Technology (Page 38)

5 ജിയിലേയ്ക്ക് മാറുമ്‌ബോള്‍ കോളുകളുടെ ഗുണനിലവാരം നഷ്ടമാകരുതെന്ന് ടെലികോം സേവനദാതാക്കള്‍ക്ക് നിര്‍ദേശങ്ങളുമായി ട്രായ്. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ അടിയന്തര നടപടികള്‍ വേണം. നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ട്രായ് നിര്‍ദ്ദേശിച്ചു.

സംഭാഷണം സുവ്യക്തമാണെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സമയ ആഭ്യന്തര നിരീക്ഷണ സംവിധാനം വേണം എന്നും ട്രായ് നിര്‍ദ്ദേശിച്ചു. കോള്‍ ഡ്രോപ്പുകളെക്കുറിച്ചുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ടെലികോം കമ്ബനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ട്രായിയുടെ നിര്‍ദ്ദേശം. കോള്‍ ഡ്രോപ്പുകളെക്കുറിച്ചുള്ള സംസ്ഥാനതല ഡാറ്റ റിപ്പോര്‍ട്ട് ചെയ്യാന്‍ ടെലികോം കമ്ബനികളോട് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

റെഗുലേറ്റര്‍ സേവന ഗുണനിലവാര മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷനായ ട്രായ് മേധാവി പി ഡി വഗേല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഉടന്‍ തന്നെ സംസ്ഥാന തലത്തിലും കോള്‍ ഡ്രോപ്പ് ഡാറ്റ നിരീക്ഷിക്കുമെന്ന് ട്രായ് അറിയിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോ: സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഏകദേശം 12000 പേരെയാണ് ഗൂഗിള്‍ പിരിച്ചുവിട്ടത്. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരെപ്പോലും ഇത്തരത്തില്‍ പിരിച്ചുവിട്ടിരുന്നു. ഇങ്ങനെ ജോലി നഷ്ടമായ ഗൂഗിളിലെ ഒരു മുന്‍ ജീവനക്കാരനായ ഹെന്റി കിര്‍ക്ക് പക്ഷെ പ്രതിസന്ധിയ്ക്ക് മുന്നില്‍ തളര്‍ന്നില്ല. ഗൂഗിളില്‍ സീനിയര്‍ മാനേജരായിരിക്കെയാണ് ഹെന്റിക്ക് ജോലി നഷ്ടമായത്.

ജോലി നഷ്ടമായതില്‍ വിഷമിച്ചിരിക്കാതെ ഹെന്റി കിര്‍ക്ക് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരു ഡിസൈന്‍- ഡെവലപ്മെന്റ് സ്റ്റുഡിയോ ആരംഭിച്ചു. ഒപ്പം തന്റെകൂടെ ജോലി ചെയ്ത ആറ് സുഹൃത്തുക്കളെയും ചേര്‍ത്തു. വിവരം അറിയിച്ച് ലിങ്ക്ഡ്ഇന്നില്‍ ഹെന്റി പോസ്റ്റ് ചെയ്യുകയുമുണ്ടായി. കഠിനാധ്വാനം ജീവിതത്തില്‍ ഫലംചെയ്യുമെന്നും താന്‍ വലിയൊരു വിശ്വാസിയാണെന്നും ജീവിതത്തില്‍ വെല്ലുവിളികള്‍ വലിയ അവസരങ്ങളാണ് നല്‍കുന്നതെന്നുമാണ് ഹെന്റി കിര്‍ക്ക് കുറിച്ചത്. ജനങ്ങളുടെ സഹകരണം തന്റെ കമ്ബനിയ്ക്കായി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ‘ഇന്ന് ജീവിതത്തില്‍ സംഭവിച്ച ഈ ദുരന്തത്തെ ഞാനൊരു അവസരമായി മാറ്റുന്നു. ഞങ്ങളുടെ ഭാവി രൂപപ്പെടുത്താന്‍ ആറ് മുന്‍ ഗൂഗിള്‍ ജീവനക്കാര്‍ക്കൊപ്പം ചേരുന്നു’ അദ്ദേഹം പറയുന്നു.

സബ്‌സ്‌ക്രിപ്ഷന്‍ തുകയില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. അതേസമയം, തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സബ്‌സ്‌ക്രിപ്ഷന്‍ തുകയില്‍ ഇളവുകള്‍ ലഭിക്കുകയുള്ളൂ എന്ന് നെറ്റ്ഫ്‌ലിക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനില്‍ ഇളവുകള്‍ വരുത്തുന്നത്.

യമന്‍, ഇറാഖ്, ടുണീഷ്യ, ജോര്‍ദാന്‍, പലസ്തീന്‍, ലിബിയ, അള്‍ജീരിയ, ലെബനന്‍, സുഡാന്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് ചെലവ് കുറഞ്ഞ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുക. നിലവില്‍, ഈ രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്റെ അടിസ്ഥാന നിരക്ക് 7.99 ഡോളറാണ്. പുതുക്കിയ നിരക്കുകള്‍ പ്രകാരം, അടിസ്ഥാന പ്ലാന്‍ ലഭിക്കാന്‍ 3 ഡോളര്‍ മാത്രം ചെലവാക്കിയാല്‍ മതിയാകും. കൂടാതെ, പ്രീമിയം പ്ലാനിന്റെ വില 11.99 ഡോളറില്‍ നിന്ന് 9.99 ഡോളറായി കുറച്ചിട്ടുണ്ട്. നിലവില്‍, ഇന്ത്യയില്‍ ഈ ആനുകൂല്യം ലഭിക്കുകയില്ല.

ആരോഗ്യ സേവന മേഖലയില്‍ നിക്ഷേപം നടത്താനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ ഫര്‍മല്ലമയെ ഏറ്റെടുക്കാനാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ നീക്കം.

2020- ല്‍ സ്ഥാപിതമായ ഓണ്‍ലൈന്‍ ഫാര്‍മസി സ്റ്റാര്‍ട്ടപ്പാണ് ഫാര്‍മല്ലമ. മരുന്നിന്റെ കുറിപ്പടി അപ്ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാന്‍ ഫാര്‍മല്ലമയിലൂടെ സാധിക്കും. നിലവില്‍, ഇടപാട് തുകയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഫ്‌ളിപ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് കൊല്‍ക്കത്ത ആസ്ഥാനമായ ശാസ്താസുന്ദര്‍. കോമിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തു കൊണ്ടാണ് ആരോഗ്യ സേവന മേഖലയില്‍ ഫ്‌ളിപ്കാര്‍ട്ട് ആദ്യമായി ചുവടുറപ്പിച്ചത്.

കനാബിസ് അനുകൂല പരസ്യങ്ങള്‍ അനുവദിക്കുന്ന യുഎസിലെ ആദ്യ സമൂഹമാദ്ധ്യമമായി ട്വിറ്റര്‍. യുഎസ് ഫെഡറല്‍ നിയമമനുസരിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നീ എതിരാളികളായ സമൂഹമാദ്ധ്യമങ്ങള്‍ക്ക് കനാബിസ് ഉല്‍പന്നങ്ങളുടെ വാര്‍ത്തകള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുള്ള അനുവാദമില്ല.

കൃത്യമായി ലൈസന്‍സ് ഉള്ള കമ്പനികളെ പരസ്യം ചെയ്യാന്‍ അനുവദിക്കണമെന്നും സിബിഡി, ടിഎച്ച്സി എന്നിങ്ങനെ കനാബിസുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കാന്‍ പരസ്യദാതാക്കളെ അനുവദിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

2022 ഒക്ടോബര്‍ അവസാനത്തോട് കൂടിയാണ് ഇലോണ്‍ മസ്‌ക് ഔപചാരികമായി ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിന് പിന്നാലെ നിരവധി പരസ്യദാതാക്കള്‍ ട്വിറ്ററില്‍ നിന്ന് പിന്മാറിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. ആപ്പിളും ആമസോണും ട്വിറ്ററിലെ പരസ്യദാതാക്കളിലെ പ്രധാന വരുമാന ശ്രോതസ്സുകളായിരുന്നു.

ഗൂഗിള്‍ ക്രോമില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നതിനെതിരെ സൗദി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റിയുടെ (എന്‍സിഎ) മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കമ്പ്യൂട്ടറില്‍ ഹാക്കര്‍മാര്‍ അനധികൃതമായി കടന്ന് സോഫ്ട്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇതു പ്രവര്‍ത്തിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍സിഎ സൗദിയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഗൂഗിള്‍ ക്രോമിന്റെ പുതിയ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സുരക്ഷാ ഭീഷണി ചെറുക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

ക്രോം അപ്ഡേറ്റ് ചെയ്യുന്നതിന് ലിങ്ക് ക്ലിക് ചെയ്യുക. https://www.google.com/chrome/update/ കൂടുതല്‍ വിവരങ്ങള്‍ https://chromereleases.googleblog.com/ വെബ്സൈറ്റില്‍ ലഭ്യമാണ്. സൗദി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും (സെര്‍ട്) ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. https://cert.gov.sa/en/security-warnings/chrome-alert-2023-02-16/

ഡല്‍ഹി: കൂട്ട പിരിച്ചുവിടല്‍ നടത്തി ഗൂഗിള്‍ ഇന്ത്യ. 453 ജീവനക്കാരെയാണ് ഗൂഗിള്‍ ഇന്ത്യയില്‍ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട വിവരം ഇമെയില്‍ വഴിയാണ് ജീവനക്കാരെ അറിയിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പിരിച്ചുവിടല്‍ ഇ-മെയില്‍ ജീവനക്കാര്‍ക്ക് ലഭിച്ചത്.

ഗൂഗിള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്തയാണ് ഇ-മെയില്‍ അയച്ചത്. പിരിച്ചുവിടലിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്ന് സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞതായി ഇ-മെയിലില്‍ പറയുന്നു. അതേസമയം, ആഗോളതലത്തില്‍ 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും, കമ്ബനി എത്ര ജീവനക്കാരെ പിരിച്ചുവിട്ടു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ യൂ ട്യൂബ്‌ ചാനല്‍ തുടങ്ങുന്നതും വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും സംസ്ഥാന സര്‍ക്കാര്‍ വിലക്കി. യുട്യൂബ് ചാനല്‍ തുടങ്ങാന്‍ അനുമതി തേടി ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ നല്‍കിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

സബ്‌സ്‌ക്രൈബര്‍മാരുടെ അടിസ്ഥാനത്തില്‍ സാമ്ബത്തിക നേട്ടമുണ്ടാക്കുന്ന പ്രവൃത്തിയായതിനാല്‍ ചട്ടവിരുദ്ധമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കി. നിലവില്‍ ചാനലുകള്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറയിച്ചു.

കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഏറ്റവും പുതിയ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനമാരംഭിച്ചു. ആര്യവൈദ്യശാലയുടെ ബ്രാഞ്ച് ക്ലിനിക്കുകള്‍, ആശുപത്രികള്‍, ഔഷധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, അംഗീകൃത വിതരണക്കാര്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് അപ്ലിക്കേഷനിലൂടെ അറിയാം.

അതേസമയം, പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ച് ആര്യവൈദ്യശാലയുടെ ഔഷധങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനും സാധിക്കുന്നതാണ്. ആയുര്‍വേദ ചികിത്സയുടെ സാധ്യതകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

‘കോട്ടയ്ക്കല്‍ ആയുര്‍വേദ’ എന്ന പേരിലുള്ള ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉപകാരപ്രദമായ ഫീച്ചറുകളും ഇവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‘തെറാപ്യൂട്ടിക് ഇന്‍ഡക്‌സ്’ ഉള്‍ക്കൊള്ളിച്ചത് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഏറെ പ്രയോജനമാകും. ആര്യവൈദ്യശാലയുടെ എല്ലാ സേവനങ്ങളും ഒറ്റക്കുടക്കീഴില്‍ ലഭ്യമാകുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വാഷിങ്ടണ്‍: ഒമ്ബത് വര്‍ഷത്തെ സേവനത്തിന് ശേഷം സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ സ്ഥാനമൊഴിയുന്നതിന് പിന്നാലെ യൂട്യൂബിന്റെ മേധാവിയായി ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ നിയമിതനായി. നിലവില്‍ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു അമ്ബതുകാരനായ നീല്‍ മോഹന്‍.

2008-ല്‍ ആണ് നീല്‍ മോഹന്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി യൂട്യൂബില്‍ എത്തിയത്. മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്‌സ് എന്നീ കമ്ബനികളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റാന്‍ഫോഡ് സര്‍വ്വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, എംബിഎ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങി പ്രധാനപ്പെട്ട ടെക് കമ്ബനികളുടെ തലപ്പത്ത് നിലവില്‍ ഇന്ത്യന്‍ വംശജരാണ് ഉള്ളത്. സുന്ദര്‍ പിച്ചെ, സത്യന്‍ നൊദല്ല, അരവിന്ദ് കൃഷണന്‍ എന്നിവര്‍ക്കൊപ്പമാകും ഇനി നീല്‍ മോഹന്റെ സ്ഥാനവും.