Technology (Page 35)

ന്യൂഡല്‍ഹി: ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. അമൃത് പാല്‍ സിങ് വിഷയവും സിക്ക് പ്രതിഷേധ വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് നടപടി. അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

അതേസമയം, മാധ്യമപ്രവര്‍ത്തകരുടെയും കനേഡിയന്‍ അധികൃതരുടെയടക്കം ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ ദില്ലിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ഫ്രാന്‍സില്‍ ടിക് ടോക് നിരോധിച്ചു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും ടിക് ടോക് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ടിക്ടോകിന് പുറമേ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ ജനപ്രിയ സമൂഹമാദ്ധ്യമങ്ങള്‍ക്കും ഫ്രാന്‍സ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഫ്രഞ്ച് ട്രാന്‍സ്ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ മന്ത്രി ട്വിറ്ററിലൂടെ ഔദ്യോഗികമായി വിവിരം പങ്കുവെയ്ക്കുകയായിരുന്നു.

‘ഞങ്ങളുടെ അഡ്മിനിസ്ട്രേഷനുകളുടെയും സിവില്‍ സര്‍വീസുകളുടെയും സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ ഫോണുകളില്‍ ടിക്ടോക് പോലുള്ള വിനോദ ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു’- പബ്ലിക് അഡ്മിനിസ്ട്രേഷന്‍ മന്ത്രി ട്വീറ്റ് ചെയ്തു.

ട്വിക് ടോക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഇന്‍സ്റ്റാള്‍ ചെയ്യുന്നതും നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. നിരോധിക്കപ്പെട്ട ആപ്ലിക്കേഷനുകള്‍ ആവശ്യമായ സൈബര്‍ സുരക്ഷയും ഡാറ്റാ പരിരക്ഷയും നല്‍കുന്നില്ല. കൂടാതെ ഇത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഫോണുകളിലെ ഡാറ്റാ സംരക്ഷണത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഉപഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാകുന്നതിന് ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സംവിധാനം ഉപയോഗിക്കുന്നത് ഗുണകരമാണ്.

സോഷ്യല്‍ മീഡിയ, ഇമെയില്‍ അക്കൗണ്ടുകള്‍ Two Factor Authentication സംവിധാനം ഉപയോഗിച്ച് സുരക്ഷിതമാക്കുന്നതാണ് നല്ലത്. വാട്ട്സ് ആപ്പ് ഉപഭോക്താക്കള്‍ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സെറ്റ് ചെയ്യുന്നതിനായി സെക്യൂരിറ്റി പിന്‍ നമ്ബര്‍ ചേര്‍ക്കേണ്ടതും, സ്വന്തം ഇ-മെയില്‍ ഐ ഡി വാട്ട്സ്ആപ്പില്‍ ആഡ് ചെയ്യുവാന്‍ ശ്രദ്ധക്കേണ്ടതുമാണ്.

ഗ്രൂപ്പ് അഡ്മിന്‍മാരെ ഉദ്ദേശിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ് ഇപ്പോള്‍.

‘അപ്രൂവ് ന്യൂ പാര്‍ട്ടിസിപ്പെന്റ്സ്’ എന്ന പേരിലാണ് പുതിയ ഫീച്ചര്‍. ഗ്രൂപ്പില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ ഓണാക്കിയാല്‍ അഡ്മിന്മാരുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിക്കൂ. അതായത് പുതിയ അംഗത്തിന് ഗ്രൂപ്പില്‍ അംഗമാകണമെങ്കില്‍ ഗ്രൂപ്പ് അഡ്മിന്‍മാരുടെ അനുമതി വേണമെന്ന് സാരം. ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് വഴി ഗ്രൂപ്പില്‍ അംഗമാകുന്നത് ഇന്ന് പതിവാണ്.

എന്നാല്‍ പുതിയ ഫീച്ചര്‍ ലൈവ് ആയാല്‍ ഗ്രൂപ്പ് അഡ്മിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. ഇതോടെ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം നിയന്ത്രണപരിധിയില്‍ നിര്‍ത്താന്‍ അഡ്മിന്‍മാര്‍ക്ക് സാധിക്കും. ഗ്രൂപ്പില്‍ അംഗമാക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന റിക്വിസ്റ്റുകളില്‍ ആവശ്യമുള്ളത് മാത്രം അനുവദിക്കാന്‍ അവസരം നല്‍കുന്നവിധമാണ് സംവിധാനം ഒരുക്കുന്നത്.

ന്യൂഡൽഹി: ബാറ്റിൽ റൊയേൽ ഗെയിം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിഗ്മി)യുടെ വിലക്ക് അധികം വൈകാതെ പിൻവലിക്കുമെന്ന് റിപ്പോർട്ട്. ഗെയിമിംഗ് ആപ്പിനുള്ള വിലക്ക് നീക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചില മാറ്റങ്ങളോടുകൂടി നിശ്ചിത കാലത്തേക്ക് ബിഗ്മിയുടെ നിരോധനം നീക്കാൻ സർക്കാർ തീരുമാനിച്ചതായും സർക്കാർ ആവശ്യപ്പെട്ട മാറ്റങ്ങൾക്ക് ഗെയിം ഡെവലപ്പർ തയ്യാറായ്യെന്നുമുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഗെയിം കളിക്കുന്നതിന് സമയ പരിധി ഏർപ്പെടുത്തുന്നതുൾപ്പടെയുള്ള മാറ്റങ്ങൾ സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് സൂചന.

ഗെയിമിൽ കാണിക്കുന്ന രക്തപ്പാടുകളുടെ നിറം മാറ്റും. നേരത്തെ ചുവപ്പ് നിറത്തിലുള്ള രക്തപ്പാടുകൾ പച്ചനിറത്തിലേക്ക് ഇഷ്ടാനുസരണം മാറ്റാനുള്ള സൗകര്യം ഗെയിമിൽ ഉണ്ടായിരുന്നു. എന്നാൽ, പച്ചനിറം മാത്രമായിരിക്കും പുതിയ പതിപ്പിൽ ഉണ്ടാവുക.

ഇക്കാര്യത്തിൽ ബിഗ്മി ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. പബ്ജി ഗെയിമിന്റെ ഇന്ത്യൻ പതിപ്പാണ് ബിഗ്മി. 2022 ജൂലായ് 28 നാണ് ബിഗ്മിയെ നിരോധിച്ചത്.

നൂറ് കണക്കിന് ഹിറ്റ് ഇന്ത്യന്‍ ഗാനങ്ങളാണ് ഇപ്പോള്‍ സ്പോട്ടിഫൈയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. അതിനാല്‍ ഇഷ്ടഗാനങ്ങളൊക്കെയും പെട്ടെന്ന് കേള്‍ക്കുന്നതിന് പ്ലേലിസ്റ്റ് ഉള്‍പ്പടെ തയ്യാറാക്കി വച്ചിരിക്കുന്ന ആസ്വാദകരെല്ലാം ഞെട്ടലിലാണ്.

ബാജിറാവു മസ്താനിയിലെ മല്‍ഹാരി, ബാര്‍ ബാര്‍ ദേഖോയിലെ കാലാ ചഷ്മ, കളങ്ക്, രാം-ലീല, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, മിഷന്‍ മംഗള്‍, ത്രീ ഇഡിയറ്റ്സ്, ജഴ്സി തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളുള്‍പ്പടെ കാണാതായവയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഈ പാട്ടുകളുടെ ഉടമകളുമായുള്ള പഴയ കരാര്‍ അവസാനിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സ്പോട്ടിഫൈ അധികൃതരുടെ പ്രതികരണം. പുതിയ കരാറില്‍ ഏര്‍പ്പെടാനായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ സ്പോട്ടിഫൈ ഉപയോക്താക്കള്‍ ട്വിറ്ററിലുള്‍പ്പടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഡല്‍ഹി: ആറ് യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. ഖലിസ്താന്‍ അനുകൂല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് യൂട്യൂബ് ചാനലുകള്‍ കേന്ദ്രം പൂട്ടിച്ചത്.

പഞ്ചാബില്‍ അമൃത്പാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ‘വാരിസ് പഞ്ചാബ്’ പ്രക്ഷോഭത്തിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. പഞ്ചാബി ഭാഷയിലുള്ള യൂട്യൂബ് ചാനലുകളാണ് പൂട്ടിയത്. വിദേശത്തു നിന്നാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്ന് അപൂര്‍വ ചന്ദ്ര അറിയിച്ചു.

അതേസമയം, നടപടി സ്വീകരിച്ച ചാനലുകളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പത്തു ദിവസം മുന്‍പാണ് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിവര-വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം ചാനലുകള്‍ക്കെതിരെ യൂട്യൂബ് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. കൃത്രിമബുദ്ധിയും മറ്റ് അല്‍ഗോരിതങ്ങളും ഉപയോഗിച്ച് അപകടകരമായ ഉള്ളടക്കമുള്ള ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് ഫോണുകളിലെ വാട്‌സ്ആപ്പില്‍ റീഡ് റെസീപ്റ്റ് ഡിസേബിള്‍ ആക്കാതെ തന്നെ, സന്ദേശമയച്ച വ്യക്തി അറിയാതെ നിങ്ങള്‍ക്ക് സന്ദേശം വായിക്കാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം…

ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ആദ്യമായി നിങ്ങളുടെ ഹോം പേജില്‍ ഹോള്‍ഡ് ഡൗണ്‍ ചെയ്യുക എന്നതാണ്. ലഭ്യമായ വിഡ്ജറ്റുകള്‍ എല്ലാം അപ്പോള്‍ കാണാന്‍ കഴിയും. വാട്ട്‌സ്ആപ് വിഡ്ജറ്റിനെ നിങ്ങലുടെ മെയിന്‍ സ്‌ക്രീനിലേക്ക് കൊണ്ടുവരിക. ശേഷം ഡണ്‍ എന്നതില്‍ ക്ലിക്ക് ചെയ്യുമ്‌ബോള്‍ അത് ഹോം പേജില്‍ സേവ് ചെയ്യപ്പെടും. പിന്നീട് അത് ഫുള്‍ സ്‌ക്രീന്‍ ആക്കുക. അതിനുശേഷം താഴോട്ട് സ്‌ക്രോള്‍ ചെയ്ത് സന്ദേശങ്ങള്‍ മുഴുവന്‍ വായിക്കുക. എന്നാല്‍, ഒരിക്കലും മെസേജില്‍ ക്ലിക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ ചെയ്താല്‍ ഈ പോംവഴി പ്രാവര്‍ത്തികമാകില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) സഹായത്തോടെ വീഡിയോ ഉള്‍പ്പെടെയുള്ള ചാറ്റ്ജിപിടിയാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കാനൊരുങ്ങുന്നത്. ഓപ്പണ്‍ എ ഐയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് മൈക്രാേസോഫ്റ്റ് പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്. എന്നാലിപ്പോള്‍ ചാറ്റ്ജിപിടി സൃഷ്ടിച്ചതില്‍ താനിപ്പോള്‍ ഭയക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൃഷ്ടാവായ സാം ആള്‍ട്ട്മാന്‍.

‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമൂഹത്തെ പുനര്‍നിര്‍മിക്കും. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ചാറ്റ്ജിപിടിയ്ക്ക് മനുഷ്യന്‍ ചെയ്യുന്ന ജോലികള്‍ക്ക് പകരമാകാന്‍ സാധിച്ചേക്കും. എന്നിരുന്നാലും മനുഷ്യന്‍ നിര്‍മിച്ച ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് എ ഐ. ചാറ്റ്ജിപിടി മനുഷ്യന് പകരമായാലും മനുഷ്യന്റെ സര്‍ഗാത്മകത പരിധിയില്ലാത്തതായതിനാല്‍ നമ്മള്‍ പുതിയ ജോലികള്‍ കണ്ടെത്തും.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി എ ഐ ഉപയോഗിക്കാനുള്ള സാദ്ധ്യതയില്‍ ആശങ്കയുണ്ട്. ഇവയ്ക്ക് കമ്ബ്യൂട്ടര്‍ കോഡുകള്‍ എഴുതാന്‍ സാധിക്കുമെന്നതിനാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഇടയുണ്ട്. എ ഐ മനുഷ്യന്റെ നിയന്ത്രണത്തിലാണെങ്കിലും എത്തരത്തിലുള്ള മനുഷ്യരാണ് അത് നിയന്ത്രിക്കുന്നത് എന്നതില്‍ ഉറപ്പ് നല്‍കാനാകില്ല. നമ്മള്‍ നല്‍കുന്ന സുരക്ഷാപരിധികള്‍ അനുസരിക്കാത്തവരും ഇക്കൂട്ടത്തില്‍ ഉണ്ടാകും’- സാം ആള്‍ട്ട്മാന്‍ പറയുന്നു.

ഡല്‍ഹി:സാമ്ബത്തിക അനിശ്ചിതത്വം കാരണം 9,000 പേരെ പിരിച്ചുവിടാനുളള തയ്യാറെടുപ്പുമായി ആമസോണ്‍. ആമസോണ്‍ വെബ് സേവനങ്ങള്‍, പരസ്യം ചെയ്യല്‍, എന്നീ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരെയായിരിക്കും പിരിച്ചുവിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഴ്ചകള്‍ക്കുള്ളില്‍ പിരിച്ചുവിടല്‍ നടക്കുമെന്ന് സിഇഒ ആന്‍ഡി ജെസ്സി മെമ്മോയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സാമ്ബത്തിക മാന്ദ്യം കാരണം ചിലവ് കുറയ്ക്കുന്നതിനാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്ബനി സിഇഒ അറിയിച്ചു. ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്ബനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് ആവശ്യമാണെന്നും സിഇഒ കൂട്ടിച്ചേര്‍ത്തു.

18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ 2022 ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കിടയില്‍ ആമസോണ്‍ പിരിച്ചുവിട്ടത് 27,000 പേരെയാണ്. 2022ല്‍ 11,000-ലധികം പേരെ പിരിച്ചുവിട്ട മെറ്റ, വീണ്ടും 10,000 പേരെ കൂടി പിരിച്ചുവിടേണ്ടി വരുമെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.