പുതിയ ചുവടുവെയ്പ്പുമായി മൈക്രോസോഫ്റ്റ്; ഒയോയിൽ നിക്ഷേപം നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്‌

മുംബൈ: ബിസിനസ് രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി മൈക്രോസോഫ്റ്റ്. ഇന്ത്യൻ ബജറ്റ് ഹോട്ടൽ ശൃംഖലയായ ഒയോയിൽ നിക്ഷേപം നടത്താനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗിക്കുകയാണെന്നാണ് വിവരം. ടെക് ക്രഞ്ചാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സർവീസിലേക്ക് ഒയോ മാറുമെന്നും ടെക് ക്രഞ്ച് വ്യക്തമാക്കിയിരുന്നു.

ഒയോയിൽ മൈക്രോസോഫ്റ്റ് എത്ര കോടി രൂപയാവും നിക്ഷേപിക്കുകയെന്ന കാര്യം വ്യക്തമല്ല. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഒയോയുടെ ഇപ്പോഴത്തെ മൂല്യം ഒൻപത് ബില്യൺ ഡോളറാണ്. കഴിഞ്ഞ മാസം ഒയോ ആഗോള തലത്തിൽ നിന്ന് 660 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായം തേടിയിരുന്നു. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, യൂറോപ്പ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്ക് ഒയോയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വാക്‌സിനേഷൻ നടപടികൾ എല്ലാ രാജ്യത്തും ശക്തമായി പുരോഗമിക്കുന്നതും യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതും ഒയോയുടെ പ്രതീക്ഷകൾക്ക് കരുത്ത് നൽകുന്നു. സമ്മർ സീസണിലേക്ക് യൂറോപ്പിലേക്കുള്ള പ്രതിദിന ബുക്കിങ് ഇരട്ടിച്ചതായി ഒയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ അറിയിച്ചു.