1,000 കോടി രൂപ നിക്ഷേപം; 4000 തൊഴിലവസരങ്ങൾ തെലങ്കാനയിൽ രംഗപ്രവേശനം ചെയ്യാനൊരുങ്ങി കിറ്റെക്‌സ്‌

ഹൈദരാബാദ്: കിറ്റെക്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബുമായി നടത്തിയ ചർച്ച വിജയകരമെന്ന് തെലങ്കാന. വ്യവസായ മന്ത്രി കെ. ടി. രാമ റാവുവാണ് ഇക്കാര്യം അറിയിച്ചത്. ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്സ് തെലങ്കാനയിൽ രംഗപ്രവേശനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രവേശനത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കിറ്റെക്‌സ് എംഡി സാബു ജേക്കബിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. വാറങ്കലിലുള്ള കകതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിലായിരിക്കും കിറ്റെക്സിന്റെ ഫാക്ടറികൾ സ്ഥാപിക്കുന്നത്. കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് കിറ്റെക്‌സ് ഗ്രൂപ്പിന് തെലങ്കാനയിലേക്ക് ക്ഷണം ലഭിച്ചത്. ഈ ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബ് തെലങ്കാനയിലെത്തി സർക്കാരുമായി ചർച്ച നടത്തിയത്. കിറ്റെക്സ് സംഘത്തിനായി തെലങ്കാന സർക്കാർ പ്രത്യേക വിമാനമയച്ചിരുന്നു. ഈ വിമാനത്തിലാണ് സാബു ജേക്കബ് ഹൈദരാബാദിലെത്തിയത്.

ടെക്സ്റ്റൈൽ പ്രോജക്ടിനായി വാറങ്കലിൽ 1,000 കോടി രൂപ നിക്ഷേപിക്കാനുള്ള കരാർ സ്ഥിരീകരിക്കുന്നതായി സാബു ജേക്കബ് അറിയിച്ചു. പുതിയ നിക്ഷേപം തെലങ്കാനയിൽ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വിശദമാക്കി.