Technology (Page 13)

തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യാൻ സംവിധാനവുമായി പോലീസ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉടനെ തന്നെ അപരാജിത ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാം.

സൈബർ അതിക്രമങ്ങൾ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാം. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാന തലസെൽ നിയമനടപടികൾ സ്വീകരിച്ച് വിവരം പരാതിക്കാരെ അറിയിക്കും. വിവരങ്ങൾ ഇ മെയിൽ ആയും ഫോൺ വഴിയും അറിയിക്കാം. ഇമെയിൽ – aparajitha.pol@kerala.gov.in .ഫോൺ : 9497996992.

‘വിൻഡോസ് സബ് സിസ്റ്റം ഫോർ ആൻഡ്രോയിഡ്’ സപ്പോർട്ട് നിർത്തലാക്കുകയാണെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റ്. ‘വിൻഡോസ് സബ് സിസ്റ്റം ഫോർ ആൻഡ്രോയിഡ്’ എന്നത് വിൻഡോസ് 11 കമ്പ്യൂട്ടറുകളിൽ ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന സപ്പോർട്ട് സിസ്റ്റമാണ്. മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പ്രകാരം 2025 മാർച്ച് അഞ്ചോടെ ഈ ഫീച്ചറുപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഗെയിമുകളും ആപ്ലിക്കേഷനുകളും പ്രവർത്തന രഹിതമാകും. 2022 ലാണ് ഈ ഫീച്ചർ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.

ഫോണിന്റെ സഹായമില്ലാതെ ആൻഡ്രോയിഡ് ആപ്പുകൾ വിൻഡോസ് കമ്പ്യൂട്ടറിൽ പ്രവർത്തിക്കാൻ കഴിയുമെന്നതായിരുന്നു ഈ ഫീച്ചറിന്റെ പ്രത്യേകത. ആമസോൺ ആപ്പ് സ്റ്റോറിൽ നിന്നായിരുന്നു ഇതിലേക്ക് ആൻഡ്രോയിഡ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരുന്നത്. 2022 മുതൽ വിൻഡോസ് സബ്‌സിസ്റ്റം അപ്‌ഡേറ്റുകൾ കൃതൃമായി കമ്പനി പുറത്തിറക്കിയിരുന്നു.

2023 ഡിസംബറിൽ ആണ് ആൻഡ്രോയിഡ് 13 അപ്‌ഡേറ്റ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. 2025 വരെ നിലവിലുള്ള ആപ്പുകളും ഗെയിമുകളും പണിമുടക്കില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. അതേസമയം വിൻഡോസ് 11 ഉപഭോക്താക്കൾക്ക് ആമസോൺ ആപ്പ് സ്റ്റോറിലും, മൈക്രോസോഫ്റ്റ് സ്റ്റോറിലും ആൻഡ്രോയിഡ് ആപ്പുകൾ ഇനി സേർച്ച് ചെയ്യാൻ കഴിയില്ല. ആൻഡ്രോയിഡ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെങ്കിലും ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള അത്രയും ആപ്ലിക്കേഷനുകൾ ആമസോൺ ആപ്പ് സ്റ്റോറിൽ ലഭിക്കില്ല.

കഴിഞ്ഞ ദിവസം രണ്ടു മണിക്കൂറോളം നേരം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ് എന്നിവ പ്രവർത്തനരഹിതയാതോടെ മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റയുടെ ഓഹരി വിപണിയിലെ മാത്രം നഷ്ടം 2,48,69,35,50,000 കോടി രൂപ. മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും തടസം നേരിട്ടതോടെ 1.60 ശതമാനം ഇടിവാണ് മെറ്റ ഓഹരി വിപണിയിൽ ഉണ്ടായത്. 3 ബില്ല്യൺ ഡോളർ അഥവാ 24000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ് എന്നിവയ്ക്ക് പുറമേ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലും ചില തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. യുഎസ് ഓഹരി വിപണികൾ പ്രവർത്തിക്കുന്ന സമയത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തന രഹിതമായത്. മുൻപും മെറ്റ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തന രഹിതമായിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകൾ തകരാർ നേരിട്ടത്. ഉപയോക്താക്കളുടെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ തനിയെ ലോഗൗട്ട് ആകുകയായിരുന്നു. പിന്നീട് അക്കൗണ്ടിലേക്കു പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും പിന്നീട് മറ്റ് പ്ലാറ്റ്‌ഫോമുകളും വീണ്ടെടുത്തു. എന്നാൽ, സെർവർ തകരാറായതിന് പിന്നിലെ കാരണമെന്തെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.

ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സേവനത്തിന് തുടക്കം കുറിച്ച് ഫ്ളിപ്കാർട്ട് ഇന്ത്യ. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഫ്‌ളിപ്കാർട്ട് ഇന്ത്യ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഫ്‌ളിപ്കാർട്ട് ഉപയോക്താക്കൾക്കാണ് പുതിയ സേവനം പ്രയോജനം ചെയ്യുക.

ആപ്പ് തുറന്നാൽ ആദ്യം കാണുന്ന യുപിഐ സ്‌കാനർ ഉപയോഗിച്ച് ഇനി ഇടപാടുകൾ നടത്താൻ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭിക്കുക. വൈകാതെ ഐ.ഒ.എസിലും ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഓൺലൈൻ, ഓഫ്‌ലൈൻ പേയ്‌മെന്റുകൾക്കായി ഈ സേവനം ഉപയോഗിക്കാൻ കഴിയും. പണം കൈമാറ്റം ചെയ്യാനും റീചാർജ് ചെയ്യാനും ബിൽ പേയ്മെന്റുകൾക്കുമെല്ലാം ഇത് ഉപയോഗപ്പെടുത്താൻ കഴിയും. ഈ സേവനം ലഭിക്കാനായി ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ആപ്പിനുള്ളിൽ ‘ഫ്‌ളിപ്കാർട്ട് യുപിഐ’ ബാനർ നോക്കി അതിൽ ടാപ്പ് ചെയ്യുക. ‘ബാങ്ക് അക്കൗണ്ട് ചേർക്കുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ഫ്‌ളിപ്കാർട്ട് യുപിഐയുമായി ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് സെലക്ട് ചെയ്യുക. കൺഫർമേഷൻ നൽകുക. വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ ഉപയോക്താക്കൾക്ക് പരിധികളില്ലാതെ പേയ്‌മെന്റുകൾ നടത്തുന്നതിന് ഫ്‌ളിപ്കാർട്ട് യുപിഐ ഉപയോഗിക്കാം.

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 2.67 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട് കാവന്നൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ എലിയാപറമ്പിൽ വീട്ടിൽ ഷെമീർ പൂന്തല (38), ഏറനാട് കാവന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ വാക്കാലൂർ കിഴക്കേത്തല കടവിനടുത്ത് എടക്കണ്ടിയിൽ വീട്ടിൽ അബ്ദുൾ വാജിദ് (23), കാവന്നൂർ പഞ്ചായത്ത് 12-ാം വാർഡിൽ ചിരങ്ങക്കുണ്ട് ഭാഗത്ത് പൂന്തല വീട്ടിൽ ഹാരിസ് (ചെറിയോൻ-35) എന്നിവരെയാണ് മലപ്പുറം അരീക്കോട്ടുനിന്ന് ഞായറാഴ്ച പിടികൂടിയത്.

ആലപ്പുഴ മാന്നാർ സ്വദേശിയും ഗൾഫിൽ ജോലിചെയ്തിരുന്നയാളുമായ മുതിർന്ന പൗരനെ വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. ഓൺലൈൻ വ്യാപാരം നടത്തി വൻലാഭം നേടാമെന്നു വിശ്വസിപ്പിച്ചശേഷം ഒരു വെബ്‌സൈറ്റിന്റെ ലിങ്ക് അയച്ചുനൽകി. അതുവഴി വെർച്വൽ അക്കൗണ്ടു തുടങ്ങാനായിരുന്നു നിർദ്ദേശം. പരാതിക്കാരൻ ആദ്യം 50,000 രൂപ നിക്ഷേപിച്ചു. 15 ദിവസമായപ്പോൾ വെർച്വൽ അക്കൗണ്ടിൽ 65,000 രൂപ ആയി ഉയർന്നു. അതോടെ പരാതിക്കാരനു വിശ്വാസമായി. ഇതു മുതലെടുത്ത് വി.ഐ.പി. കസ്റ്റമറായി പരിഗണിച്ച് പ്രതികളിൽ രണ്ടുപേരും പരാതിക്കാരനും മാത്രമുള്ള ഒരു വി.ഐ.പി. വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി. പിന്നീട് പരാതിക്കാരൻ ഒരുലക്ഷം രൂപയിട്ടപ്പോൾ വെർച്വൽ അക്കൗണ്ടിൽ ഒരാഴ്ച കഴിഞ്ഞ് 1,92,000 രൂപയായി. ഇടയ്ക്കിടെ പണം നിക്ഷേപിച്ചില്ലെങ്കിൽ കിട്ടിയ ലാഭം പോകുമെന്നു പറഞ്ഞാണ് 26 ഇടപാടുകളിലായി 2.67 കോടി തട്ടിയെടുത്തത്.

വെർച്വൽ അക്കൗണ്ടിൽ ഒൻപതുകോടി രൂപയായപ്പോൾ പണം പിൻവലിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. അതിനിടെ, വരുമാനനികുതിയുടെ പേരിലും സേവനനിരക്കിന്റെ പേരിലും നല്ലൊരു തുക തട്ടി. അതിനുശേഷം ട്രേഡിങ് നടത്തിയ സൈറ്റും വാട്‌സാപ്പ് നമ്പരുമെല്ലാം തട്ടിപ്പുകാർ ഒഴിവാക്കി. ഇതേത്തുടർന്നാണ് മാന്നാർ സ്വദേശി സൈബർ പോലീസിനെ സമീപിച്ചത്.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അപ്പോൾത്തന്നെ നെറ്റ് ബാങ്കിങ്ങിലൂടെ കൈമാറുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഇതിനു പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ട്.
ഒരുകോടി രൂപയ്ക്കു മുകളിൽ പണം നഷ്ടപ്പെട്ട കേസായതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എസ്. അരുൺ, എസ്.ഐ.മാരായ നെവിൻ ടി.ഡി., മോഹൻകുമാർ, അഗസ്റ്റിൻ വർഗീസ്, എ.എസ്.ഐ. സുധീർ, ഹരികുമാർ, സി.പി.ഒ. ബൈജു സ്റ്റീഫൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

സൈബർ തട്ടിപ്പിൽ പെട്ടാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കുക. ഇത് പണം തിരിച്ചുകിട്ടാൻ നിങ്ങളെ ഏറെ സഹായിക്കും.

തിരുവനന്തപുരം: വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്.

മൊബൈലിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്‌ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചു കഴിഞ്ഞാൽ തുടർന്ന്
പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂവെന്നും പോലീസ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വിദേശത്തു നിന്ന് വാട്‌സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കേരളാ പോലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അപരിചിതമായ രാജ്യാന്തര വാട്‌സ്ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

ഇത്തരം വ്യാജ കോളുകളിൽ വിശ്വസിച്ച് നിരവധി സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. സൈബർ ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയാണ് ഇക്കൂട്ടർ വിളിക്കുന്നത്. താങ്കളുടെ ഫോൺ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകൾ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കുന്നു. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നു. ഇതോടെ പേടിച്ചു പോകുന്ന സ്ത്രീകളെ തുടർന്നുള്ള ദിവസങ്ങളിൽ വിളിച്ച് കേസ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുന്നു.

ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. അപരിചിതമായ വിദേശ നമ്പറുകളിലെ കോളുകൾ സ്വീകരിക്കാതിരിക്കുക. എല്ലാത്തരം സൈബർ തട്ടിപ്പിനെതിരെയും പരമാവധി ജാഗ്രത പാലിക്കുക. സംശയാസ്പദമായ സംഭവങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും പോലീസ് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. സേവന ഫീസ് പേയ്മെന്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നടപടി. ഇൻ-ആപ്പ് പേയ്മെന്റുകൾക്ക് 11 ശതമാനം മുതൽ 26 ശതമാനം വരെ ഫീസ് ചുമത്തുന്നതിൽ നിന്ന് ഗൂഗിളിനെ തടയാനുള്ള ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ശ്രമങ്ങളെ തുടർന്നാണ് തർക്കം ആരംഭിച്ചത്.

നേരത്തെ 15 ശതമാനം മുതൽ 30 ശതമാനം വരെ ഈടാക്കുന്ന രീതി ഒഴിവാക്കാൻ രാജ്യത്തെ ആന്റിട്രസ്റ്റ് അധികൃതർ ഉത്തരവിട്ടതിന് ശേഷമാണ് പുതിയ നടപടി. സ്റ്റാർട്ടപ്പുകൾക്ക് ഇളവ് നൽകേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ രണ്ട് കോടതി വിധികൾ ഫീസ് ഈടാക്കാനോ അല്ലെങ്കിൽ ആപ്പുകൾ നീക്കം ചെയ്യാനോ ഗൂഗിളിന് അനുമതി നൽകി. മാട്രിമോണി ഡേറ്റിംഗ് ആപ്ലിക്കേഷനുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി എന്നിവ വെള്ളിയാഴ്ച ഡിലീറ്റ് ചെയ്തതായി കമ്പനി സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ അറിയിച്ചു.

ശാദി ഡോട്ട് കോം, നൗകരി, 99 ഏക്കേഴ്‌സ് തുടങ്ങിയ ആപ്പുകളും ഗൂഗിൾ നീക്കം ചെയ്തു. പ്ലേ സ്റ്റോർ നയം ലംഘിച്ചതിന് ആൽഫബെറ്റ് ഇന്ത്യൻ കമ്പനികളായ മാട്രിമോണി.കോം, ഇൻഫോ എഡ്ജ് എന്നീ കമ്പനികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഗൂഗിളിന്റെ നടപടിയെ തുടർന്ന് ഭാരത് മാട്രിമോണിയുടെ ഓഹരി 2.7% വരെ ഇടിഞ്ഞു. ഇൻഫോ എഡ്ജിനും 1.5% നഷ്ടം സംഭവിച്ചു. ആപ്പ് നീക്കം ചെയ്യുന്നത് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നമ്മുടെ മൊബൈൽ ഫോൺ എപ്പോഴെങ്കിലും വെള്ളത്തിൽ വീഴുകയോ നനയുകയോ ചെയ്യുകയാണെങ്കിൽ ഉടൻ അത് അരിക്കലത്തിൽ ഇട്ട് വെയ്ക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് തെറ്റായ ശീലമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ ടെക് കമ്പനിയായ ആപ്പിൾ. ഈർപ്പം പെട്ടെന്ന് വലിച്ചെടുക്കുമെന്ന് കരുതി ഇനി ആരും ഫോൺ അരിക്കലത്തിൽ ഇട്ടുവെയ്ക്കരുതെന്നാണ് ആപ്പിൾ പറയുന്നത്. ഐഫോൺ ഉപയോക്താക്കൾക്കാണ് കമ്പനി ഇത്തരമൊരു മാർഗനിർദേശം നൽകിയിരിക്കുന്നത്.

ഫോണിന് ഇത് കൂടുതൽ പ്രശ്‌നമായേക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഫോൺ അരിപ്പാത്രത്തിൽ ഇടുമ്പോൾ ചെറുതരികൾ ഉള്ളിൽക്കടന്ന് ഐഫോണിന് കേടുവരുത്തിയേക്കാം. കൂടാതെ ഫോൺ ഉണക്കാൻ ഹെയർ ഡ്രയറുകൾ, കംപ്രസ്ഡ് എയർ ബ്ലോവറുകൾ പോലുള്ളവ ഉപയോഗിക്കരുതെന്നും ആപ്പിൾ ആവശ്യപ്പെട്ടു. കണക്ടറിലേക്ക് പേപ്പർ ടവലോ കോട്ടൺ ബഡോ തിരുകി കയറ്റരുതെന്നും നിർദ്ദേശമുണ്ട്. നനവുള്ളപ്പോൾ കേബിൾ കണക്ട് ചെയ്താൽ ഫോണിൽ മുന്നറിയിപ്പ് കാണിക്കും. ഇത്തരം സാഹചര്യങ്ങളിൽ കേബിൾ വേർപെടുത്തുകയും ഉണങ്ങുന്നത് വരെ കാത്തിരിക്കുയും വേണം.

ഫോൺ നനഞ്ഞിരിക്കുമ്പോൾ ഒരിക്കലും ചാർജ് ചെയ്യരുത്. ഐഫോൺ നനഞ്ഞാൽ അതിലെ പവർ അഡാപ്ടറിൽ നിന്നും കേബിൾ വേർപെടുത്താൻ ശ്രദ്ധിക്കണം. കണക്ടർ താഴേക്ക് വരും വിധം ഫോൺ പിടിച്ച് കയ്യിൽ പതിയേ തട്ടിയാൽ ബാക്കിയുള്ള വെള്ളം പുറത്തുവരും. വായു സഞ്ചാരമുള്ള ഇടത്ത് ഫോൺ ഉണങ്ങാൻ വെച്ച് 30 മിനിറ്റിന് ശേഷം ചാർജ് ചെയ്യാൻ ശ്രമിക്കാവുന്നതാണ്. ലിക്വിഡ് ഡിറ്റക്ഷൻ മുന്നറിയിപ്പ് അപ്പോഴും കാണുന്നുവെങ്കിൽ വെള്ളം മുഴുവനായി പോയിട്ടില്ലെന്നാണ് അർത്ഥം. മുഴുവനായി വെള്ളം ഉണങ്ങാൻ 24 മണിക്കൂറെങ്കിലും വേണ്ടിവന്നേക്കാം. ഫോൺ ഉണങ്ങിയിട്ടും ചാർജ് ആവുന്നില്ലെങ്കിൽ, ചാർജർ അഡാപ്ടറിലേയും കേബിളിലേയും നനവ് പോയിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തണം. ചാർജർ കേബിളും അഡാപ്ടറും ഫോണും ഉണങ്ങിയിട്ടും ചാർജ് ആവുന്നില്ലെങ്കിൽ ആപ്പിൾ സപ്പോർട്ടിനെ ബന്ധപ്പെടണമെന്നും കമ്പനി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ഗാർഹിക ഉപഭോക്താക്കൾക്ക് 40 ശതമാനം വരെ സബ്‌സിഡിയോടെ പുരപ്പുറ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അവസരമൊരുക്കുന്ന സൗര പദ്ധതി അവസാന ഘട്ടത്തിൽ. രജിസ്‌ട്രേഷൻ 2024 മാർച്ച് 15 വരെ മാത്രമാണെന്ന് കെഎസ്ഇബി അറിയിച്ചു.

പദ്ധതിയിൽ എങ്ങനെ ചേരാം:

https://ekiran.kseb.in/ എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് കൺസ്യൂമർ നമ്പരും രജിസ്റ്റേഡ് മൊബൈൽ നമ്പരിൽ ലഭിക്കുന്ന OTP യും രേഖപ്പെടുത്തി അനുയോജ്യമായ ഡെവലപ്പറെയും പ്ലാന്റ് കപ്പാസിറ്റിയും തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

സോളാർ നിലയം സ്ഥാപിക്കുന്നതിന് കെ എസ് ഇ ബി ടെൻഡർ നടപടികളിലൂടെ എംപാനൽ ചെയ്ത 37 ഡെവലപ്പർമാരിൽ നിന്ന് തിരഞ്ഞെടുക്കാം.

സവിശേഷതകൾ

  1. ആകെ ചെലവിന്റെ സബ്‌സിഡി കഴിച്ചിട്ടുള്ള തുക മാത്രം ഉപഭോക്താവ് നൽകിയാൽ മതി.
  2. കർശനമായ മാനദണ്ഡങ്ങൾ പാലിച്ചവരെ മാത്രമേ ഡെവലപ്പർ ആയി എംപാനൽ
    ചെയ്തിട്ടുള്ളൂ.
  3. പദ്ധതിക്ക് ഉപയോഗിക്കുന്നത് കെഎസ്ഇബിയിൽ ടെസ്റ്റ് ചെയ്ത സോളാർ പാനലുകൾ, ഇൻവെർട്ടറുകൾ മുതലായവ മാത്രം.
  4. സുരക്ഷ ഉറപ്പാക്കാനായി സർജ് പ്രൊട്ടക്ടർ, LA, എർത്തിങ് എന്നിവ ഉൾപ്പെടുത്തി അംഗീകരിച്ച് നൽകിയ സ്‌കീം
  5. കുറഞ്ഞത് 75% പെർഫോമൻസ് എഫിഷ്യൻസി ഉറപ്പുനൽകുന്നു.
  6. ടെൻഡർ വഴി ഉറപ്പാക്കിയ കുറഞ്ഞ നിരക്കിൽ പ്ലാന്റ് സ്ഥാപിച്ചു നൽകുന്നു.
  7. ഈ സ്‌കീമിൽ സ്ഥാപിച്ച പ്ലാന്റുകൾക്ക് അഞ്ച് വർഷത്തെ O & M സർവ്വീസ് ഡെവലപ്പർ മുഖേന ഉറപ്പാക്കുന്നു. പാനലുകൾക്ക് 25 വർഷത്തെ പെർഫോമൻസ് വാറന്റി.