ലോക ധനിക പട്ടികയിൽ ഒന്നാം സ്ഥാനം നേടി ബർണാഡ് അർണോൾട്ട്

ന്യൂയോർക്ക്: ലോക ധനിക പട്ടികയിൽ ഒന്നാം സ്ഥാനം നേടി ബർണാഡ് അർണോൾട്ട്. ജെഫ് ബെസോസിനെ പിന്തള്ളിയാണ് 72 കാരനായ ബർണാഡ് അർണോൾട്ട് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഫ്രാൻസിലെ ബിസിനസുകാരനാണ് ബർണാഡ്. ഫോർബ്സിന്റെ റിയൽ ടൈം പട്ടികയിലാണ് എൽ വി എം എച്ച് മൊയറ്റ് ഹെന്നസി ലൂയിസ് വിറ്റ്‌സൺ കമ്പനിയുടെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബർണാഡ് അർണോൾട്ട് ഒന്നാമതെത്തിയത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 198.2 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ലൂയിസ് വിറ്റനും സെഫോറയുമടക്കം 70 ബ്രാൻഡുകളുടെ ഒരു ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹം കെട്ടിപ്പടുത്തത്.

പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ജെഫ് ബെസോസാണ്. 194.9 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. ടെസ്ലയുടെ ഇലോൺ മസ്‌കാണ് മൂന്നാം സ്ഥാനത്തുള്ളത്. 185.5 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. നേരത്തെ ഇലോൺ മസ്‌ക് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും പിന്നീട് ജെഫ് ബെസോസ് സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു.