മുംബൈ വിമാനത്താവളത്തിന്റെ നിയന്ത്രണാധികാരം ഇനി അദാനി ഗ്രൂപ്പിന്

മുംബൈ: മുംബൈ വിമാനത്താവളത്തിന്റെ നിയന്ത്രണാധികാരം ഇനി അദാനി ഗ്രൂപ്പിന്. അദാനി എയർപോർട്ട് ഹോൾഡിങ്‌സ് ലിമിറ്റഡ് മുംബൈ വിമാനത്താവളം ഏറ്റെടുത്തു. ജി വി കെ ഗ്രൂപ്പിൽ നിന്നാണ് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.

മുംബൈ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന് സ്വന്തമായതായാണ് റിപ്പോർട്ടുകൾ. ജി വി കെ ഗ്രൂപ്പിന് കൈവശമുണ്ടായിരുന്ന 50.5 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. മറ്റ് കമ്പനികളുടെ പക്കലുണ്ടായിരുന്ന ഓഹരികളും അദാനി ഗ്രൂപ്പ് നേടിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ 26 ശതമാനം ഓഹരികൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമാണ്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് മുംബൈ വിമാനത്താവളം. എയർപോർട്ട് നവീകരണം നടത്തിപ്പ് തുടങ്ങിയവ ലക്ഷ്യമിട്ടാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത്. അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം വിമാനത്തവളങ്ങളുടെയും നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിനാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്ററാണ് അദാനി ഹോൾഡിങ്‌സ്.