Technology (Page 115)

കോവിഡ് ലോക്ക്ഡൗണില്‍ വീടുകള്‍ക്കുള്ളിലായിപ്പോയ ലോകത്തെ ഒത്തു ചേര്‍ക്കാന്‍ ഏറ്റവും ഉപകരിച്ച ആപ്പായിരുന്നു ഗൂഗിള്‍ മീറ്റ്. ഇപ്പോഴിതാ ഗൂഗിള്‍ മീറ്റ് വെബ് ആപ്പും അവതരിപ്പിച്ചിരിക്കുകയാണ്.

ലാപ്ടോപ്പിലോ, കമ്പ്യൂട്ടറിലോ, മാക്ബുക്കിലോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും സാധിക്കും. വിന്‍ഡോസ്, മാക് ഒഎസ്, ക്രോം ഒഎസ്, ലിനക്സ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളിലും ഗൂഗിള്‍ മീറ്റ് പ്രവര്‍ത്തിപ്പിക്കാനാകും.

ഗൂഗിള്‍ വര്‍ക്ക് സ്പൈസ് ഉപഭോക്താക്കള്‍ക്കും ജി സ്യൂട്ട് ബേസിക്ക്, ബിസിനസ് ഉപഭോക്താക്കള്‍ക്കും മാത്രമല്ല, വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ടുകളുള്ള ഉപയോക്താക്കള്‍ക്കും വെബ് ആപ്പ് ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

ഇനി ഓപ്പറേറ്റിംഗ് സിസ്റ്റം ഏത് വേര്‍ഷന്‍ ആയിരുന്നാല്‍ തന്നെ ഗൂഗിള്‍ ക്രോം ബ്രൗസര്‍ വേര്‍ഷന്‍ 73 ലും അതിനു മുകളിലുള്ളവ പ്രവര്‍ത്തിക്കുന്ന ഏത് സിസ്റ്റത്തിലും ഗൂഗിള്‍ മീറ്റ് വെബ് ആപ്പ് പ്രവര്‍ത്തിക്കും.

വാഷിംഗ്ടൺ: വീഡിയോ കോൾ ആപ്പ് സൂമിന് തിരിച്ചടി. സൂമിന് 85 ദശലക്ഷം ഡോളർ (ഏകദേശം 632 കോടി) രൂപ സൂം പിഴയിനത്തിൽ കെട്ടിവെയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച അവകാശങ്ങളിൽ ലംഘനം ഉണ്ടായി എന്ന് കാണിച്ച് വീഡിയോ കോൾ ആപ്പായ സൂമിന് എതിരെ നൽകിയ കേസിലാണ് കോടതിയുടെ നിർദ്ദേശം. സൂം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്ക്, ഗൂഗിൾ, ലിങ്ക്ഡിൻ മുതലായ കമ്പനികൾക്ക് ചോർത്തി കൊടുക്കുകയും ‘സൂംബോംബിങ്ങ്’ എന്ന പ്രക്രിയയിലൂടെ ഹാക്കർമാർക്ക് സൂം മീറ്റിങ്ങുകളിൽ തടസ്സം സൃഷ്ടിക്കാൻ അവസരം ഒരുക്കി എന്നതുമാണ് സൂമിനെതിരെ ഉയർന്നിരിക്കുന്ന പരാതികൾ.

സൂം ആപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുമെന്നാണ് ഒത്തുതീർപ്പ് ഉടമ്പടിയിൽ കമ്പനി അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഫയൽ ചെയ്ത പ്രാരംഭ ഒത്തുതീർപ്പ് ഉടമ്പടിയ്ക്ക് കാലിഫോർണിയയിലെ സാൻ ഹവ്സേയിലെ, യുഎസ് ഡിസസ്ട്രിക്ട് ജഡ്ജായ ലൂസി കോഹ്‌യുടെ അംഗീകാരം ലഭിക്കണം. നിർദ്ദിഷ്ട ശ്രേണിയിൽപ്പെട്ട സൂം ആപ്പിന്റെ സബ്സ്‌ക്രൈബർമാർക്ക് അവരുടെ പ്രധാന സബ്സ്‌ക്രിപ്ഷന്റെ 15 ശതമാനം തുക അല്ലങ്കിൽ 25 ഡോളർ, ഏതാണോ ഉയർന്ന തുക എന്നാൽ അത് തിരികെ ലഭിക്കും. അതേസമയം, മറ്റുള്ളവർക്ക് 15 ഡോളർ വരെയുമാണ് റീഫണ്ട് ഇനത്തിൽ ലഭിക്കുന്നത്. സൂം ഉപയോക്താക്കൾ മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോൾ, മീറ്റിങ്ങിന്റെ അധ്യക്ഷനോ മീറ്റിങ്ങിൽ പങ്കെടുക്കുന്ന മറ്റ് ആരെങ്കിലുമോ പ്രസ്തുത മീറ്റിങ്ങിൽ ഏതെങ്കിലും തേഡ് പാർട്ടി ആപ്പ് ഉപയോഗിക്കുകയാണങ്കിൽ മീറ്റിങ്ങിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും ഇത് സംബന്ധിച്ച് സൂം മുന്നറിയിപ്പ് നൽകേണ്ടതാണെന്നാണ് ഒത്തുതീർപ്പ് ഉടമ്പടിയിലെ മറ്റൊരു നിബന്ധന.

ഉദ്യോഗസ്ഥർക്ക് സ്വകാര്യതയെയും ഡാറ്റാ കൈകാര്യം ചെയ്യുന്നതിനെയും സംബന്ധിച്ച് പ്രത്യേക പരിശീലനവും നൽകുമെന്നും സൂം ഉറപ്പ് നൽകിയിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനുമാണ് കമ്പനി ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതെന്നും ഉപയോക്താക്കളുടെ വിശ്വാസ്യതയാണ് തങ്ങൾക്ക് ഏറ്റവും പ്രാധാനമെന്നും സൂം അറിയിച്ചു. ഉയർന്ന ശ്രേണിയിലുള്ള വരിക്കാരിൽ നിന്നും സബ്സ്‌ക്രിപ്ഷൻ ഇനത്തിൽ സൂം ഏകദേശം 1.3 ലക്ഷം കോടി ഡോളറാണ് ശേഖരിച്ചത്. അതിനാൽ അന്യായക്കാരുടെ അഭിഭാഷകൻ കോടതി വ്യവഹാര ചെലവടക്കമുള്ള ന്യായമായ തുക എന്ന നിലയിലാണ് 85 ദശലക്ഷം ഡോളർ ഒത്തു തീർപ്പായി അവകാശപ്പെട്ടത്. വ്യവഹാര ഫീസ് ഇനത്തിൽ 21.25 ദശലക്ഷം ഡോളറാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വാഷിംഗ്ടൺ: ഫേസ്ബുക്കിന്റെ വരുമാനത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. ജൂണിൽ അവസാനിച്ച പാദത്തിൽ ഫേസ്ബുക്കിന്റെ വരുമാനം 56 ശതമാനം ഉയർന്ന് 2,15,376 കോടി രൂപയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഫേസ്ബുക്കിന്റെ ലാഭം 101 ശതമാനം ഉയർന്ന് 74,562 കോടിയായി.

കോവിഡ് വൈറസ് വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണം ജനങ്ങൾ സാമൂഹ്യ മാദ്ധ്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയതോടെയാണ് ഫേസ്ബുക്കിന്റെ വരുമാനം വർധിച്ചത്. പരസ്യത്തിലൂടെയാണ് കമ്പനിയ്ക്ക് ഏറ്റവും അധികം വരുമാനം ലഭിച്ചിരിക്കുന്നത്. പരസ്യവരുമാനമായി മാത്രം 2,12,376 കോടി രൂപയാണ് ഫേസ്ബുക്കിന് ലഭിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വർധനവാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഉപയോക്താക്കളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 12 ശതമാനം വർധനവാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. പ്രതിമാസം 351 കോടി ആളുകളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.

ന്യൂഡൽഹി: സ്വന്തമായി മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്ര സർക്കാർ. സന്ദേശ് എന്ന പേരിലാണ് സർക്കാർ മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സർക്കാർ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സന്ദേശിനെ കുറിച്ച് ലോക്‌സഭയിൽ വിവരിച്ചത്. സന്ദേശ് ആപ്പിൽ ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോരില്ലെന്നും അയക്കുന്ന സന്ദേശങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദേശ് ആപ്പ് ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആപ്ലിക്കേഷന്റെ പരീക്ഷണത്തിന്റെ ഭാഗമായി ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ സന്ദേശ് ആപ്പ് ഉപയോഗിച്ചു വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സൗജന്യമായി സന്ദേശ് ആപ് ഡൗൺലോഡ് ചെയ്യാം.

മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകിയാണ് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത്. ഇതിനോടകം തന്നെ ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ ആൻഡ്രോയിഡിൽ ആപ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിന്റെ കേരളത്തിലെ വിഭാഗമാണ് ആപ്പിന്റെ നിർമാണ മേൽനോട്ടം വഹിച്ചത്. എൻഡ് ടു എൻഡ് എൻക്രിപ്ഷനാണ് സന്ദേശ് ആപ്പിന്റെ മറ്റൊരു സവിശേഷത. വാട്ട്‌സ് ആപ്പിന് പകരമായാണ് സർക്കാർ പുതിയ ആപ്പ് പുറത്തിറക്കിയതെന്നാണ് വിവരം.

വിദ്യാശ്രീ പദ്ധതിയില്‍ ലാപ്‌ടോപ്പ് കിട്ടുന്നില്ല എന്ന പരാതിക്ക് പുറമെ കിട്ടിയ ലാപ്‌ടോപ്പുകള്‍ ഉപയോഗ ശൂന്യമെന്ന് പരാതി. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലാപ്‌ടോപ്പ് നിര്‍മ്മാതാക്കളായ കോക്കോണിക്‌സ് കമ്പനിക്കെതിരെയാണ് പരാതികള്‍.

ഒന്നോ രണ്ടോ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കൂടുതല്‍ ലാപ്‌ടോപ്പില്‍ നിന്ന് പങ്കെടുക്കാന്‍ ആയിട്ടില്ലെന്ന് കുട്ടികള്‍ പറയുന്നു. ഓണാകുക പോലും ചെയ്യാതെ ലാപ്‌ടോപ്പ് ഇപ്പോള്‍ കാഴ്ചവസ്തുവായി ഇരിക്കുകയാണെന്നും, കോക്കോണിക്‌സിനും കെഎസ്എഫ്ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികള്‍ അറിയിച്ചിട്ടും ഒരു ഫലവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേര്‍ന്നായിരുന്നു വിദ്യാശ്രീ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വന്നിരുന്നത്. അഞ്ഞൂറു രൂപ മാസ അടവില്‍ പതിനയ്യായിരം രൂപയാണ് ലാപ്‌ടോപ്പിന് ഈടാക്കുക, 2100ഓളം ലാപ്‌ടോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഉപയോഗ ശൂന്യമായവ മാറ്റി നല്‍കാന്‍ നടപടിയെടുക്കുമെന്നാണ് അധികൃതരുടെ പ്രതികരണം.

instagram

യൂത്തിനിടയില്‍ തരംഗമായ സോഷ്യല്‍ മീഡിയ ആപ്പ് ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേഷന്‍ എത്തി. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലെ ടെസ്റ്റുകള്‍ ഓട്ടോമാറ്റിക്കായി ഇനി വിവര്‍ത്തനം ചെയ്യും.

ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന സ്റ്റോറിയില്‍ അറിയാത്ത ഭാഷയിലുള്ള ടെക്സ്റ്റ് ആണ് നല്‍കിയിരിക്കുന്നതെങ്കില്‍ ഇത് ഓട്ടോമാറ്റിക്കായി വിവര്‍ത്തനം ചെയ്യാം. സ്റ്റോറി പോസ്റ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി കാണാനാവുന്ന ‘സീ ട്രാന്‍സലേഷന്‍’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് ആവശ്യമുള്ള ഭാഷയില്‍ വിവര്‍ത്തനം ചെയ്യാം.

ഹിന്ദി, ജാപ്പനീസ്, പോര്‍ച്ചുഗീസ്, അറബിക് തുടങ്ങിയവ ഉള്‍പ്പെടെ 90 ഭാഷകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഇത് തന്നെയാണ് പുതിയ അപ്‌ഡേഷന്റെ പ്രധാന സ്വീകാര്യതയും.

കോഴിക്കോട്: ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ വലയില്‍ വീഴ്ത്തി പണം തട്ടുന്നതായി റിപ്പോര്‍ട്ട്. സിം വെരിഫിക്കേഷന്‍ എന്ന വ്യാജേന ഫോണ്‍ ചെയ്ത് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം ചോര്‍ത്തുന്ന രീതിയാണ് തട്ടിപ്പുകാര്‍ പിന്തുടരുന്നത്.

കൊയിലാണ്ടി സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലെ പണം കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തട്ടിയെടുത്തിരുന്നു. ഇതേതുടര്‍ന്ന് സിം ഉപയോഗിക്കുന്നവര്‍ ജാഗ്രത പൂലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി ബി എസ് എന്‍ എല്‍ രംഗത്തുവന്നിട്ടുണ്ട്.

സിം വെരിഫിക്കേഷന്‍ നടത്തണമെന്നും ഇതിനായി അവര്‍ നിര്‍ദ്ദേശിക്കുന്ന ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ആവശ്യപ്പെടുകയും, ശേഷം പത്തുരൂപ അവരുടെ അക്കൗണ്ടിലേക്ക് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയും ചെയ്താണ് തട്ടിപ്പിന്റെ തുടക്കം. പിന്നീട് ആപ്പുവഴി ഫോണിലെ വിവരങ്ങള്‍ ഹാക്ക് ചെയ്താണ് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ ചോര്‍ത്തുന്നത്.

അതേസമയം, ബി എസ് എന്‍ എല്‍ സിം എടുക്കുമ്പോള്‍ 1507 നമ്പറില്‍ വിളിച്ച് അഡ്രസ് വെരിഫിക്കേഷന്‍ നടത്താന്‍ മത്രമാണ് നിര്‍ദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് മറ്റൊരു കോളും ബിഎസ്എന്‍എല്‍ ചെയ്യാറില്ലെന്ന് തട്ടിപ്പിനെ തുടര്‍ന്ന് അവര്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ബിഎസ്എന്‍എല്‍ മൊബൈല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 1503 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കു വിളിച്ചാല്‍ മതിയെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഡൈനോ റണ്‍ ഗെയിമിന് പുതിയ മുഖം നല്‍കി ഗൂഗിള്‍. ടോക്കിയോ ഒളിംപിക്‌സിന്റെ ഭാഗമായി ഡൈനോ റണ്ണിന് വേറിട്ട അപ്‌ഡേഷനുകള്‍ ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍ ഇപ്പോള്‍.

ഒളിമ്പിക്‌സ് മത്സര ഇനങ്ങളായ സര്‍ഫിങ്ങും, ഹഡില്‍സും, നീന്തലും, ഓട്ടവും, ചാട്ടവുമൊക്കെ ഡൈനോ റണ്‍ ഗെയിമില്‍ ഗൂഗിള്‍ അപ്‌ഡേഷന്റെ ഭാഗമായി ചേര്‍ത്തിട്ടുണ്ട്. ഗെയിമിന്റെ മോണോക്രോം ഇന്റര്‍ഫേസില്‍ വ്യത്യസ്ത വര്‍ണങ്ങളും നല്‍കിയിട്ടുണ്ട്. മാത്രമല്ല, സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന ഒളിമ്പിക്‌സ് ദീപ ശിഖയില്‍ ക്ലിക് ചെയ്താല്‍ ഡൈനോയുടെ നിറം മാറുകയും ഒളിമ്പിക്‌സ് മത്സരങ്ങളില്‍ ഡൈനോയെ പങ്കെടുപ്പിക്കാനും സാധിക്കും.

ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ഒരു സ്‌ക്രീന്‍ ഷോട്ടിലൂടെയാണ് ഡൈനോ റണ്‍ ഒളിമ്പിക്‌സ് അപ്‌ഡേഷനെ കുറിച്ച് സൂചന നല്‍കിയത്. ‘എന്റെ സര്‍ഫിങ് കഴിവുകളില്‍ ഞാന്‍ കുറച്ച് പണിയെടുക്കേണ്ടതുണ്ട്..’ എന്ന അടിക്കുറിപ്പോടെയാണ് പിച്ചൈ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമാണ് ഡൈനോ റണ്‍ ഗെയിം. ബ്രൗസിങ്ങിനിടെ ഇന്റര്‍നെറ്റ് പോയാല്‍ ടാബില്‍ പ്രത്യക്ഷപ്പെടുന്ന ഡൈനോ ഗെയിം കളിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. chrome://dino/ എന്ന് ഗൂഗിള്‍ ക്രോം ബാറില്‍ ടൈപ്പ് ചെയ്താല്‍ അപ്‌ഡേറ്റഡ് ഒളിമ്പിക് ഡൈനോ റണ്‍ ഗെയിം കളിക്കാം.

club house

തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ നിർബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ. ഇതുസംബന്ധിച്ച ഉത്തരവ് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിർന്നവർ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കമ്മീഷന്റെ നടപടി.

തുടർച്ചയായ സൈബർ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ നടപടികളും തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ ഉൾപ്പെടുത്തി വിശദമായ മാർഗരേഖ തയ്യാറാക്കി നൽകണമെന്നാണ് ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കമ്മീഷൻ അംഗം കെ. നസീർ ചാലിയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഐ. ടി സെക്രട്ടറിയ്ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ റദ്ദാക്കിയെന്നും സർക്കാർ ഉറപ്പു വരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.

ക്ലബ്ബ് ഹൗസിൽ പ്രായ പരിമിതി ഇല്ലാതെ അംഗത്വമെടുക്കാമെന്നും ആർക്കും താൽപര്യമുള്ള വിഷയങ്ങൾ സംസാരിക്കാമെന്നും പരിശോധനയിൽ കമ്മീഷന് ബോധ്യപ്പെട്ടു. ഗ്രൂപ്പിൽ പങ്കുവെക്കുന്ന കുട്ടിയുടെ പ്രായം, പഠിക്കുന്ന സ്ഥാപനം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ഒഴികെ കുട്ടിക്ക് നേരെയുള്ള ഇടപെടലുകൾ ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങൾ ക്ലബ് ഹൗസിൽ വളരെ പരിമിതമാണെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളെ നിരീക്ഷിക്കുന്ന കേരള പോലീസിന്റെ സൈബർഡോം വിഭാഗം ബാലാവകാശ കമ്മീഷനെ അറിയിച്ചത്.

രക്ഷാകർത്താവിന്റെ അനുവാദം കൂടാതെ നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ചേരാൻ കഴിയുകയില്ല എന്നിരിക്കെ, പ്രായപൂർത്തിയായവർ മാത്രമാണോ ക്ലബ് ഹൗസിൽ ചേരുന്നതെന്ന് പരിശോധിക്കുന്നതിനുള്ള ഒരു സംവിധാനവും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. രക്ഷാകർത്താവിന്റെ സമ്മതം കൂടാതെ ഏതെങ്കിലും കുട്ടി ചേർന്നാൽ ആ കുട്ടിയുടെ അംഗത്വം റദ്ദാക്കുമെന്ന് കമ്പനിയുടെ നയപ്രസ്താവത്തിൽ പറയുന്നുണ്ടെങ്കിലും പ്രായം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ഒരുവിധ നിയന്ത്രണവും പ്രായഭേദവുമില്ലാതെ ആർക്കും അംഗത്വമെടുക്കാം. വ്യവസ്ഥകൾ പാലിക്കാതെ നടക്കുന്ന ചർച്ചകൾ പരിശോധിക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് വ്യക്തമല്ല. ക്ലബ് ഹൗസ് ചർച്ചകൾ റെക്കോർഡ് ചെയ്യുന്നില്ല എന്നു മാത്രമല്ല, ഓരോ സെഷനും കഴിയുമ്പോൾ കണ്ടന്റ് ഡിലീറ്റ് ചെയ്യുന്നു. അതിനാൽ നിയമവിരുദ്ധ പ്രവൃത്തികൾ ഉണ്ടായാൽപ്പോലും കോടതികളിൽ തെളിയിക്കുക പ്രയാസമാണെന്നും കമ്മീഷൻ വിശദമാക്കി.

ജെറുസലേം: ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് നിർമ്മാതാക്കളായ എൻ.എസ്.ഒ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന് എന്തെങ്കിലും തെളിവ് ലഭിച്ചാൽ അക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് എൻ.എസ്.ഒ. വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ, മാധ്യപ്രവർത്തകർ, ജുഡീഷ്യറി അംഗങ്ങൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തുവെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണുണ്ടായത്. ഈ സാഹചര്യത്തിലാണ് എൻ എസ് ഒയുടെ പ്രതികരണം.

17 മാദ്ധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് ഫോൺ ചോർത്തിയെന്ന വിവരം പുറത്തുവിട്ടത്. തങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാൽ മുൻപ് എന്നത്തെയും പോലെ എൻ.എസ്.ഒ. വിശദമായ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ ചാര സോഫ്റ്റ്‌വെയർ തന്നെ നിർത്തലാക്കുമെന്നും കമ്പനി അറിയിച്ചു.

തങ്ങൾക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളെല്ലാം എൻ എസ് ഒ നിഷേധിച്ചു. ഭീകരവാദം, കുറ്റകൃത്യങ്ങൾ, പൊതുസുരക്ഷാ തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാരുകൾക്ക് മാത്രമാണ് തങ്ങൾ സോഫ്റ്റ്‌വെയർ നൽകുന്നതെന്നാണ് എൻ.എസ്.ഒയുടെ അവകാശവാദം. പുറത്തെത്തിയ ലിസ്റ്റ് പെഗാസസിന്റെ ലക്ഷ്യങ്ങളോ ലക്ഷ്യമാക്കാൻ സാധ്യതയുള്ളതോ ആയിരുന്നില്ലെന്നും കമ്പനി പറയുന്നു. ലിസ്റ്റിൽ ഉൾപ്പെട്ട നമ്പറുകൾക്ക് എൻ.എസ്.ഒ. ഗ്രൂപ്പുമായി ബന്ധമില്ലെന്നും കമ്പനി വിശദീകരിക്കുന്നു.