സുപ്രധാന സുരക്ഷ അപ്ഡേറ്റുകൾ പുറത്തിറക്കി ആപ്പിൾ

ഐഫോണുകളിലും ഐപാടുകളിലും പുതിയ സുരക്ഷ അപ്ഡേറ്റുകൾ പുറത്തിറക്കി ആപ്പിൾ. ഉപകരണങ്ങളുടെ സിസ്റ്റം സോഫ്റ്റ്‌വെയറിൽ സുരക്ഷാ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പുതിയ അപ്ഡേറ്റുകൾ ഈ സുരക്ഷ പിഴവുകൾ പരിഹരിക്കാൻ സഹായിക്കും.

സോഫ്‌റ്റ്‌വെയയിലെ സുരക്ഷ പിഴവ് സജീവമായി ചൂഷണം ചെയ്തുകൊണ്ട് ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച് വിൽക്കുന്ന പെഗാസസ് എന്ന വാണിജ്യ സ്പൈവെയർ വിതരണം ചെയ്യുന്നതായി ടൊറന്റോ സർവകലാശാലയിലെ സിറ്റിസൺ ലാബിലെ ഗവേഷകരുടെ കണ്ടെത്തലിലാണ് പുതിയ നടപടി.

വിമതർ, പത്രപ്രവർത്തകർ, രാഷ്ട്രീയ എതിരാളികൾ എന്നിവരെ ടാർഗെറ്റുചെയ്യാനാണ് പെഗാസസ് സാധാരണയായി ഉപയോഗിക്കുന്നത് അതിനാൽ സാധാരണ ഉപയോക്താക്കൾ ഭയപ്പെടേണ്ടതില്ല. എന്നിരുന്നാലും, എല്ലാ ഉപയോക്താക്കളും അവരുടെ ഉപകരണങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് സിറ്റിസൺ ലാബ് അറിയിച്ചു.

അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ, നിങ്ങളുടെ ഐഫോണിൽ സെറ്റിങ്സ് തുറക്കുക തുടർന്ന് ജനറൽ തുറന്ന് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് തിരഞ്ഞെടുക്കുക. നിങ്ങൾ അവിടെ iOS 16.6.1 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് കാണും ഇൻസ്റ്റലേഷൻ ആരംഭിക്കാൻ ടാപ്പുചെയ്യുക. നിങ്ങൾ അപ്‌ഡേറ്റ് കാണുന്നില്ലെങ്കിൽ ജനറൽ പേജിലേക്ക് മടങ്ങുക തുടർന്ന് നിങ്ങളുടെ iOS പതിപ്പ് നമ്പർ പരിശോധിക്കാൻ എബൗട്ട്‌ ടാപ്പ് ചെയ്യുക. ഇത് 16.6.1 ആണെങ്കിൽ നിങ്ങൾ ഇതിനകം തന്നെ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എന്നാണ് അർഥമാക്കുന്നത്.