ഇന്ത്യയുടെ ഡിജിറ്റല്‍ ഐഡന്റിറ്റി സംവിധാനം മികച്ചത്; പ്രശംസിച്ച് ബില്‍ഗേറ്റ്‌സ്

ലോക ടെലികോം വിപണിയിലെ ഏറ്റവും കുറഞ്ഞ 5ജി നിരക്കാകും ഇന്ത്യയില്‍ വരാന്‍ പോകുന്നതെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് പറഞ്ഞിരുന്നു. രാജ്യത്തെ നൂറുകണക്കിന് നഗരങ്ങളില്‍ 5ജി സേവനം ലഭ്യമാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് സംവിധാനത്തെയും ബില്‍ ഗേറ്റ്സ് പ്രശംസിച്ചു. ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഒരു സെഷനില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ നെറ്റ്വര്‍ക്കിനെ ബില്‍ഗേറ്റ്‌സ് പ്രശംസിക്കുകയും ഇന്ത്യ ഭാവിയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ 5ജി ലഭ്യമാകുന്ന വിപണിയാകുമെന്നും അദ്ദേഹം പറഞ്ഞത്.

‘ഇന്ത്യയ്ക്ക് മികച്ച ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് ഉണ്ട്, സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്നവരും കൂടുതലാണ്. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിച്ചും ഇന്ത്യയില്‍ ഇടപാടുകള്‍ തുടങ്ങിയിരിക്കുന്നു. നിലവിലെ 4ജി കണക്റ്റിവിറ്റി മികച്ചതാണ്, ഇത് വളരെ വിശ്വസനീയമാണ്, ഇത് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞതാണ്. 5ജി യിലും അതുതന്നെയാണ് ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നത്. ഇത് ഏറ്റവും കുറഞ്ഞ നിരക്കില്‍ 5ജി സേവനം ലഭിക്കുന്ന വിപണിയായിരിക്കുമെന്നതില്‍ സംശയമില്ല. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന് ഇന്ത്യ ‘അടിത്തറ സ്ഥാപിച്ചു’ കഴിഞ്ഞു. രാജ്യത്തെ ഡിജിറ്റല്‍ ഐഡന്റിറ്റി സംവിധാനം മികച്ചതാണ്. സാമ്പത്തിക ആക്സസും പേയ്മെന്റും എല്ലാം പ്രത്യേകം ആപ്ലിക്കേഷനുകള്‍ വഴിയാണ് നടക്കുന്നതെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.