഒക്ടോബറില്‍ അദാനിയെത്തുക.

വിഴിഞ്ഞം തുറമുഖത്തോടൊപ്പം വിമാനത്താവളത്തിന്റെ ചുക്കാനും പിടിക്കുന്നതോടെ കപ്പല്‍-വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് അദാനിയുടെ ഉറപ്പ്. മാത്രമല്ല, ചരക്കുനീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനും കൊവിഡ് പ്രതിസന്ധി മാറിയാല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് പ്രഥമ ലക്ഷ്യം. അദാനി ഗ്രൂപ്പിന്റെ 10 വിമാനത്താവളങ്ങള്‍ കൂട്ടിയിണക്കി സര്‍വീസുകളുമുണ്ടാവും.

വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിനായി ഫ്ല്ലമിംഗോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചെറിയ ഡ്യൂട്ടിഫ്രീ ഷോപ്പ് വിപുലീകരിക്കുവാനും പദ്ധതിയുണ്ട്. ഓപ്പറേഷന്‍, മെയിന്റനന്‍സ് എന്നിവയ്ക്കായി ജര്‍മ്മന്‍ കമ്പനിയാണ് പരിഗണനയിലുള്ളത്. ഇത് സാധ്യമായാല്‍ യൂറോപ്പിലേക്ക് ഉള്‍പ്പെടെ സര്‍വീസ് തുടങ്ങാനാവും.

എന്നാല്‍, സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സര്‍ക്കാരിന്റേതാണെന്നും അനുമതിയില്ലാതെ അദാനിക്ക് വികസനം പറ്റില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റ് നല്‍കില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. തുടര്‍നടപടികളില്‍ സഹകരിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് നേരത്തേ അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഇ-റുപ്പി ഓഗസ്റ്റ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷനാണ് ഇ-റുപ്പി വികസിപ്പിച്ചിരിക്കുന്നത്.

ഇ-റുപ്പിയുടെ വരവോടെ കറന്‍സി ഉപയോഗിക്കാതെ ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഉപഭോക്താവിനെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് അല്ലെങ്കില്‍ എസ് എം എസ് അധിഷ്ഠിത ഇ -റുപ്പി ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടത്തുക.

ഈ സംവിധാനം ഉപയോഗിക്കാന്‍ ഡിജിറ്റല്‍ പെയ്മെന്റ് അപ്ലിക്കേഷന്‍, പെയ്മെന്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയുടെ ഒന്നും സഹായം ആവശ്യമില്ല. മുന്‍കൂട്ടി ലഭിച്ച വൗച്ചറുകള്‍ക്ക് സമാന്തരമായാണ് ഇ-റുപ്പി പ്രവര്‍ത്തിക്കുക.

ഇങ്ങനെ കൈമാറ്റം ചെയ്യാവുന്ന പരമാവധി തുക 10,000 രൂപയായിരിക്കും. ഇത് ഒറ്റത്തവണ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. കൈമാറ്റവും സാധ്യവുമല്ല. ഈ വ്യവസ്ഥകള്‍ അംഗീകരിച്ചു ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക് അല്ലെങ്കില്‍ കോര്‍പറേറ്റിന് ഇ-റുപ്പി കൈമാറ്റം ചെയ്യാന്‍ ബാങ്കിനെ സമീപക്കാം. ഇ-റുപ്പി ലഭിക്കുന്ന ആള്‍ക്ക് ഇത് പണമാക്കി മാറ്റുന്ന സമയത്ത് ഒരു ഒടിപി ലഭിക്കും. കൈയ്യില്‍ ലഭിച്ചിരിക്കുന്ന വൗച്ചര്‍ അല്ലെങ്കില്‍ ക്യൂആര്‍ കോഡ് ആയിരിക്കും മറ്റൊരു രേഖ. ഇ-റുപ്പി സ്വീകരിക്കുന്ന ആളുടെ കൈയ്യില്‍ ഒരു ആപ്പ്് ആയിരിക്കും ഉണ്ടായിരിക്കുക. ആപ്പ് വഴി ഇ-വൗച്ചറും ഒടിപിയും സ്‌കാന്‍ ചെയ്യാം.

ഈ സംവിധാനം ഉപയോഗിക്കാന്‍ ഡിജിറ്റല്‍ പെയ്മെന്റ് അപ്ലിക്കേഷന്‍, പെയ്മെന്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയുടെ ഒന്നും സഹായം ആവശ്യമില്ല. മുന്‍കൂട്ടി ലഭിച്ച വൗച്ചറുകള്‍ക്ക് സമാന്തരമായാണ് ഇ-റുപ്പി പ്രവര്‍ത്തിക്കുക.

എച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് , അക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങി പല ബാങ്കുകളും ഇ-റുപ്പിയുമായി സഹകരിക്കും.

ന്യൂഡൽഹി: വ്യോമയാന മേഖലയിൽ പുതിയ ചുവടുവെയ്പ്പുമായി രാകേഷ് ജുൻജുൻവാല. അൾട്രാ ലോ കോസ്റ്റ് എയർലൈൻസ് (വളരെ ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്ന) വിമാനക്കമ്പനി സ്ഥാപിക്കാനാണ് ജുൻജുൻവാല പദ്ധതിയിടുന്നത്. ‘ആകാശ എയർ’ എന്നാണ് ഈ വിമാന കമ്പനിയ്ക്ക് ജുൻജുൻവാല പേര് നൽകിയിരിക്കുന്നത്. ‘ഇന്ത്യയുടെ വാറൻ ബഫെറ്റ്’ എന്നാണ് ജുൻജുൻവാല അറിയപ്പെടുന്നത്.

ഇൻഡിഗോയുടെയും ജെറ്റ് എയർവെയ്സിന്റെയും മുൻ സി.ഇ.ഒമാരുമായി ചേർന്നാണ് ആഭ്യന്തര വിമാനസർവീസ് മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ജുൻജുൻവാല തയ്യാറെടുക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വലിയ പ്രതിസന്ധികൾ നേരിടുന്ന വ്യോമയാന മേഖലയിലേക്കാണ് പ്രതീക്ഷയുടെ ചിറകുകളുമായി ആകാശ എയർ ആരംഭിക്കാനൊരുങ്ങുന്നത്.

ആകാശ എയറിൽ നാൽപ്പതു ശതമാനം ഓഹരിയുടെ ഉടമസ്ഥാവകാശം ജുൻജുൻവാലയ്ക്കായിരിക്കുമെന്നാണ് വിവരം. 180 സീറ്റുകളുള്ള 70 വിമാനങ്ങൾ നാലു വർഷത്തിനുള്ളിൽ റൺവേയിൽ എത്തിക്കാനാണ് ജുൻജുൻവാലയും സംഘവും പദ്ധതിയിടുന്നത്. ആകാശ എയറിൽ 35 ദശലക്ഷം ഡോളർ ജുൻജുൻവാല നിക്ഷേപിക്കുമെന്നാണ് വിവരം. ഫോബ്സിന്റെ കണക്കു പ്രകാരം 4.6 ബില്യൻ ഡോളറാണ് ജുൻജുൻവാലയുടെ സമ്പാദ്യം. വ്യോമയാന മന്ത്രാലയത്തിൽ നിന്ന് അടുത്ത പതിനഞ്ചു ദിവസത്തിനുള്ളിൽ ആകാശ എയറിന് എൻ.ഒ.സി ലഭിക്കുമെന്നാണ് വിവരം.

വിദേശ രാജ്യങ്ങളില്‍ അപകടകരമെന്ന് കണ്ട് നിരോധിച്ച നിരവധി ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ സുലഭമാണ്. ആരോഗ്യത്തിനെ വളരെയധികം ദോഷകരമായി ബാധിക്കുന്നു എന്നുകണ്ട് വിദേശരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകളും മിഠായികളുമടക്കമാണ് ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിരോധിച്ചതും ഇന്ത്യയില്‍ വില്‍ക്കുന്നതുമായി ചില ഉത്പന്നങ്ങള്‍ പരിചയപ്പെടാം. ഇവയില്‍ പലതും നമ്മള്‍ ദിവസേന ഉപയോഗിക്കുന്നതാണെന്നതാണ് ശ്രദ്ധേയം.

കിന്‍ഡര്‍ ജോയ്

ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട മിഠായികളില്‍ മുന്‍പന്തിയില്‍ തന്നെയാണ് കിന്‍ഡര്‍ ജോയിയുടെ സ്ഥാനം. എന്നാല്‍, യുഎസില്‍ ഇത് കുട്ടികളുടെ ആരോഗ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കി വില്‍പ്പന നിരോധിച്ചിരിക്കുന്ന ഉത്പന്നമാണ്. യുഎസില്‍ നിങ്ങള്‍ ഇത് വാങ്ങിയാല്‍ നിയമവിരുദ്ധമായ കിന്‍ഡര്‍ എഗ്ഗിന് 2,500 ഡോളര്‍ വരെ പിഴ ഈടാക്കാം. അതേസമയം, ഇന്ത്യയില്‍ ഇതിന്റെ പരസ്യം പോലും പ്രചരിപ്പിക്കുന്നുണ്ട്.

ലൈഫ് ബോയ് സോപ്പ്

കീടാണുക്കള്‍ക്കെതിരെ പൊരുതുന്ന സോപ്പ് എന്ന പര്യായമാണ് ഇന്ത്യയില്‍ ലൈഫ് ബോയിക്കുള്ളത്. എന്നാല്‍, അമേരിക്കയില്‍ ചര്‍മ്മത്തിന് ഹാനികരമായ സോപ്പ് ആയി കണക്കാക്കി ലൈഫ്‌ബോയ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രത്യേക മൃഗങ്ങളെ കുളിപ്പിക്കാന്‍ മാത്രം അവിടെ ഈ സോപ്പ് ഉപയോഗിക്കുന്നവരുണ്ട്.

റെഡ് ബുള്‍

ഫ്രാന്‍സിലും ഡെന്‍മാര്‍ക്കിലും എനര്‍ജി ഡ്രിങ്ക് ആയ റെഡ് ബുള്‍ നിരോധിച്ചിട്ടുണ്ട്. ലിത്വാനിയയില്‍, 18 വയസ്സിന് താഴെയുള്ളവര്‍ക്കും ഈ എനര്‍ജി ഡ്രിങ്കിന്റെ ഉപഭോഗം നിരോധിച്ചിരിക്കുന്നു. ഈ പാനീയം ഹൃദയാഘാതം, നിര്‍ജ്ജലീകരണം, രക്താതിമര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുന്നതായി ഈ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ പാനീയം എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളുടയും റെഫ്രിജറേറ്ററില്‍ സുലഭമാണ്.

ഡിസ്പിരിന്‍ ഗുളിക

തലവേദനയില്‍ നിന്ന് ആശ്വാസം നേടാന്‍ നാം സ്ഥിരം കഴിക്കുന്ന സാധാരണ ഗുളികയാണ് ഡിസ്പിരിന്‍. എന്നാല്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിന് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് നിരോധിച്ചിട്ടുണ്ട്.

ജെല്ലി മിായി

അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ജെല്ലി മിഠായിയുടെ വില്‍പ്പന പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കുട്ടികളില്‍ ശ്വാസതടസ്സം ഉണ്ടാക്കുന്നു എന്ന പേരില്‍ കേസുകള്‍ ഉള്ളതിനാല്‍ അവ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണക്കാക്കിയാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇവ സുലഭമാണ്.

എന്‍ഡോസള്‍ഫാന്‍, ഡിഡിടി

ഹാനികരമായ ഡിഡിടി, എന്‍ഡോസള്‍ഫാന്‍ എന്നിങ്ങനെ അറുപതിലധികം കീടനാശിനികള്‍ വിദേശത്ത് നിരോധിച്ചിട്ടുണ്ട്. ഈ കീടനാശിനികള്‍ സസ്യങ്ങളിലൂടെ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയും മാരകമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന കാരണത്താലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

പാസ്ചറൈസ് ചെയ്യാത്ത പാല്‍

ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്ന അപകടകരമായ സൂക്ഷ്മാണുക്കളും അണുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ യുഎസ്എയിലും കാനഡയിലും പാസ്ചറൈസ് ചെയ്യാത്ത പാല്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ലഭ്യം.

നിമുലിഡ്

അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നിവയ്ക്ക് പുറമേ ഈ വേദനസംഹാരിയെ മറ്റ് പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു, കാരണം ഇത് കരളിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ വില്‍പ്പനയുണ്ട്.

ഡി-കോള്‍ഡ് ടോട്ടല്‍

വൃക്കയ്ക്ക് ഹാനികരമാണെന്ന് വ്യക്തമായ ശേഷം ജലദോഷത്തിനുള്ള മരുന്നായ ഡി-കോള്‍ഡ് ടോട്ടല്‍ പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ മരുന്നിന്റെ പരസ്യം സ്ഥിരമായി കാണാം..

ആള്‍ട്ടോ 800

ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ പല രാജ്യങ്ങളിലും നാനോയെപ്പോലെ ആള്‍ട്ടോയും നിരോധിതമാണ്. എന്നാല്‍ ഇന്ത്യന്‍ മിഡില്‍ ക്ലാസ് ഫാമിലിക്കിടയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്.

മുംബൈ: മുംബൈ വിമാനത്താവളത്തിന്റെ നിയന്ത്രണാധികാരം ഇനി അദാനി ഗ്രൂപ്പിന്. അദാനി എയർപോർട്ട് ഹോൾഡിങ്‌സ് ലിമിറ്റഡ് മുംബൈ വിമാനത്താവളം ഏറ്റെടുത്തു. ജി വി കെ ഗ്രൂപ്പിൽ നിന്നാണ് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.

മുംബൈ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന് സ്വന്തമായതായാണ് റിപ്പോർട്ടുകൾ. ജി വി കെ ഗ്രൂപ്പിന് കൈവശമുണ്ടായിരുന്ന 50.5 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. മറ്റ് കമ്പനികളുടെ പക്കലുണ്ടായിരുന്ന ഓഹരികളും അദാനി ഗ്രൂപ്പ് നേടിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ 26 ശതമാനം ഓഹരികൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമാണ്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് മുംബൈ വിമാനത്താവളം. എയർപോർട്ട് നവീകരണം നടത്തിപ്പ് തുടങ്ങിയവ ലക്ഷ്യമിട്ടാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത്. അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം വിമാനത്തവളങ്ങളുടെയും നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിനാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്ററാണ് അദാനി ഹോൾഡിങ്‌സ്.

ഹൈദരാബാദ്: കിറ്റെക്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബുമായി നടത്തിയ ചർച്ച വിജയകരമെന്ന് തെലങ്കാന. വ്യവസായ മന്ത്രി കെ. ടി. രാമ റാവുവാണ് ഇക്കാര്യം അറിയിച്ചത്. ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്സ് തെലങ്കാനയിൽ രംഗപ്രവേശനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രവേശനത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കിറ്റെക്‌സ് എംഡി സാബു ജേക്കബിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. വാറങ്കലിലുള്ള കകതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിലായിരിക്കും കിറ്റെക്സിന്റെ ഫാക്ടറികൾ സ്ഥാപിക്കുന്നത്. കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് കിറ്റെക്‌സ് ഗ്രൂപ്പിന് തെലങ്കാനയിലേക്ക് ക്ഷണം ലഭിച്ചത്. ഈ ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബ് തെലങ്കാനയിലെത്തി സർക്കാരുമായി ചർച്ച നടത്തിയത്. കിറ്റെക്സ് സംഘത്തിനായി തെലങ്കാന സർക്കാർ പ്രത്യേക വിമാനമയച്ചിരുന്നു. ഈ വിമാനത്തിലാണ് സാബു ജേക്കബ് ഹൈദരാബാദിലെത്തിയത്.

ടെക്സ്റ്റൈൽ പ്രോജക്ടിനായി വാറങ്കലിൽ 1,000 കോടി രൂപ നിക്ഷേപിക്കാനുള്ള കരാർ സ്ഥിരീകരിക്കുന്നതായി സാബു ജേക്കബ് അറിയിച്ചു. പുതിയ നിക്ഷേപം തെലങ്കാനയിൽ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വിശദമാക്കി.