പുതിയ കമ്പനിയുമായി ഗൂഗിളില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാര്‍

സാന്‍ഫ്രാന്‍സിസ്‌കോ: സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഏകദേശം 12000 പേരെയാണ് ഗൂഗിള്‍ പിരിച്ചുവിട്ടത്. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരെപ്പോലും ഇത്തരത്തില്‍ പിരിച്ചുവിട്ടിരുന്നു. ഇങ്ങനെ ജോലി നഷ്ടമായ ഗൂഗിളിലെ ഒരു മുന്‍ ജീവനക്കാരനായ ഹെന്റി കിര്‍ക്ക് പക്ഷെ പ്രതിസന്ധിയ്ക്ക് മുന്നില്‍ തളര്‍ന്നില്ല. ഗൂഗിളില്‍ സീനിയര്‍ മാനേജരായിരിക്കെയാണ് ഹെന്റിക്ക് ജോലി നഷ്ടമായത്.

ജോലി നഷ്ടമായതില്‍ വിഷമിച്ചിരിക്കാതെ ഹെന്റി കിര്‍ക്ക് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരു ഡിസൈന്‍- ഡെവലപ്മെന്റ് സ്റ്റുഡിയോ ആരംഭിച്ചു. ഒപ്പം തന്റെകൂടെ ജോലി ചെയ്ത ആറ് സുഹൃത്തുക്കളെയും ചേര്‍ത്തു. വിവരം അറിയിച്ച് ലിങ്ക്ഡ്ഇന്നില്‍ ഹെന്റി പോസ്റ്റ് ചെയ്യുകയുമുണ്ടായി. കഠിനാധ്വാനം ജീവിതത്തില്‍ ഫലംചെയ്യുമെന്നും താന്‍ വലിയൊരു വിശ്വാസിയാണെന്നും ജീവിതത്തില്‍ വെല്ലുവിളികള്‍ വലിയ അവസരങ്ങളാണ് നല്‍കുന്നതെന്നുമാണ് ഹെന്റി കിര്‍ക്ക് കുറിച്ചത്. ജനങ്ങളുടെ സഹകരണം തന്റെ കമ്ബനിയ്ക്കായി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ‘ഇന്ന് ജീവിതത്തില്‍ സംഭവിച്ച ഈ ദുരന്തത്തെ ഞാനൊരു അവസരമായി മാറ്റുന്നു. ഞങ്ങളുടെ ഭാവി രൂപപ്പെടുത്താന്‍ ആറ് മുന്‍ ഗൂഗിള്‍ ജീവനക്കാര്‍ക്കൊപ്പം ചേരുന്നു’ അദ്ദേഹം പറയുന്നു.