ചെലവു കുറഞ്ഞ വിമാനയാത്ര; പുതിയ ചുവടുവെയ്പ്പുമായി രാകേഷ് ജുൻജുൻവാല

ന്യൂഡൽഹി: വ്യോമയാന മേഖലയിൽ പുതിയ ചുവടുവെയ്പ്പുമായി രാകേഷ് ജുൻജുൻവാല. അൾട്രാ ലോ കോസ്റ്റ് എയർലൈൻസ് (വളരെ ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്ന) വിമാനക്കമ്പനി സ്ഥാപിക്കാനാണ് ജുൻജുൻവാല പദ്ധതിയിടുന്നത്. ‘ആകാശ എയർ’ എന്നാണ് ഈ വിമാന കമ്പനിയ്ക്ക് ജുൻജുൻവാല പേര് നൽകിയിരിക്കുന്നത്. ‘ഇന്ത്യയുടെ വാറൻ ബഫെറ്റ്’ എന്നാണ് ജുൻജുൻവാല അറിയപ്പെടുന്നത്.

ഇൻഡിഗോയുടെയും ജെറ്റ് എയർവെയ്സിന്റെയും മുൻ സി.ഇ.ഒമാരുമായി ചേർന്നാണ് ആഭ്യന്തര വിമാനസർവീസ് മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ജുൻജുൻവാല തയ്യാറെടുക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വലിയ പ്രതിസന്ധികൾ നേരിടുന്ന വ്യോമയാന മേഖലയിലേക്കാണ് പ്രതീക്ഷയുടെ ചിറകുകളുമായി ആകാശ എയർ ആരംഭിക്കാനൊരുങ്ങുന്നത്.

ആകാശ എയറിൽ നാൽപ്പതു ശതമാനം ഓഹരിയുടെ ഉടമസ്ഥാവകാശം ജുൻജുൻവാലയ്ക്കായിരിക്കുമെന്നാണ് വിവരം. 180 സീറ്റുകളുള്ള 70 വിമാനങ്ങൾ നാലു വർഷത്തിനുള്ളിൽ റൺവേയിൽ എത്തിക്കാനാണ് ജുൻജുൻവാലയും സംഘവും പദ്ധതിയിടുന്നത്. ആകാശ എയറിൽ 35 ദശലക്ഷം ഡോളർ ജുൻജുൻവാല നിക്ഷേപിക്കുമെന്നാണ് വിവരം. ഫോബ്സിന്റെ കണക്കു പ്രകാരം 4.6 ബില്യൻ ഡോളറാണ് ജുൻജുൻവാലയുടെ സമ്പാദ്യം. വ്യോമയാന മന്ത്രാലയത്തിൽ നിന്ന് അടുത്ത പതിനഞ്ചു ദിവസത്തിനുള്ളിൽ ആകാശ എയറിന് എൻ.ഒ.സി ലഭിക്കുമെന്നാണ് വിവരം.