ഭിന്നശേഷിയുള്ള ജീവനക്കാരനെ അധിക്ഷേപിച്ചു; പിന്നാലെ ഖേദപ്രകടനം നടത്തി മസ്‌ക്‌

കാലിഫോര്‍ണിയ: മസ്‌കുലാര്‍ ഡിസ്‌ട്രോഫി രോഗമുള്ള, വീല്‍ചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന ഹരാള്‍ദുര്‍ തോര്‍ലീഫ്സണ്‍ എന്ന ഭിന്നശേഷിയുള്ള ജീവനക്കാരനെ അധിക്ഷേപിച്ച് ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ജോലിയും ശമ്ബളവും സംബന്ധിച്ച് ട്വീറ്റുകളിലൂടെയുള്ള വാക്‌പോരിനിടെയായിരുന്നു അധിക്ഷേപം.

‘പ്രിയപ്പെട്ട ഇലോണ്‍ മസ്‌ക് ഒന്‍പത് ദിവസമായി കമ്ബനിയുടെ കമ്ബ്യൂട്ടറിലേക്ക് എനിക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ല. എച്ച്.ആറുമായി ബന്ധപ്പെട്ടപ്പോള്‍ മറുപടിയൊന്നും ലഭിച്ചില്ല. എന്റെ ജോലി നഷ്ടമായതാണോ അല്ലയോ എന്ന് വ്യക്തമാക്കണം’- ഇതായിരുന്നു ട്വിറ്ററില്‍ ഹല്ലിയെന്ന് അറിയപ്പെടുന്ന ഹരാള്‍ദുര്‍ തോര്‍ലീഫ്സന്റെ ആവശ്യം. മസ്‌ക് ഹല്ലിയെ പരിഹസിച്ചാണ് മറുപടി നല്‍കിയത്. എന്താണ് ജോലിയെന്ന് ചോദിച്ച മസ്‌ക്, ഹല്ലിക്ക് ‘പ്രമുഖവും സജീവവുമായ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടെന്നും സമ്ബന്നനാണെന്നും’ മസ്‌ക് ട്വീറ്റ് ചെയ്തു. ‘വലിയ പ്രതിഫലം ലഭിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എന്നെ പരസ്യമായി നേരിടുന്നത്’ എന്നും ‘രോഗാവസ്ഥയുടെ പേരു പറഞ്ഞ് കമ്ബനിയെ പറ്റിക്കുകയാണ്’ എന്നും ‘സുഖമില്ലാത്തയാള്‍ ഇവിടെ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുക’ ആണെന്നും മസ്‌ക് അധിക്ഷേപിച്ചു. തുടര്‍ന്ന് കാലുകള്‍ ചലിപ്പിക്കാനാവാത്ത തന്റെ ആരോഗ്യസ്ഥിതി ഹല്ലി വിശദീകരിച്ചു. 25ആം വയസ്സു മുതല്‍ ഇതാണ് അവസ്ഥയെന്നും കഴിഞ്ഞ 20 വര്‍ഷമായി വീല്‍ചെയറിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ ഹല്ലിക്ക് പിന്തുണയുമായി നിരവധി പേരെത്തി. തുടര്‍ന്നായിരുന്നു മസ്‌കിന്റെ ഖേദപ്രകടനം- ‘എന്താണ് യാഥാര്‍ഥ്യമെന്ന് അറിയാന്‍ ഞാന്‍ ഹല്ലിയുമായി വീഡിയോ കോളില്‍ സംസാരിച്ചു. അതൊരു വലിയ കഥയാണ്. ട്വീറ്റില്‍ സംസാരിക്കുന്നതിനേക്കാള്‍ ആളുകളോട് നേരിട്ട് ആശയവിനിമയം നടത്തുന്നതാണ് നല്ലത്. അദ്ദേഹത്തിന്റെ സാഹചര്യത്തെ തെറ്റിദ്ധരിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നോട് പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പ്രതികരണം’-മസ്‌ക് പറഞ്ഞു.