ഇന്ത്യയിൽ സെക്സ്ടോർഷൻ ഭീഷണി വ്യാപകമാകുന്നു

സെക്സ്ടോർഷൻ ഭീഷണി ഇന്ത്യയിൽ വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ. വെബ്സൈറ്റ് ഹിസ്റ്ററിയും അതിൽ തിരഞ്ഞ നിരോധന വെബ്സൈറ്റുകളുടെ ചരിത്രവും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നതിനെയാണ് സെക്സ്ടോർഷൻ എന്ന് പറയുന്നത്. ഏകദേശം ഒരു മാസം മുൻപായിരുന്നു കർണാടകയിലെ ബിജെപി നേതാവും എംപിയുമായ ജിഎം സിദ്ധേശ്വരയ്യക്ക് ഒരു വീഡിയോ കോൾ വാട്സ്ആപ്പിൽ ലഭിച്ചത്.

സിദ്ധേശ്വരയ്യ വീഡിയോ കോൾ എടുത്തതോടെ മറുവശത്ത് യുവതി പ്രകോപനപരമായി സംസാരിച്ച് വിവസ്ത്രയാവുകയായിരുന്നു. കോൾ കട്ട് ചെയ്തിട്ടും ആവർത്തിച്ചു വിളിച്ചതോടെ അദ്ദേഹം ഫോൺ ഭാര്യയ്ക്ക് കൈമാറിയ ശേഷം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കോൾ എത്തിയത് രാജസ്ഥാനിൽ നിന്നാണെന്ന് കണ്ടെത്തി.

സെക്സ്ടോർഷൻ, ഹണിട്രാപ് ഭീഷണികൾ വർദ്ധിച്ചു വരുന്നതായി ബംഗളുരു പോലീസ് മേധാവിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള കേസുകളുടെ വർദ്ധനവിനെതിരെ ചെന്നൈ പോലീസ് അന്വേഷവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ 20ലധികം ഹണി ട്രാപ്പ് ഭീഷണികളുടെ കേസുകളാണ് പോലീസിന് ലഭിച്ചത്. ഇത്തരത്തിൽ ഇരകളാകുന്നവർ പരിഭ്രാന്തരാകരുതെന്നും ഉടൻ തന്നെ 1930 ടോൾ ഫ്രീ നമ്പറിലോ www.cybercrime.gov.in പരാതി നൽകണമെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.