വിദേശ വിദ്യാർഥികളുടെ പാർട്ടൈം ജോലി വ്യവസ്ഥകളിൽ അനുവദിച്ചിരുന്ന ഇളവ് പിൻവലിച്ചു; പുതിയ തീരുമാനവുമായി കാനഡ

ഓട്ടവ: വിദേശ വിദ്യാർഥികളുടെ പാർട്ടൈം ജോലി വ്യവസ്ഥകളിൽ അനുവദിച്ചിരുന്ന ഇളവ് പിൻവലിച്ച് കാനഡ. കോവിഡ് കാലത്ത് തൊഴിലാളി ക്ഷാമം മുൻനിർത്തി ഒഴിവാക്കിയ ആഴ്ചയിൽ 20 മണിക്കൂർ മാത്രം ജോലി എന്ന വ്യവസ്ഥയാണ് കാനഡ പിൻവലിച്ചത്. ഇന്നു മുതൽ ഈ ഇളവുണ്ടാകില്ലെന്നാണ് കാനഡ വ്യക്തമാക്കിയിരിക്കുന്നത്. കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പു മന്ത്രി മാർക്ക് മില്ലർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, വരുന്ന സെപ്റ്റംബർ മുതൽ ആഴ്ചയിൽ 24 മണിക്കൂർ എന്ന വ്യവസ്ഥ പ്രാബല്യത്തിലാകും. ‘വിദ്യാർഥികൾ കാനഡയിലേക്കു വരുന്നത് പഠിക്കാനായിരിക്കണം. ജോലി ചെയ്യാനല്ല. ആഴ്ചയിൽ 24 മണിക്കൂർ മാത്രം ജോലി എന്ന നിബന്ധന പഠനത്തിൽ ശ്രദ്ധിക്കാൻ അവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ, കോളജുകൾ നടത്തുന്ന കോഴ്‌സുകൾക്ക് ഈ മാസം 15 മുതൽ ചേരുന്ന വിദേശ വിദ്യാർഥികൾക്കു പഠനാനന്തര വർക്ക് പെർമിറ്റ് അനുവദിക്കില്ല. മെയ് 15നു മുൻപ് ഇത്തരം കോഴ്‌സുകളിൽ ചേരുന്നവർക്ക് മറ്റു വ്യവസ്ഥകളെല്ലാം പാലിക്കുന്നുവെങ്കിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതാണ്.