Technology (Page 36)

കാലിഫോര്‍ണിയ: വാട്‌സ്ആപ്പില്‍ അജ്ഞാത നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍ നിശബ്ദമാക്കുന്ന ഫീച്ചര്‍ ഉടന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. എന്നിരുന്നാലും, ആ നമ്ബര്‍ ഉപയോക്താക്കളുടെ കോള്‍ ലിസ്റ്റിലും നോട്ടിഫിക്കേഷനിലും തുടര്‍ന്നും ദൃശ്യമാകും. ഇതോടെ വാട്സ്ആപ് ഉപയോക്താക്കള്‍ക്ക് അനാവശ്യ കോളുകളും സ്പാം കോളുകളും ഒഴിവാക്കാനാകുമെന്ന് വാട്സ്ആപ് ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo റിപ്പോര്‍ട്ട് ചെയ്തു.

സ്പാം കോള്‍ തട്ടിപ്പുകാരും അനാവശ്യ ഫോണ്‍ കോളുകളും അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. വാട്സാപ്പിലും ഇത്തരം കോളുകള്‍ ധാരാളം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്പാം കോളുകള്‍ വഴി വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

വാട്സ്ആപ്പില്‍ സ്പാം കോളര്‍മാരെ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ഇതിനകം ഓപ്ഷന്‍ ഉണ്ട്. ഇപ്പോള്‍ ഈ കോളുകള്‍ ഉപയോക്താക്കള്‍ക്ക് ശല്യമാകാതിരിക്കാനാണ് മ്യൂട്ട് ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തുന്നത്.

കാലിഫോര്‍ണിയ: മസ്‌കുലാര്‍ ഡിസ്‌ട്രോഫി രോഗമുള്ള, വീല്‍ചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന ഹരാള്‍ദുര്‍ തോര്‍ലീഫ്സണ്‍ എന്ന ഭിന്നശേഷിയുള്ള ജീവനക്കാരനെ അധിക്ഷേപിച്ച് ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ജോലിയും ശമ്ബളവും സംബന്ധിച്ച് ട്വീറ്റുകളിലൂടെയുള്ള വാക്‌പോരിനിടെയായിരുന്നു അധിക്ഷേപം.

‘പ്രിയപ്പെട്ട ഇലോണ്‍ മസ്‌ക് ഒന്‍പത് ദിവസമായി കമ്ബനിയുടെ കമ്ബ്യൂട്ടറിലേക്ക് എനിക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ല. എച്ച്.ആറുമായി ബന്ധപ്പെട്ടപ്പോള്‍ മറുപടിയൊന്നും ലഭിച്ചില്ല. എന്റെ ജോലി നഷ്ടമായതാണോ അല്ലയോ എന്ന് വ്യക്തമാക്കണം’- ഇതായിരുന്നു ട്വിറ്ററില്‍ ഹല്ലിയെന്ന് അറിയപ്പെടുന്ന ഹരാള്‍ദുര്‍ തോര്‍ലീഫ്സന്റെ ആവശ്യം. മസ്‌ക് ഹല്ലിയെ പരിഹസിച്ചാണ് മറുപടി നല്‍കിയത്. എന്താണ് ജോലിയെന്ന് ചോദിച്ച മസ്‌ക്, ഹല്ലിക്ക് ‘പ്രമുഖവും സജീവവുമായ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടെന്നും സമ്ബന്നനാണെന്നും’ മസ്‌ക് ട്വീറ്റ് ചെയ്തു. ‘വലിയ പ്രതിഫലം ലഭിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എന്നെ പരസ്യമായി നേരിടുന്നത്’ എന്നും ‘രോഗാവസ്ഥയുടെ പേരു പറഞ്ഞ് കമ്ബനിയെ പറ്റിക്കുകയാണ്’ എന്നും ‘സുഖമില്ലാത്തയാള്‍ ഇവിടെ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുക’ ആണെന്നും മസ്‌ക് അധിക്ഷേപിച്ചു. തുടര്‍ന്ന് കാലുകള്‍ ചലിപ്പിക്കാനാവാത്ത തന്റെ ആരോഗ്യസ്ഥിതി ഹല്ലി വിശദീകരിച്ചു. 25ആം വയസ്സു മുതല്‍ ഇതാണ് അവസ്ഥയെന്നും കഴിഞ്ഞ 20 വര്‍ഷമായി വീല്‍ചെയറിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ ഹല്ലിക്ക് പിന്തുണയുമായി നിരവധി പേരെത്തി. തുടര്‍ന്നായിരുന്നു മസ്‌കിന്റെ ഖേദപ്രകടനം- ‘എന്താണ് യാഥാര്‍ഥ്യമെന്ന് അറിയാന്‍ ഞാന്‍ ഹല്ലിയുമായി വീഡിയോ കോളില്‍ സംസാരിച്ചു. അതൊരു വലിയ കഥയാണ്. ട്വീറ്റില്‍ സംസാരിക്കുന്നതിനേക്കാള്‍ ആളുകളോട് നേരിട്ട് ആശയവിനിമയം നടത്തുന്നതാണ് നല്ലത്. അദ്ദേഹത്തിന്റെ സാഹചര്യത്തെ തെറ്റിദ്ധരിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നോട് പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പ്രതികരണം’-മസ്‌ക് പറഞ്ഞു.

സ്റ്റാറ്റസുകള്‍ ‘റിപ്പോര്‍ട്ട്’ ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. അപകടം, സംഘര്‍ഷം തുടങ്ങി വാട്‌സ്ആപ്പിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുളള സ്റ്റാറ്റസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നതാണ്. ഈ ഫീച്ചറിനെ കുറിച്ച് മാസങ്ങള്‍ക്കു മുന്‍പ് തന്നെ വാട്‌സ്ആപ്പ് സൂചനകള്‍ നല്‍കിയിരുന്നു.

വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഉടന്‍ തന്നെ ഈ ഫീച്ചര്‍ ലഭിക്കുന്നതാണ്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ, സ്റ്റാറ്റസ് കാണുമ്‌ബോള്‍ റിപ്പോര്‍ട്ട് എന്ന ഓപ്ഷന്‍ കൂടി തെളിയും. ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്താല്‍, കമ്ബനി അത് നിരീക്ഷിച്ചതിനു ശേഷം സ്റ്റാറ്റസ് ചെയ്യാനുള്ള നടപടി സ്വീകരിക്കും. ആദ്യ ഘട്ടത്തില്‍ വാട്‌സ്ആപ്പ് മെസേജുകളും ചിത്രങ്ങളും മാത്രമാണ് ഉപഭോക്താക്കള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിരുന്നത്.

ഗൂഗിള്‍ ക്രോമിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പഴയ പതിപ്പുകള്‍ ചൂഷണം ചെയ്യാന്‍ വളരെ എളുപ്പമാണ്. അതിനാല്‍, ഗൂഗിള്‍ ക്രോം ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വെളിപ്പെടുത്തിയിട്ടുണ്ട്.

പഴയ വേര്‍ഷനിലുള്ള ഗൂഗിള്‍ ക്രോം ഉപഭോക്താക്കളുടെ സ്വകാര്യത വിവരങ്ങളിലേക്കുള്ള ആക്‌സസ് നേടാന്‍ വളരെ എളുപ്പമാണ്. ഇത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കൂടാതെ, തട്ടിപ്പുകാര്‍ക്ക് എളുപ്പം സിസ്റ്റത്തിലേക്ക് നുഴഞ്ഞു കയറാനും, വിവരങ്ങള്‍ ചോര്‍ത്താനും സാധിക്കുന്നതാണ്. വളരെ ലളിതമായ സ്റ്റെപ്പുകളിലൂടെ ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ ക്രോം യഥാക്രമം അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ പുതിയ വേര്‍ഷന് സിസ്റ്റത്തെ സംരക്ഷിക്കാനാകുന്നതാണ്.

പുരുഷ ശബ്ദത്തിലും സംസാരിക്കാവുന്ന തരത്തില്‍ അലക്‌സയില്‍ പുതിയ മാറ്റങ്ങളുമായി ആമസോണ്‍.

യഥാര്‍ത്ഥ ശബ്ദത്തിനോടൊപ്പം പുരുഷ ശബ്ദത്തിലും സേവനം നല്‍കുന്ന ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഇന്ത്യയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് പുതിയ ഫീച്ചര്‍ ആമസോണ്‍ അവതരിപ്പിക്കുന്നത്.

ഇംഗ്ലീഷിന് പുറമേ, ഹിന്ദിയിലും പ്രതികരിക്കാന്‍ തരത്തിലുള്ള മാറ്റങ്ങളാണ് ആമസോണ്‍ അലക്‌സയില്‍ വരുത്തുന്നത്. ഉപകരണത്തില്‍ ‘അലക്‌സാ, ചേഞ്ച് യുവര്‍ വോയിസ്’ എന്ന് പറഞ്ഞാല്‍ ഉപകരണത്തിന്റെ ക്രമീകരണത്തിലൂടെ ശബ്ദം മാറ്റാന്‍ സാധിക്കും. നിലവില്‍, മിക്ക ആളുകളുടെയും നിത്യജീവിതത്തിന്റെ ഭാഗമാകാന്‍ അലക്‌സയ്ക്ക് സാധിച്ചിട്ടുണ്ട്. ശബ്ദത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് ആമസോണിന്റെ വിലയിരുത്തല്‍. ആമസോണ്‍ വികസിപ്പിച്ച ഒരു ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റ് സംവിധാനമാണ് അലക്‌സ.

ട്വിറ്ററിന് ബദലായി മറ്റൊരു ആപ്ലിക്കേഷനുമായി ട്വിറ്ററിന്റെ മുന്‍ സിഇഒ ജാക്ക് ഡോര്‍സി. ബ്ലൂ സ്‌കൈ എന്ന പേര് നല്‍കിയിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തുമോ എന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. ട്വിറ്ററിന്റെ സിഇഒ ആയി വീണ്ടും ജാക്ക് ഡോര്‍സി വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന നീക്കം.

ട്വിറ്ററിന്റെ നീല നിറവും രൂപവും നിലനിര്‍ത്തി കൊണ്ടാണ് ബ്ലൂ സ്‌കൈ വികസിപ്പിച്ചിരിക്കുന്നത്. ടെസ്റ്റിംഗിന്റെ ഭാഗമായി ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ബ്ലൂ സ്‌കൈ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നിലവില്‍, ഇന്‍വൈറ്റ് ഓണ്‍ലി ബീറ്റ മോഡലാണ് ഇവ പുറത്തിറക്കിയിരിക്കുന്നതെങ്കിലും, അധികം വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ബ്ലൂ സ്‌കൈ ലഭ്യമായി തുടങ്ങുമെന്നാണ് സൂചന. ട്വിറ്ററിന്റെ യൂസര്‍ ഇന്റര്‍ഫേഴ്‌സിന് സമാനമാണ് ബ്ലൂ സ്‌കൈയുടെ യുഐയും.

ബ്ലൂ സ്‌കൈ ആപ്ലിക്കേഷനില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും, ഷെയര്‍ ചെയ്യാനും, മ്യൂട്ട് ചെയ്യാനും സാധിക്കുന്നതാണ്. ട്വിറ്ററിലും സമാന ഫീച്ചര്‍ ഉണ്ട്. അതേസമയം, ബ്ലൂ സ്‌കൈയില്‍ ഡയറക്റ്റ് മെസേജ് ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ല. ബ്ലൂ സ്‌കൈ യൂസര്‍മാരോട് ചോദിക്കുന്ന പരസ്യ വാചകം ‘What’s up?’ എന്നാണ്.

സാക്രമെന്റോ: ഒപ്പുവെച്ച കരാറുകള്‍ അവസാനിക്കുന്നതിന് മുമ്ബ് തന്നെ യാതൊരു കാരണവും കൂടാതെ പ്രസിഡന്റ് ഗ്രേഗ് ടോംബിനെ പുറത്താക്കി വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമായ സൂം. കൊവിഡിന് ശേഷം കമ്ബനി സിഇഒ എറിക് യുവാന്‍ 1,300 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ പ്രസിഡന്റ് ഗ്രേഗ് ടോംബും കമ്ബനിക്ക് പുറത്ത് പോകുന്നത്.

ബിസിനസുകാരനും മുന്‍ ഗൂഗിള്‍ ജീവനക്കാരനുമായ ടോംബ് സൂമില്‍ ചുമതലയേല്‍ക്കുന്നത് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു. തുടര്‍ന്ന് കമ്ബനിയിലെ സാമ്ബത്തിക നേട്ടങ്ങളില്‍ പങ്കാളിയായിരുന്നു അദ്ദേഹം. വ്യക്തികളെ സാമൂഹികമായി ബന്ധിപ്പിച്ചിരുന്നതില്‍ പ്രധാന പങ്ക് വഹിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമുകളില്‍ ഒന്നായിരുന്നു സൂം. കോവിഡ് കാലഘട്ടത്തിലാണ് ആപ്പിന്റെ ഉപയോഗം കൂടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കമ്ബനി അധികം ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം ഉപയോക്താക്കള്‍ ആപ്പ് ഉപയോഗിക്കുന്നത് കുറയുകയും ഇത് കമ്ബനിയെ സാരമായി ബാധിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂട്ട പിരിച്ചുവിടല്‍.

ജോലി,വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഔദ്യോഗിക ഇടപെടലുകള്‍ക്കുമായാണ് കൊവിഡ് കാലഘട്ടത്തില്‍ സൂം ആപ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഈ കാലഘട്ടത്തില്‍ കമ്ബനിക്ക് വന്‍ വളര്‍ച്ചയുണ്ടായി. എന്നാല്‍ കൊവിഡ് അവസാനിച്ചതിന് ശേഷം കമ്ബനി തകര്‍ച്ച നേരിട്ടു. ഇപ്പോഴുണ്ടായിരിക്കുന്ന സാമ്ബത്തിക പ്രതിസന്ധി നേരിടാനാണ് കമ്ബനി കൂട്ട പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി: 2022 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ. ന്യൂയോര്‍ക്ക് ആസ്ഥാനമായി ഡിജിറ്റല്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്‌സസ് നൗ എന്ന എന്‍ജിഒ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

റിപ്പോര്‍ട്ട് പ്രകാരം അഞ്ചാം തവണയാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യമാകുന്നത്. പോയ വര്‍ഷം ലോകത്താകമാനം 187 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച സംഭവങ്ങള്‍ ഉണ്ടായി എന്നും അതില്‍ 84 എണ്ണം ഇന്ത്യയിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക ടെലികോം വിപണിയിലെ ഏറ്റവും കുറഞ്ഞ 5ജി നിരക്കാകും ഇന്ത്യയില്‍ വരാന്‍ പോകുന്നതെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് പറഞ്ഞിരുന്നു. രാജ്യത്തെ നൂറുകണക്കിന് നഗരങ്ങളില്‍ 5ജി സേവനം ലഭ്യമാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് സംവിധാനത്തെയും ബില്‍ ഗേറ്റ്സ് പ്രശംസിച്ചു. ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഒരു സെഷനില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ നെറ്റ്വര്‍ക്കിനെ ബില്‍ഗേറ്റ്‌സ് പ്രശംസിക്കുകയും ഇന്ത്യ ഭാവിയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ 5ജി ലഭ്യമാകുന്ന വിപണിയാകുമെന്നും അദ്ദേഹം പറഞ്ഞത്.

‘ഇന്ത്യയ്ക്ക് മികച്ച ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് ഉണ്ട്, സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്നവരും കൂടുതലാണ്. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിച്ചും ഇന്ത്യയില്‍ ഇടപാടുകള്‍ തുടങ്ങിയിരിക്കുന്നു. നിലവിലെ 4ജി കണക്റ്റിവിറ്റി മികച്ചതാണ്, ഇത് വളരെ വിശ്വസനീയമാണ്, ഇത് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞതാണ്. 5ജി യിലും അതുതന്നെയാണ് ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നത്. ഇത് ഏറ്റവും കുറഞ്ഞ നിരക്കില്‍ 5ജി സേവനം ലഭിക്കുന്ന വിപണിയായിരിക്കുമെന്നതില്‍ സംശയമില്ല. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന് ഇന്ത്യ ‘അടിത്തറ സ്ഥാപിച്ചു’ കഴിഞ്ഞു. രാജ്യത്തെ ഡിജിറ്റല്‍ ഐഡന്റിറ്റി സംവിധാനം മികച്ചതാണ്. സാമ്പത്തിക ആക്സസും പേയ്മെന്റും എല്ലാം പ്രത്യേകം ആപ്ലിക്കേഷനുകള്‍ വഴിയാണ് നടക്കുന്നതെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.

സൗജന്യ വൈഫൈ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത് സുരക്ഷിതമല്ലെന്ന് യുഎഇയില്‍ ബാങ്കുകളുടെ മുന്നറിയിപ്പ്. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഉപയോഗിക്കുമ്‌ബോള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.

സൈബര്‍ തട്ടിപ്പുകാര്‍ ഫോണിലും ലാപ്ടോപ്പിലും സൂക്ഷിച്ച വ്യക്തിഗത രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയേക്കാം. ബാങ്ക് പോലെ അതീവ സുരക്ഷ ഇടപാടുകള്‍ക്ക് യോജിച്ചതല്ല പൊതു വൈഫ്. രഹസ്യ കോഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോരാന്‍ വഴിയുണ്ടെന്നും പണം നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.