വാട്‌സ്ആപ്പില്‍ അജ്ഞാത നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍ മ്യൂട്ട് ചെയ്യാം

കാലിഫോര്‍ണിയ: വാട്‌സ്ആപ്പില്‍ അജ്ഞാത നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍ നിശബ്ദമാക്കുന്ന ഫീച്ചര്‍ ഉടന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. എന്നിരുന്നാലും, ആ നമ്ബര്‍ ഉപയോക്താക്കളുടെ കോള്‍ ലിസ്റ്റിലും നോട്ടിഫിക്കേഷനിലും തുടര്‍ന്നും ദൃശ്യമാകും. ഇതോടെ വാട്സ്ആപ് ഉപയോക്താക്കള്‍ക്ക് അനാവശ്യ കോളുകളും സ്പാം കോളുകളും ഒഴിവാക്കാനാകുമെന്ന് വാട്സ്ആപ് ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo റിപ്പോര്‍ട്ട് ചെയ്തു.

സ്പാം കോള്‍ തട്ടിപ്പുകാരും അനാവശ്യ ഫോണ്‍ കോളുകളും അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. വാട്സാപ്പിലും ഇത്തരം കോളുകള്‍ ധാരാളം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്പാം കോളുകള്‍ വഴി വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

വാട്സ്ആപ്പില്‍ സ്പാം കോളര്‍മാരെ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ഇതിനകം ഓപ്ഷന്‍ ഉണ്ട്. ഇപ്പോള്‍ ഈ കോളുകള്‍ ഉപയോക്താക്കള്‍ക്ക് ശല്യമാകാതിരിക്കാനാണ് മ്യൂട്ട് ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തുന്നത്.