Technology (Page 37)

ഡല്‍ഹി: വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകള്‍ താരതമ്യം ചെയ്താല്‍ ഉപയോക്തൃ ഇന്റര്‍ഫേസില്‍ പൊരുത്തക്കേട് അനുഭവപ്പെടുന്നു. എന്നാല്‍, വാബീറ്റഇന്‍ഫോയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഇതില്‍ ഉടന്‍ തന്നെ മാറ്റമുണ്ടായേക്കാമെന്നാണ്. വാട്ട്‌സ്ആപ്പ് ഡെവലപ്പര്‍മാര്‍ ചാറ്റുകള്‍, കോളുകള്‍, കമ്മ്യൂണിറ്റികള്‍, സ്റ്റാറ്റസ് ടാബുകള്‍ എന്നിവ ആപ്പിന്റെ ഐഒഎസ് പതിപ്പിന് സമാനമായി നാവിഗേഷന്‍ ബാര്‍ സ്‌ക്രീനിന്റെ താഴേക്ക് നീക്കുന്നതായാണ് റിപ്പോര്‍ട്ട്. ആപ്ലിക്കേഷന്റെ ഉപയോക്തൃ ഇന്റര്‍ഫേസ് നവീകരിക്കാന്‍ ആവശ്യപ്പെടുന്ന ഉപയോക്താക്കള്‍ക്കുള്ള പ്രതികരണമാണ് ഈ മാറ്റമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വരാനിരിക്കുന്ന മാറ്റം ആന്‍ഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പില്‍ (2.23.8.4) കാണാം. സമീപഭാവിയില്‍ സ്ഥിരതയുള്ള പതിപ്പിലേക്കുള്ള വഴി കണ്ടെത്തിയേക്കാം. നാവിഗേഷന്‍ ബാര്‍ താഴെ ക്രമീകരിക്കുന്നതിലൂടെ വലിയ ഫോണുകളുള്ള ഉപയോക്താക്കള്‍ക്ക് ഒരു കൈ ഉപയോഗിച്ച് വിവിധ ടാബുകള്‍ എടുക്കാന്‍ എളുപ്പമാണ്. പുതിയ മാറ്റം നിലവില്‍ വികസന ഘട്ടത്തിലാണെന്നും മറ്റ് ചില മെച്ചപ്പെടുത്തലുകള്‍ക്കൊപ്പം ആപ്പിന്റെ ഭാവി പതിപ്പില്‍ ലഭ്യമാകും.

വ്യക്തിഗത ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള കഴിവ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള വീഡിയോ സന്ദേശങ്ങള്‍, വോയ്‌സ് നോട്ടുകള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി സജ്ജീകരിക്കുക, പുതിയ ഗ്രൂപ്പ് അംഗങ്ങളെ അസെപ്റ്റ് ചെയ്യുക എന്നിവ ഉള്‍പ്പെടെ പുതിയ സവിശേഷതകള്‍ കൊണ്ടുവരാന്‍ ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ വാട്ട്‌സ്ആപ്പ് ഡെവലപ്പര്‍മാര്‍ പ്രവര്‍ത്തിക്കുകയാണ്.

ആപ്പിളിന്റെ ആദ്യ സ്റ്റോര്‍ ഈ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ബികെസി എന്നറിയപ്പെടുന്ന സ്റ്റോര്‍ മുംബൈ നഗരത്തിലാണ് പ്രവര്‍ത്തനമാരംഭിക്കുക.

മുംബൈയുടെ തനതായ കാലിപീലി ടാക്‌സികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആപ്പിള്‍ ബികെസി സ്റ്റോര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതേസമയം, രണ്ടാമത്തെ സ്റ്റോര്‍ ഉടന്‍ തന്നെ ഡല്‍ഹിയില്‍ ആരംഭിക്കുമെന്ന് ആപ്പിള്‍ സൂചന നല്‍കി.

ഇന്ത്യയില്‍ സ്വന്തമായൊരു സ്റ്റോര്‍ തുറക്കാനുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പു തന്നെ ആപ്പിള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുംബൈയില്‍ ഇടം കണ്ടെത്തിയത്. പുതിയ ആപ്പിള്‍ സ്റ്റോറില്‍ കമ്ബനിയുടെ പലതരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്നതാണ്. തനതായ ശൈലിയില്‍ ‘ഹലോ മുംബൈ’ എന്ന ആശംസ നല്‍കിയാണ് സ്റ്റോറിലേക്ക് കമ്ബനി ആളുകളെ സ്വാഗതം ചെയ്യുക. അതേസമയം, പുതിയ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ബികെസിയുടെ വാള്‍പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ട്വിറ്ററിന്റെ നടത്തിപ്പ് വേദന നിറഞ്ഞതാണെന്ന് ഇലോണ്‍ മസ്‌ക്. ശരിയായൊരു വ്യക്തിയെ കണ്ടെത്തിയാല്‍ താന്‍ ട്വിറ്റര്‍ വില്‍ക്കാന്‍ തയ്യാറാണെന്നും മസ്‌ക് പറഞ്ഞു. ബിബിസിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് മസ്‌കിന്റെ ഈ പ്രതികരണം.

എന്നാല്‍, മടുപ്പ് തോന്നുന്നില്ലെന്നും ഇതൊരു ഒരു റോളര്‍കോസ്റ്ററിനെ പോലെയാണെന്നും ഇതുവരെയുള്ള ട്വിറ്ററിലെ അനുഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് മസ്‌ക് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സമ്മര്‍ദ്ദമേറെയാണ്. ജോലിത്തിരക്ക് കാരണം ഓഫീസില്‍ തന്നെ കിടന്നുറങ്ങേണ്ടിവരാറുണ്ട്. ഓഫീസില്‍ ആരും പോവാത്ത ഒരു ലൈബ്രറിയില്‍ ഒരു സോഫയില്‍ തനിക്കായി ഒരു സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ് കമ്ബനി വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിബിസി യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ‘സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം’ എന്ന് ലേബല്‍ ചെയ്യാനുള്ള ശ്രമം ബിബിസി എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ അഭിമുഖം പുറത്തുവന്നിരിക്കുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോ: വാട്‌സ്ആപ്പ് ടെക്സ്റ്റ് എഡിറ്റിംഗ് ഫീച്ചര്‍ ഇനി ബീറ്റ ടെസ്റ്റിന് എത്തി. ഇതനുസരിച്ച് ലഭിക്കുന്ന ടൂളുകളും ഫോണ്ടുകളും ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും ജിഫുകളും എഡിറ്റ് ചെയ്യാനാകും. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. കീബോര്‍ഡിന് മുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോണ്ട് ഓപ്ഷനുകളിലൊന്ന് ടാപ്പുചെയ്യുന്നതിലൂടെ ഫോണ്ടുകള്‍ വേഗത്തില്‍ മാറ്റാനാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇതുവഴി ആവശ്യമുള്ള ഫോണ്ട് തെരഞ്ഞെടുക്കാം. പുതിയ ഫീച്ചര്‍ വരുന്നതോടെ ടെക്സ്റ്റ് അലൈന്‍മെന്റ് ഇടത്തോട്ടോ മധ്യത്തിലോ വലത്തോട്ടോ സജ്ജീകരിക്കാം. ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് പ്രധാനപ്പെട്ട ടെക്സ്റ്റുകളെ ബാക്കിയുള്ളവയില്‍ നിന്ന് വേര്‍തിരിച്ചറിയുന്നതിന് സഹായിക്കും. കാലിസ്റ്റോഗ, കൊറിയര്‍ പ്രൈം, ഡാമിയോണ്‍, എക്‌സോ 2, മോണിംഗ് ബ്രീസ് എന്നിവ ബീറ്റാ ടെസ്റ്ററുകള്‍ക്ക് ലഭ്യമാക്കിയ പുതിയ ഫോണ്ടുകളില്‍ ഉള്‍പ്പെടുന്നു.

വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ നിലവില്‍ ശ്രദ്ധ നേടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വാട്ട്സാപ്പ് ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷിക്കുന്നത്. പുതിയ ഫീച്ചര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍, കോണ്‍ടാക്ടുകള്‍, ഗ്രൂപ്പുകള്‍ എന്നിവ ലോക്ക് ചെയ്യാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍ ആര്‍ക്കൊക്കെ ആക്സസ് ചെയ്യാനാകുമെന്നതില്‍ പൂര്‍ണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാല്‍, പിന്നിടത് ഓപ്പണ്‍ ചെയ്യാന്‍ ഉപയോക്താവിന് മാത്രമേ കഴിയൂ. അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.

ലണ്ടന്‍: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പട്ടികയില്‍ ട്വിറ്റര്‍ ബി.ബി.സിയെയും ഉള്‍പ്പെടുത്തി. ബി.ബി.സിക്ക് പുറമെ പി.ബി.എസ്, എന്‍.പി.ആര്‍,വോയ്സ് ഓഫ് അമേരിക്ക തുടങ്ങിയവയെയും സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെന്ന ടാഗാണ് ട്വിറ്റര്‍ നല്‍കിയിരിക്കുന്നത്.

അതേസമയം, ട്വിറ്ററിന്റെ നടപടിക്കെതിരെ ബി.ബി.സി രംഗത്തെത്തി. ‘ലോകത്തെമ്ബാടും ഏകദേശം 25 ലക്ഷം ഫോളോവേഴ്സാണ് ഞങ്ങള്‍ക്കുള്ളത്. എക്കാലവും സ്വതന്ത്ര മാധ്യമായാണ് പ്രവര്‍ത്തിക്കുന്നത്. ഇനിയും അങ്ങനെതന്നെയായിരിക്കും.ലൈസന്‍സ് ഫീ വഴി ബ്രിട്ടണിലെ പൊതുജനങ്ങളാണ് ഞങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത്’-ട്വിറ്റര്‍ വ്യക്തമാക്കി.

അമേരിക്കയിലെ എന്‍.പി.ആറിനെ സര്‍ക്കാര്‍ മാധ്യമമെന്ന ടാഗ് നല്‍കിയത് ഏറെ വിവാദമായിരുന്നു.ഇതിന് പന്നാലെയാണ് ബിബിസിയെയും സര്‍ക്കാര്‍ മാധ്യമമാക്കിയത്. എന്നാല്‍ നയയവും ഉള്ളടക്കവും സര്‍ക്കാര്‍ തീരുമാനിക്കുന്ന മാധ്യമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മാധ്യമമെന്ന ടാഗ് നല്‍കുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും സഹായധന ഉറവിടം വ്യക്തമാക്കുന്ന ലേബല്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും ഇലോണ്‍ മസ്‌ക് ബി.ബി.സിയെ അറിയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഗ്യാസ് സിലിന്‍ഡര്‍ ബുക്ക് ചെയ്യുന്നതിനായി വാട്സ്ആപ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭാരത് ഗ്യാസ്, ഇന്‍ഡെയ്ന്‍, എച്ച്പി ഗ്യാസ് തുടങ്ങിയ കമ്ബനികളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടിലിരുന്ന് സൗകര്യപ്രദമായി പാചക വാതകം ഓര്‍ഡര്‍ ചെയ്യാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. കമ്ബനിയില്‍ രജിസ്റ്റര്‍ ചെയ്ത നമ്ബറിലാണ് വാട്സ്ആപ് ഉപയോഗിക്കേണ്ടത്.

വാട്സ്ആപ്പ് വഴി സിലിന്‍ഡര്‍ എങ്ങനെ ബുക്ക് ചെയ്യാം?

ഇന്‍ഡെയ്ന്‍ ഗ്യാസ് സിലിന്‍ഡര്‍

ഉപഭോക്താക്കള്‍ക്ക് 7588888824 എന്ന നമ്ബറില്‍ ബുക്ക് ചെയ്യാം. ആദ്യം നമ്ബര്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യുക. ശേഷം വാട്ട്‌സ്ആപ്പ് തുറക്കുക. സേവ് ചെയ്ത നമ്ബര്‍ തുറന്ന് BOOK അല്ലെങ്കില്‍ REFILL എന്ന് സന്ദേശം അയക്കുക. തുടര്‍ന്ന് നിങ്ങള്‍ക്ക് ഓര്‍ഡര്‍ പൂര്‍ത്തിയാക്കിയതിന്റെ അറിയിപ്പ് ലഭിക്കും. സിലിന്‍ഡര്‍ ബുക്കിംഗിന്റെ ഡെലിവറി തീയതിയും മറുപടിയില്‍ സൂചിപ്പിക്കും. ഗ്യാസ് ബുക്കിംഗിന്റെ സ്റ്റാറ്റസ് അറിയാന്‍, STATUS, ഓര്‍ഡര്‍ നമ്ബര്‍ എന്നിവ എഴുതി അതേ നമ്ബറിലേക്ക് അയയ്ക്കണം.

എച്ച് പി സിലിന്‍ഡര്‍

കസ്റ്റമര്‍ കെയര്‍ നമ്ബര്‍ 9222201122 സേവ് ചെയ്യുക. വാട്സ്ആപ്പില്‍ പോയി സേവ് ചെയ്ത നമ്ബര്‍ തുറന്ന് ‘BOOK’ എന്ന് അയയ്ക്കുക. ഓര്‍ഡര്‍ വിശദാംശങ്ങള്‍ മറുപടിയായി വരും. സിലിന്‍ഡറിന്റെ ഡെലിവറി തീയതി ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഇതില്‍ ഉണ്ടാകും.

ഭാരത് ഗ്യാസ് സിലിന്‍ഡര്‍

ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് 1800224344 എന്ന വാട്ട്‌സ്ആപ്പ് നമ്ബര്‍ വഴി സിലിന്‍ഡറുകള്‍ ബുക്ക് ചെയ്യാം. ഇതിനുപുറമെ, https://my(dot)ebharatgas(dot)com/bharatgas/Home/Index എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ പാചക വാതകം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

2022-ല്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഓരോ ദിവസവും കര്‍ണാടകയില്‍ ശരാശരി 1 കോടി രൂപയോളമാണ് വ്യക്തികളിലൂടെ നഷ്ടമാകുന്നതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. സൈബര്‍ കുറ്റ കൃത്യങ്ങള്‍ മൂലം ബംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബജറ്റില്‍ രണ്ട് സൈബര്‍ സുരക്ഷ ഫോറന്‍സിക് ലാബുകള്‍ പ്രഖ്യാപിച്ചു. ശിവമോഗയിലും തുംകുരുവിലുമാണ് ഫോറന്‍സിക് ലാബുകള്‍ പ്രഖ്യാപിച്ചത്. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് സൈബര്‍ സുരക്ഷ ലാബ് ഉള്ളത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത് സഹായിക്കുമെന്നും വിദഗ്ദര്‍ പറഞ്ഞു.

ഭരണ സംവിധാനത്തിന്റെ നട്ടെല്ല് സാങ്കേതിക വിദ്യ ആയതിനാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണനയുണ്ടെന്ന് ബജറ്റ് അവതരണ വേളയില്‍ ബൊമ്മൈ പരാമര്‍ശിച്ചു. ഇതിന്റെ ഭാഗമായി ഓണ്‍മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന സൈബര്‍ സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് കര്‍ണാടക ആഭ്യന്തരവകുപ്പ്.

വാഷിംഗ്ടണ്‍: ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് നരേന്ദ്രമോദിയെ ട്വിറ്ററില്‍ ഫോളോ ചെയ്യാന്‍ ആരംഭിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇലോണ്‍ ഫോളോ ചെയ്യുന്ന 195 പേരില്‍ മോദിയുടെ പേരും ഉണ്ടെന്ന് കാണിക്കുന്നുണ്ട്. ഇതിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട് ഇന്നലെ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന വ്യക്തിയാണ് മസ്‌ക്. 134.3 മില്യണ്‍ ആളുകളാണ് മസ്‌കിനെ ഫോളോ ചെയ്യുന്നത്. മോദിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം 87.7 മില്യണാണ്. മോദിയെ എലോണ്‍ മസ്‌ക് ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന വിവരം ‘ എലോണ്‍ അലേര്‍ട്ട്‌സ്’ എന്ന ട്വിറ്റര്‍ അക്കൗണ്ട് ആണ് പുറത്തുവിട്ടത്. ഇവരാണ് എലോണിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൂടുതലായി നിരീക്ഷിക്കുന്നത്.

ഇത് പ്രചരിച്ചതോടെ പലരും കമന്റുകളുമായി രംഗത്തെത്തി. രാജ്യത്തിന്റെ വികസനത്തിന്റെ ചര്‍ച്ചയ്ക്ക് ട്വിറ്ററില്‍ തുടക്കമായിയെന്നാണ് പലരുടെയും കമന്റ്. ടെസ്ല ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തുമെന്നതിന്റെ സൂചനയാണ് ഇതെന്നും ചിലര്‍ അവകാശപ്പെട്ടു. ടെസ്ലയുടെ ഒരു ഫാക്ടറി ഇന്ത്യയില്‍ പ്രതീക്ഷിക്കാമോ എന്നും പലരും ട്വിറ്ററില്‍ ചോദിക്കുന്നുണ്ട്.

ട്വിറ്ററിന്റെ സോഴ്സ് കോഡുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. കോഡിന്റെ ഭാഗങ്ങള്‍ ഗിറ്റ്ഹബ് എന്ന ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ ഡവലപ്മെന്റ് പ്ലാറ്റ്ഫോമില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ലഭ്യമായിരുന്നു. എന്നാല്‍ ട്വിറ്റര്‍ പകര്‍പ്പവകാശ ലംഘന നോട്ടീസ് ഫയല്‍ ചെയ്തതിന് പിന്നാലെ ഇത് നീക്കം ചെയ്തു.

അതേസമയം, സംഭവത്തിന് പിന്നില്‍ മുന്‍ ജീവനക്കാരനാണെന്നാണ് കമ്ബനിയുടെ സംശയം. ഫ്രീ സ്പീച്ച് എന്തൂസിയാസിസ്റ്റ് എന്നാണ് കോഡുകള്‍ ലീക്ക് ചെയ്ത ഉപയോക്താവിന് പേര് നല്‍കിയിരിക്കുന്നത്. ഉപയോക്താവിന്റെ പേര് വെളിപ്പെടുത്തുവാന്‍ ഗിറ്റ്ഹബ്ബിനോട് ഉത്തരവിടാന്‍ കോടതിയില്‍ ട്വിറ്റര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സോഴ്സ് കോഡ് ചോര്‍ന്നതായി അടുത്തിടെയാണ് ട്വിറ്റര്‍ എക്സിക്യൂട്ടീവുകളെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സോഴ്സ് കോഡുകളിലൂടെ കണ്ടെത്തിയ കേടുപാടുകള്‍ ഹാക്കര്‍മാര്‍ ഇതിനോടകം ചൂഷണം ചെയ്തോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വ്യത്യസ്തമാര്‍ഗങ്ങള്‍ കണ്ടെത്തിയ കമ്ബനിയ്ക്ക് ഇത് വലിയൊരു തിരിച്ചടിയാണ്.

വാട്‌സാപ്പിന്റെ വിന്‍ഡോസ് ഡെസ്‌ക്ടോപ് പതിപ്പില്‍ ഇനി വീഡിയോ, ഓഡിയോ കോളുകളും ചെയ്യാന്‍ സൗകര്യമൊരുക്കി കമ്പനി. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പേരെ ഗ്രൂപ്പ് കോളിലേക്ക് ക്ഷണിക്കാം.

മെറ്റയുടെ ബ്ലോഗ് പോസ്റ്റ് പ്രകാരം പുതിയ വാട്‌സാപ് ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനിലൂടെ ഇപ്പോള്‍ എട്ട് പേരുമായി ഗ്രൂപ്പ് വിഡിയോ കോള്‍ ചെയ്യാം. ഒരേസമയം 32 പേരുമായി ഓഡിയോ കോളുകളും ചെയ്യാനാകുമെന്ന് പറയുന്നു. കൂടുതല്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായും ഒന്നിച്ച് കോള്‍ ചെയ്യാന്‍ കാലക്രമേണ ഈ പരിധികള്‍ വര്‍ധിപ്പിക്കുമെന്നും കമ്ബനി അറിയിച്ചു. വിന്‍ഡോസിനായുള്ള പുതിയ വാട്‌സാപ് ഡെസ്‌ക്ടോപ് ആപ്ലിക്കേഷന് മൊബൈല്‍ പതിപ്പിന് സമാനമായ ഇന്റര്‍ഫേസ് ആണെന്നും മെറ്റാ പറയുന്നു.

കമ്ബനിയുടെ മറ്റ് ആപ്പുകളെ പോലെ തന്നെ ഡെസ്‌ക്ടോപ് ആപ്പിലും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കുന്നത് തുടരുമെന്ന് വാട്‌സാപ് പറയുന്നു. പ്രൈമറി ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കിലും വിന്‍ഡോസ് ഡെസ്‌ക്ടോപ് ആപ്പില്‍ മെസേജുകള്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു വാട്‌സാപ് അക്കൗണ്ടുമായി നാല് ഡിവൈസുകള്‍ വരെ കണക്റ്റ് ചെയ്യാം. പ്രൈമറി ഫോണില്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കില്‍ പോലും എല്ലാ ഉപകരണങ്ങളിലും മെസേജുകള്‍ ലഭിക്കും. ആപ്പിളിന്റെ മാക് ഉപയോക്താക്കള്‍ക്കുള്ള വാട്‌സാപ് ഡെസ്‌ക്ടോപ് പതിപ്പ് ബീറ്റ ടെസ്റ്റിങ്ങിലാണ്.