അനന്തപുരിയുടെ മുഖഛായ മാറ്റാന്‍ അദാനിയെത്തുന്നു . . . വിമാനത്താവളം ഇനി ലോക നിലവാരത്തോട് കിടപിടിക്കും !

തിരുവനന്തപുരം: അനന്തപുരിയുടെ മുഖം മാറ്റാന്‍ നൂതന പദ്ധതികളുമായി വ്യവസായി പ്രമുഖന്‍ അദാനി. തിരുവനന്തപുരം വിമാനത്താവളത്തെ ലോകോത്തരമാക്കി മാറ്റുമെന്ന വാഗ്ദാനവുമായി 50 വര്‍ഷത്തെ നടത്തിപ്പ് ഏറ്റെടുത്തുകൊണ്ടാണ് ഒക്ടോബറില്‍ അദാനിയെത്തുക.

വിഴിഞ്ഞം തുറമുഖത്തോടൊപ്പം വിമാനത്താവളത്തിന്റെ ചുക്കാനും പിടിക്കുന്നതോടെ കപ്പല്‍-വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് അദാനിയുടെ ഉറപ്പ്. മാത്രമല്ല, ചരക്കുനീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനും കൊവിഡ് പ്രതിസന്ധി മാറിയാല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് പ്രഥമ ലക്ഷ്യം. അദാനി ഗ്രൂപ്പിന്റെ 10 വിമാനത്താവളങ്ങള്‍ കൂട്ടിയിണക്കി സര്‍വീസുകളുമുണ്ടാവും.

വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിനായി ഫ്ല്ലമിംഗോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചെറിയ ഡ്യൂട്ടിഫ്രീ ഷോപ്പ് വിപുലീകരിക്കുവാനും പദ്ധതിയുണ്ട്. ഓപ്പറേഷന്‍, മെയിന്റനന്‍സ് എന്നിവയ്ക്കായി ജര്‍മ്മന്‍ കമ്പനിയാണ് പരിഗണനയിലുള്ളത്. ഇത് സാധ്യമായാല്‍ യൂറോപ്പിലേക്ക് ഉള്‍പ്പെടെ സര്‍വീസ് തുടങ്ങാനാവും.

എന്നാല്‍, സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സര്‍ക്കാരിന്റേതാണെന്നും അനുമതിയില്ലാതെ അദാനിക്ക് വികസനം പറ്റില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റ് നല്‍കില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. തുടര്‍നടപടികളില്‍ സഹകരിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് നേരത്തേ അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.