Business (Page 4)

കൊച്ചി: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ ചര്‍ച്ചകള്‍ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. നാളെ ഉച്ചയ്ക്ക് ഹൈദരാബാദിലാണ് ഉന്നതതല ചര്‍ച്ച. തെലങ്കാന വ്യവസായ മന്ത്രിയുടെ ക്ഷണം അനുസരിച്ച് തെലങ്കാന സര്‍ക്കാര്‍ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു ജേക്കബ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടിക്കാഴ്ചയ്ക്കായി സ്വകാര്യ ജെറ്റ് വിമാനം അയച്ച് കിറ്റെക്‌സിനെ തെലങ്കാന ക്ഷണിച്ചിരിക്കുന്നത്.

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആമസോണിന്റെ മേധാവി പദവിയിൽ നിന്ന് കമ്പനിയുടെ സ്ഥാപകനായ ജെഫ് ബെസോസ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതിയ മേധാവിയായി സ്ഥാനമേറ്റ് ആൻഡി ജാസി. നേരത്തെ ആമസോൺ വെബ് സർവീസസിന്റെ (എഡബ്ല്യൂഎസ്) മേധാവിയായി പ്രവർത്തിച്ചയാളാണ് ആൻഡി ജാസി. ജൂലൈ 5 നാണ് ജാസി ആമസോൺ സിഇഒ ആയി സ്ഥാനമേറ്റത്.

ഏകദേശം 30 വർഷത്തോളം കമ്പനിയെ നയിച്ച ശേഷമാണ് ജെഫ് ബെസോസ് സ്ഥാനമൊഴിഞ്ഞത്. താൻ ആമസോണിൽ ഉണ്ടായിരുന്നിടത്തോളം കാലം കൂടെയുണ്ടായിരുന്ന ആൻഡി കമ്പനിക്കുള്ളിൽ സുപരിചിതനാണെന്നും, അദ്ദേഹത്തെ ബിസിനസ് ഏൽപ്പിക്കുന്നതിൽ തനിക്ക് സമ്പൂർണ വിശ്വാസമാണെന്നുമായിരുന്നു ബെസോസിന്റെ പ്രതികരണം.1968 ൽ ന്യൂയോർക്ക് സ്റ്റേറ്റിലെ സ്‌കാർസ്ഡെയിലിലാണ് ആൻഡിയുടെ ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആൻഡി ഹാർവർഡിൽ നിന്ന് ഗ്രാജുവേഷനും പൂർത്തിയാക്കി. തുടർന്ന് ഹാർവർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎ നേടി. 1997 ലാണ് ആൻഡി ആമസോണിൽ ചേരുന്നത്.

ആമസോണിൽ ഐടി മേഖലയെ ലക്ഷ്യമിട്ട് ആമസോൺ വെബ് സർവീസസ് തുടങ്ങിയത് ആൻഡിയാണ്. 2003 ൽ ചെറിയൊരു ടീമുമായി തുടങ്ങിയ എഡബ്ല്യൂഎസ് ഇന്ന് ലോകത്തെ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണ്. എഡബ്ല്യൂഎസ് 2006 ൽ വീണ്ടും ലോഞ്ച് ചെയ്യുകയും, ആൻഡി അതിന്റെ സീനിയർ വൈസ് പ്രസിഡന്റായി നിയമിതനാകുകയുമായിരുന്നു. തുടർന്ന് പത്തു വർഷത്തിനു ശേഷം എഡബ്ല്യൂഎസിന്റെ സിഇഒ ആയി അദ്ദേഹം നിയമിതനായി. എഡബ്ല്യൂഎസ് പ്രതിവർഷം 4000 കോടി ഡോളറാണ് വരുമാനം നേടുന്നത്.

377 ദശലക്ഷം ഡോളറാണ് 2020 നവംബറിൽ പുറത്തുവന്ന കണക്കു പ്രകാരം ആൻഡിയുടെ ആസ്തി. കായിക, സിനിമാ, സംഗീത പ്രേമിയായ ആൻഡി സിയാറ്റിൽ ക്രാക്കൻ ഹോക്കി ടീമിൽ ചെറിയ നിക്ഷേപവും നടത്തിയിട്ടുണ്ട്. ജോലിക്കാര്യത്തിൽ ആൻഡി വിട്ടുവീഴ്ച്ചയില്ലാത്തയാളും കർശക്കാരനുമാണെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി അവസാനിക്കുന്നതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് മികച്ച കാലമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 73-ാമത് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് വാർഷിക ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖയുടെ ആഘോഷ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കേരളവും ഇന്ത്യയും ഉൾപ്പെടെ ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലായി. എല്ലാവരും ചേർന്ന് പരിശ്രമിച്ച് ഈ പ്രതിസന്ധി മറികടക്കും. പ്രതിസന്ധികൾ നമ്മെ കൂടുതൽ ശക്തരാക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും സാമ്പത്തിക സ്ഥാപനങ്ങളെയും ബിസിനസുകളെയും ബന്ധിപ്പിക്കുന്ന കണ്ണികളാണ് അവരെന്നും യൂസഫലി വ്യക്തമാക്കി. സ്ഥാപനങ്ങൾക്ക് മികച്ച ഉപദേശങ്ങൾ നൽകേണ്ട ചുമതല ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്കാണെന്നും അദ്ദേഹം വിശദമാക്കി.

അറിവുള്ളവരിൽ നിന്ന് പഠിക്കാൻ എല്ലാവരും തയ്യാറാകണം. 1973 ൽ ഒരു സൂപ്പർമാർക്കറ്റുമായി താൻ തുടക്കം കുറിച്ചത്. ഇന്ന് തനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുകളുണ്ട്. 57,000 പേർക്ക് ജോലി നൽകാനും 800 കോടി ഡോളർ ക്രയവിക്രയം നടത്താനും തനിക്ക് കഴിഞ്ഞു. ഈ നേട്ടങ്ങൾക്കുള്ള കാരണങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഗുണനിലവാരം, താങ്ങാവുന്ന വില, മികച്ച സേവനം തുടങ്ങിയവയാണ് തന്റെ നേട്ടങ്ങൾക്ക് കാരണം. വ്യക്തിജീവിതത്തിൽ വിശ്വാസ്യതയും സത്യസന്ധതയും പുലർത്താനും വ്യക്തിബന്ധങ്ങൾ നിലനിറുത്താനും അത്യാഗ്രഹമില്ലാതെ ജീവിക്കുകയും ചെയ്താൽ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടണ്‍ : ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ബഹിരാകാശ പര്യവേഷണത്തിന് തയ്യാറെടുക്കുന്നു. ആമസോണിന്റെ കീഴിലുള്ള ബഹിരാകാശ പര്യവേഷണ സാങ്കേതികവിദ്യാ നിര്‍മ്മാതാക്കളായ ബ്ലൂ ഒറിജിന്റെ പേടകമായ ന്യൂ ഷെപ്പേര്‍ഡിലായിരിക്കും സഹോദരനോടൊപ്പം ബഹിരാകാശത്തേയ്ക്ക് പറക്കുന്നത്.

ആമസോണ്‍ മേധാവിയുടെ സ്ഥാനം ഒഴിയാന്‍ പോകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ബെസോസ് അറിയിച്ചത്. അഞ്ച് വയസ് മുതല്‍ ബഹാരാകാശത്തേയ്ക്കുള്ള യാത്ര എന്നത് തന്റെ സ്വപ്നമായിരുന്നെന്നും അടുത്ത മാസം അത് സാക്ഷാത്ക്കരിക്കാന്‍ പോകുകയാണെന്നും ബെസോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2021 ജൂലായ് 20 ന് യാത്ര ആരംഭിക്കും.

ഏഴ് വര്‍ഷം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് പേടകവും റോക്കറ്റും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ആറ് യാത്രക്കാരെ ഉള്ളില്‍ വഹിക്കാവുന്ന തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ന്യൂ ഷെപ്പേര്‍ഡ് പേടകം 59 അടി ഉയരത്തിലുള്ള റോക്കറ്റിലാണ് ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കുക. ഇത് സാധ്യമായാല്‍ റോക്കറ്റ് യാത്ര നടത്തുന്ന ആദ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ നിര്‍മ്മാതാവ് കൂടിയാകും ജെഫ് ബെസോസ്.

കൊച്ചി: ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതി വ്യാപകമാകുന്നു. കോവിഡ് വൈറസ് വ്യാപനത്തോടെ രാജ്യത്തെ സംസ്ഥാനങ്ങളിൽ പലതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിന് സർക്കാർ സാവകാശം നൽകിയിരുന്നു. എന്നാൽ അഞ്ചു കോടി രൂപ വാർഷിക വിറ്റുവരവുള്ളവർ ഒൻപത് ശതമാനം പലിശ അടയ്ക്കണമെന്നാതാണ് വ്യാപാരികളെ കുഴപ്പിക്കുന്നത്.

ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നവരിൽ നല്ലൊരു ശതമാനം പേരും അഞ്ചു കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ളവരാണ്. ഇവരെല്ലാം ലേറ്റ് ഫീ ഇനത്തിൽ ഒൻപത് ശതമാനം പലിശയും ചേർത്ത് തുക അടയ്ക്കാൻ നിർബന്ധിതരാകുകയാണ്. ഇത് ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നാണ് ജിഎസ്ടി രംഗത്തുള്ളവർ പറയുന്നത്.

മെയ് 20 നായിരുന്നു ജിഎസ്ടി റിട്ടേൺ സമർപ്പിക്കേണ്ടത്. എന്നാൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടീ നൽകുകയായിരുന്നു.

മുംബൈ: വിര്‍ച്വല്‍ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ ഇടപാടുകള്‍ തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ബാങ്കുകള്‍. അക്കൗണ്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്നുകാട്ടിയാണ് അറിയിപ്പ്. എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ. എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് റിസര്‍വ് ബാങ്കിന്റെ 2018 – ലെ ഉത്തരവ് ചൂണ്ടിക്കാട്ടി ഇ-മെയില്‍ വഴി അറിയിപ്പുനല്‍കിയിരിക്കുന്നത്.വിര്‍ച്വല്‍ കറന്‍സി ഇടപാടിലെ വെല്ലുവിളികളില്‍ കരുതലുണ്ടാകണമെന്ന് നിര്‍ദേശിച്ചാണ് എസ്.ബി.ഐ.യുടെ അറിയിപ്പ്.

വിര്‍ച്വല്‍ കറന്‍സി പ്ലാറ്റ്‌ഫോമുകളില്‍ എസ്.ബി.ഐ. കാര്‍ഡ് ഉപയോഗിച്ചാല്‍ കാര്‍ഡ് റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിയമസാധുതയില്ലാത്ത ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട സേവനങ്ങളില്‍നിന്നു വിട്ടുനില്‍ക്കാനാണ് ബാങ്കുകളുടെ തീരുമാനം.ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളാണ് സുപ്രധാനമെന്നും സുപ്രീംകോടതി വിധി വന്നെങ്കിലും ആര്‍.ബി.ഐ. ഉത്തരവ് തിരുത്തിയിട്ടില്ലെന്നും ബാങ്കധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍.ബി.ഐ. ഉത്തരവില്‍ മാറ്റം വരുത്തുന്നതുവരെ അത് പിന്തുടരാനാണ് ബാങ്കുകളുടെ തീരുമാനമെന്നറിയുന്നു.

കൊവിഡ് കാലത്ത് വരുമാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തമായി സംരംഭം തുടങ്ങണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ഫണ്ട് ഇല്ലാത്തതുകൊണ്ട് പിൻമാറുന്നവരുമുണ്ട്. എന്നാൽ സംരംഭകര്‍ക്കായുള്ള വിവിധ ലോണുകൾ പോലെ തന്നെ ബിസിനസ് തുടങ്ങാൻ വനിതകൾക്കും ലോൺ ലഭ്യമാണ്.

ബിസിനസ് വിപുലീകരിക്കാൻ ആവശ്യമായ സർക്കാർ പദ്ധതികൾ അറിഞ്ഞിരിക്കാം.

ഒരു കോടി രൂപ വരെ സ്റ്റാൻഡ് അപ്പ് ഇന്ത്യ ലോൺ

കൊറോണക്ക് ശേഷം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് സര്‍ക്കാരിൻെറ സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി പ്രയോജനപ്പെടുത്താം. ഇതിനു കീഴിൽ 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ലോൺ ലഭിയ്ക്കും. 2016 മുതൽ നിലവിൽ വന്ന സര്‍ക്കാരിൻെറ സ്റ്റാൻഡപ്പ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആണ് ഇത്രയും തുക ലോണായി ലഭിയ്ക്കുന്നത്. മികച്ച ബിസിനസ് ആശയം ഉണ്ടെങ്കിൽ സർക്കാർ തന്നെ സംരംഭകത്വ പരിശീലനം നൽകും. കടം വാങ്ങുന്നയാളുടെ ഗ്യാരൻറിയിൽ ആണ് ലോൺ നൽകുക എന്നതിനാൽ വായ്പയ്ക്ക് കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമില്ല.ഏഴു വർഷമാണ് പരമാവധി തിരിച്ചടവ് കാലാവധി .വനിതാ സംരംഭകരുടെ എല്ലാ വായ്പാ ആവശ്യങ്ങളും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. .ആദ്യമായി സംരംഭം തുടങ്ങുന്നവ‍ര്‍ക്കാണ് മുൻഗണന.18 വയസിനു മുകളിൽ പ്രായമുള്ള ആർക്കും ലോണിനായി അപേക്ഷിയ്ക്കാം.മൊത്തം മുടക്കുമുതലിൻെറ 10 ശതമാനം സ്വയം കണ്ടെത്തണം

​വരുമാനം കുറഞ്ഞവര്‍ക്കായി ഉദ്യോഗിനി ലോൺ

താഴ്ന്ന വരുമാനക്കാര്‍ക്ക് ഇളവുകളോടെ വായ്പ നൽകുന്നതാണ് ഉദ്യോഗിനി പദ്ധതി.ഈ സ്കീമിന് കീഴിൽ വായ്പ ലഭിക്കുന്നതിന് പ്രത്യേക വ്യവസ്ഥകളുണ്ട്. വായ്പയെടുക്കുന്നയാൾ 18 നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം, കൂടാതെ കുടുംബത്തിൻെറ വാര്‍ഷിക വരുമാനം പ്രതിവർഷം 1.5 ലക്ഷത്തിൽ താഴെയായിരിക്കണം. ഗ്രാമീണ പ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്ക് കീഴിൽ മൂന്ന് ലക്ഷം രൂപ വരെ ലഭിക്കും. വൈകല്യമുള്ളവര്‍ക്കും വിധവകൾക്കും വാര്‍ഷിക വരുമാന പരിധി ബാധകമാകില്ല. പദ്ധതിക്ക് കീഴിൽ വിവിധ ബാങ്കുകൾ ലോൺ നൽകുന്നുണ്ട്.

രണ്ടു ലക്ഷം രൂപ മുതൽ യൂണിയൻ നാരീ ശക്തി ലോൺ

ഒരു ബിസിനസ് ലോൺ എടുക്കാൻ ബാങ്കിനെ സമീപിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് യൂണിയൻ ബാങ്കിൻെറ യൂണിയൻ നാരീ ശക്തി പദ്ധതി സഹായകരമാകും. ഫാക്ടറി, ഓഫീസ് വെയർഹൗസ് എന്നിവ വാങ്ങാനോ നിർമ്മിക്കാനോ, പുതുക്കാനോ വനിതകൾക്ക് ഈ പദ്ധതി സഹായകരമാകും. പ്ലാൻറ്, മെഷിനറി, മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനും വായ്പാ തുക പ്രയോജനപ്പെടുത്താം. രണ്ടു ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയാണ് വായ്പ ലഭിക്കക. തിരിച്ചടവ് കാലാവധി 84 മാസം വരെയാണ്. 10 ലക്ഷത്തിന മകളിലള്ള വായ്പകൾക്ക് ഈട് നൽകേണ്ടി വന്നേക്കാം. തിരിച്ചടവിന് 12 മാസത്തെ മോറട്ടോറിയം ലഭിക്കും.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. ഒരു പവൻ സ്വര്‍ണത്തിന് 36,880 രൂപയായി വില ഉയര്‍ന്നു.ഒരു ഗ്രാമിന് 4,610 രൂപയാണ് വില. തുടര്‍ച്ചയായ ആറു ദിവസം പവന് 36,480 രൂപയായിരുന്നു വില. ഒറ്റയടിക്ക് പവന് 400 രൂപയാണ് വര്‍ധിച്ചത്

രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുതിച്ചുയര്‍ന്നു. ട്രോയ് ഔൺസിന് 1906.06 ഡോളറിലാണ് വ്യാപാരം. മെയ് ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. മെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. മെയിൽ ഇതുവരെ പവന് 1,440 രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നത് ഇന്ത്യൻ വിപണിയിൽ വില ഉയരാൻ കാരണമായി എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചര്‍ വ്യാപാരം 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 49,049 ഡോളറിലെത്തി. വെള്ളി കിലോയ്ക്ക് 0.7 ശതമാനം ഉയർന്ന് 72,622 ഡോളറിലാണ് വ്യാപാരം. . പണപ്പെരുപ്പം, യുഎസ് ബോണ്ട് വരുമാനത്തിലെ ഇടിവ്, ഡോളറിൻെറ മൂല്യ ശോഷണം എന്നീ ഘടകങ്ങളാണ് അന്താരാഷ്ട്ര വിപണികളിൽ സ്വർണം തിളങ്ങാൻ കാരണം.

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ചു. ധനമന്ത്രാലായമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് 2021-22 അസസ്മെൻറ് വര്‍ഷത്തെ ആദായ നികുതി സമര്‍പ്പിക്കാൻ 2021 സെപ്റ്റംബര്‍ 30 വരെ സമയം ലഭിക്കും.
2020-21 സാമ്പത്തിക വര്‍ഷത്തിലെ ടിഡിഎസ് ഇളവുകൾക്കായി അപേക്ഷിക്കുന്നതിനും ഒരു മാസത്തെ സമയം ലഭിക്കും. ആദായ നികുതി നിയത്തിലെ 30, 31 വകുപ്പുകൾ പ്രകാരമാണ് ഇത്.

ടിഡിഎസ്, ടിസിഎസ് റിട്ടേൺ സ്റ്റേറ്റ്‍മെൻറുകൾ ഫോം 16, ഫോം 16 ജി എന്നിവയിൽ
സമര്‍പ്പിക്കാൻ 15 ദിവസത്തെ അധിക സമയം ലഭിക്കും.

2020-21ലെ കോര്‍പ്പറേറ്റുകൾക്കും മറ്റുമുള്ള സ്റ്റേറ്റ്‍മെൻറ് ഓഫ് ഫിനാൻഷ്യൽ ട്രാൻസാക്ഷൻ (എസ്എഫ്ടി) സമര്‍പ്പിക്കേണ്ട തിയതി നീട്ടി. 2021 മെയ് 31 വരെ നീട്ടി നൽകിയിരുന്ന സമയം വീണ്ടും ഒരു മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്.

rbi

ന്യൂഡൽഹി: രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. 2022 മാർച്ച് 31 വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്‌സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതി പ്രകാരം ബാങ്കുകൾക്ക് സാധിക്കും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് പറഞ്ഞു.പ്രത്യേക കോവിഡ് ആനുകൂല്യമായിട്ടാകും പദ്ധതി നടപ്പിലാക്കുക.

അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്‌പകൾ അനുവദിക്കുക. കോവിഡിനെതിരെ രാജ്യം ശക്‌തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ആർബിഐ ഗവർണർ ശക്‌തികാന്തദാസ് പറഞ്ഞു.കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടി വരിക. ജൂൺ 11നകം 4 ലക്ഷത്തിലധികം ആളുകൾ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്‌ധ സംഘം വിലയിരുത്തുന്നത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.