Technology (Page 14)

തിരുവനന്തപുരം: നാലാം വ്യവസായിക വിപ്ലവത്തിന്റെ സാഹചര്യത്തിൽ നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയുടെ നവീകരിച്ച കെട്ടിടത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2020-ൽ സ്ഥാപിതമായ ഡിജിറ്റൽ യൂണിവേഴസിറ്റി നവീനവും നൂതനവുമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ തന്നെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും കേരളത്തിലാണെന്നതിൽ നമുക്ക് അഭിമാനിക്കാം. വരും വർഷങ്ങളിൽ 75% തൊഴിൽ നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായിരിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനാവശ്യമായ തൊഴിൽ ശക്തിയുടെ കുറവ് ഈ രംഗത്തെ ബാധിക്കാം. ഇതിനാവശ്യമുള്ള ഡിജിറ്റൽ നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന സർക്കാർ നിലപാടിന്റെ ഭാഗമാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി. രൂപീകരിക്കപ്പെട്ട് 4 വർഷത്തിനുള്ളിൽ പഠനങ്ങളും ഗവേഷണവും സാധ്യമാക്കാൻ ഇവിടെ കഴിഞ്ഞു. 5 കോർ മേഖലയിൽ ഗവേഷണം നടക്കുന്നു. എ ഐ പ്രോസസർ ചിപ്പ് വികസിപ്പിച്ചു കൊണ്ട് മറ്റൊരു ചരിത്ര നേട്ടം ഡിജിറ്റൽ യൂണിവേഴ്സിറ്റി കരസ്ഥമാക്കിയിരിക്കുകയാണ്. സംസ്ഥാന ഗവൺമെന്റിനെ വിവിധ പദ്ധതികളിൽ സഹായിക്കുന്ന രീതിയിലേക്ക് സർവകലാശാല മാറി. അനുദിനം മാറുന്ന ലോകത്ത് പുതിയ മേഖല കണ്ടെത്തി വികസിക്കാൻ അധ്യാപക, വിദ്യാർത്ഥി സമൂഹത്തിന് കഴിയണം. മാറുന്ന കാലത്തിനനുസരിച്ച് അറിവിനെ ഉൽപ്പന്നവും സേവനവുമായി സമൂഹത്തിന്റെ ഗുണപരമായ മാറ്റത്തിന് വിനിയോഗിക്കണം. സർവകലാശാലകൾ ട്രാൻസ്ലേഷൻ സെന്ററായി മാറുന്ന കാലത്ത് അത്തരം സാധ്യതകളും ഡിജിറ്റൽ സർവകലാശാല പരിശോധിക്കണം. സുസ്ഥിര വികസനത്തിനായി ഡിജിറ്റൽ സംവിധാനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതോടൊപ്പം അത് സാമൂഹിക നന്മക്കായി മാറണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഡീപ് ഫേക്കടക്കമുള്ള നിരവധി വെല്ലവിളികൾ മറി കടക്കാനും കഴിയണം. കാലാവസ്ഥ വ്യതിയാനം കൃഷി, വ്യവസായ പ്രവർത്തനങ്ങൾ എന്നിവക്ക് ഡിജിറ്റൽ അറിവുകളെ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് വേണ്ടി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി നടത്തിയ എ ഐ ഫോർ ആൾ കപ്പാസിറ്റി ബിൽഡിംഗ് പ്രോജക്ടുകളുടെ സംഗ്രഹത്തിൻറെ പ്രകാശനവും യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൈരളി എ. ഐ. പ്രോസസർ ചിപ്പിന്റെ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എന്റർപ്രണർഷിപ്പ് സ്‌മോൾ ബിസിനസ് മാനേജ്മെന്റ് പി.ജി സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഉന്നതവിജയം നേടിയവർക്കുള്ള മെറിറ്റ് അവാർഡുകൾ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിതരണം ചെയ്തു.

കേരള പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ദേവസ്വം പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ഐ ടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.

ഫൈൻ ഇല്ലാത്ത ചലാൻ ചിലപ്പോഴെങ്കിലും നിങ്ങൾക്ക് ലഭിക്കാം. ചലാനുകളിൽ ഫൈൻ അടക്കേണ്ടതുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. അത്തരം ചലാനുകൾ ചെറിയ ഫൈനുകൾ അടച്ച് തീർപ്പാക്കാൻ കഴിയുന്നവയല്ല. അത്തരം നിയമലംഘനങ്ങൾ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ആയതിനാലും കൂടുതൽ കടുത്ത ശിക്ഷകൾ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു. മോട്ടോർ വാഹന വകുപ്പാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.

കൂടുതൽ ഗുരുതര കുറ്റകൃത്യങ്ങൾ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതൽ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളിൽ വിശദമായ കുറ്റവിചാരണ നടത്തി ഒരു ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാൻ സാധിക്കുകയുള്ളു.

പ്രധാനമായും ട്രാഫിക് സിഗ്‌നലുകൾ ഉള്ള ജംഗ്ഷനുകളിൽ നാം പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിർത്താനുള്ള ചുവപ്പ് സിഗ്‌നൽ ലൈറ്റ് കത്തിയതിനു ശേഷവും വാഹനം സ്റ്റോപ്പ് ലൈനും (സീബ്ര ക്രോസ്സിങ്ങിന് മുൻപായി വാഹനം നിർത്താൻ സൂചിപ്പിക്കുന്ന വരകൾ) കടന്ന് കാൽനടയാത്രികർക്ക് റോഡ് മുറിച്ചു കടക്കേണ്ട സീബ്ര ലൈനുകളിൽ നിർത്തിയിടുന്നത്. ട്രാഫിക് സിഗ്‌നലുകളിലെ ഇത്തരം നിയമലംഘനങ്ങൾ eChallan ചെയ്യപ്പെടുന്നതാണ്. അത്തരം eChallan ലഭിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി പ്രസ്തുത RTO എൻഫോഴ്സ്മെന്റിനെ ബന്ധപെടുകയോ അല്ലെങ്കിൽ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയോ ചെയ്യുക.

അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയോ, Lane Traffic പാലിക്കാതെ വാഹനമോടിക്കുകയോ, ട്രാഫിക് സിഗ്‌നലുകളിലും റൗണ്ട് എബൗട്ടുകളിലും നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ വാഹനമോടിക്കുകയോ, അപകടകരമായ രീതിയിൽ ഓവർടേക്കിങ് ചെയ്യുകയോ, വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനമോടിക്കുകയോ ചെയ്താലും, സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുകയോ ചെയ്താലും മേല്പറഞ്ഞ ശിക്ഷാ വിധികൾ തന്നെയായിരിക്കും. അതിനാൽ ഫൈൻ തുകയില്ലാത്ത ചലാനുകൾ തീർപ്പുകൽപ്പിക്കുക അത്ര ഫൈൻ ആയ കാര്യമല്ല എന്നോർക്കുക.

അബുദാബി: ഇന്റർനെറ്റ് ബ്രൗസിങിനായി ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വിലപ്പെട്ട വിവരങ്ങൾ നഷ്ടമാകാതെ സൂക്ഷിക്കാൻ ഇത് അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.

പഴയ വേർഷനിലെ സുരക്ഷാ വീഴ്ചയിലൂടെ തട്ടിപ്പുകാർ കംപ്യൂട്ടറിലേക്കു നുഴഞ്ഞുകയറാൻ സാധ്യതയുള്ളതിനാലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്കായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അടുത്തിടെ ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നു.

കാലോചിതമായ ഭീഷണികളെ നേരിടാൻ പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ വേർഷനെന്നും ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്തവർ എത്രയും വേഗം അതു ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: യാദൃശ്ചികമായി നടക്കുന്ന പ്രാദേശികവിഷയങ്ങൾ വർഗ്ഗീയവൽക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകൾ കർശന നിരീക്ഷണത്തിലാണെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പോലീസ് സൈബർ പട്രോളിങ് നടത്തുന്നുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

അതേസമയം, വർദ്ധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസിൽ പുതിയതായി സൈബർ ഡിവിഷൻ ആരംഭിച്ചിരുന്നു. സൈബർ ഓപ്പറേഷൻ ചുമതലയുള്ള ഐ.ജിയുടെ കീഴിൽ 465 പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സൈബർ ഹെല്പ് ലൈൻ (1930), സൈബർ പോലീസ് സ്റ്റേഷനുകൾ , ഇൻവെസ്റ്റിഗേഷൻ ഹെൽപ്പ് ഡെസ്‌കുകൾ, ഗവേഷണപഠന സംവിധാനങ്ങൾ, പരിശീലനവിഭാഗം, സൈബർ പട്രോളിങ് യൂണിറ്റുകൾ, സൈബർ ഇൻറലിജൻസ് വിഭാഗം എന്നിവയാണ് സൈബർ ഡിവിഷൻറെ ഭാഗമായി നിലവിൽ വരുന്നത്. ഇതോടെ, രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകേസുകൾ വിദഗ്ധമായി അന്വേഷിക്കാൻ കേരള പോലീസിനു കഴിയും.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

യാദൃശ്ചികമായി നടക്കുന്ന പ്രാദേശികവിഷയങ്ങൾ വർഗ്ഗീയവൽക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകൾ പോലീസിന്റെ കർശന നിരീക്ഷണത്തിൽ .

വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ സൈബർ പട്രോളിങുമായി സൈബർ പോലീസ് രംഗത്ത്

കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടിക്ക് നിർദ്ദേശം

പത്തനംതിട്ട: ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി അടൂർ മലമേക്കര സ്വദേശിനിയിൽ നിന്ന് ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിൽ പെരിനാട് വില്ലേജിൽ വെള്ളിമൺ വിനോദ് ഭവനിൽ വിനോദ് ആണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി നൂറനാട് വില്ലേജിൽ ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം വീട്ടിൽ അയ്യപ്പദാസ് കുറുപ്പും മൂന്നാം പ്രതി ഇയാളുടെ സഹോദരൻ മുരുകദാസ് കുറുപ്പും അറസ്റ്റിലായി.

2021 മാർച്ചിൽ മുരുകദാസും അയ്യപ്പദാസും പരാതിക്കാരിക്ക് ഒന്നാം പ്രതി വിനോദ് ബാഹുലേയനെ പരിചയപ്പെടുത്തിയിരുന്നു. സർക്കാർ വകുപ്പുകളിൽ ഉന്നത ബന്ധങ്ങൾ ഉള്ളയാളാണെന്നും പൊതുപ്രവർത്തകൻ ആണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ സ്ഥാനാർത്ഥിയായിരുന്നെന്നും പറഞ്ഞാണ് പരിചയപ്പെടുത്തിയത്. മാത്രമല്ല, ഒരുപാട് പേർക്ക് ജോലി വാങ്ങി നൽകിയിട്ടുണ്ടെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്ന് പണം കൈപ്പറ്റി. അതിനുശേഷം വിനോദ് ബാഹുലേയൻ പരാതിക്കാരിക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ക്ലർക്കായി ജോലിയിൽ നിയമിച്ചുകൊണ്ടുള്ള വ്യാജ നിയമന ഉത്തരവ് നൽകുകയും ചെയ്തു.

തുടർന്ന് ജോലിയിൽ പ്രവേശിക്കുന്നതിന്റെ തലേ ദിവസം ഫോണിൽ വിളിച്ച് മറ്റൊരു ദിവസം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്ന് അറിയിച്ചു. നിരവധി തവണ ഇയാൾ ഇത്തരത്തിൽ ഒഴിവുകൾ പറഞ്ഞതിനെത്തുടർന്ന് പരാതിക്കാരി നിയമന ഉത്തരവ് സുഹൃത്താക്കളായ ചിലരെ കാണിക്കുകയും അത് വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്തു. കൈപ്പറ്റിയ പണം തിരികെ നല്കാൻ ആവശ്യപ്പെട്ടപ്പോൾ ഒന്നാം പ്രതി അതിനു തയ്യാറാകാത്തതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

പരാതി അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശാനുസരണം അടൂർ ഡിവൈ.എസ്.പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതികളെ അടൂർ പോലീസ് ഇൻസ്പെക്ടർ രാജീവ്.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, ശ്യാം കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതികൾ നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി നിരവധി ആളുകളിൽ നിന്നും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ചാറ്റ്ജിപിടിയെ നേരിടാൻ പുതിയ എഐ മോഡൽ അവതരിപ്പിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത് ബ്ലൂംബെർഗാണ്. മാർച്ച് മാസത്തോടെ പുതിയ എഐ മോഡൽ അവതരിപ്പിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നതെന്നാണ് വിവരം. ഹനൂമാൻ എന്ന പേരിലാണ് പുതിയ എഐ മോഡൽ അവതരിപ്പിക്കുക.

ഈ എഐ മോഡലിന് പിന്നിലുള്ളത് റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഇന്ത്യയിലെ തന്നെ മറ്റ് എട്ട് മുൻനിര സർവകലാശാലകളുടെയും പിന്തുണയുള്ള ‘ഭാരത് ജിപിടി’ എന്ന കൺസോർഷ്യമാണ് കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ടെക്ക് കോൺഫറൻസിൽ എഐ മോഡൽ അവതരിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. 22 ഇന്ത്യൻ ഭാഷകളിലായി പരിശീലിപ്പിച്ചെടുത്ത ഇൻഡിക് ലാർജ് ലാംഗ്വേജ് മോഡൽ പരമ്പരയാണ് പുറത്തിറങ്ങുക. ഐഐടി മുംബൈയുടെ നേതൃത്വത്വത്തിലുള്ള ഭാരത് ജിപിടിയുമായി സഹകരിച്ച് സീതാ മഹാലക്ഷ്മി ഹെൽത്ത് കെയർ ആണ് ഇത് കോൺഫറൻസിൽ അവതരിപ്പിച്ചത്. ഓപ്പൺ സോഴ്‌സ് ആയാണ് ഇത് പുറത്തിറക്കുന്നതെന്നാണ് ബ്ലൂബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

ടെക്സ്റ്റ് ടു ടെക്സ്റ്റ്, ടെക്സ്റ്റ് ടു സ്പീച്ച്, ടെക്സ്റ്റ് ടു വീഡിയോ തുടങ്ങിയവയൊക്കെ നിരവധി ഭാഷകളിൽ ചെയ്യാൻ ഈ സംവിധാനത്തിന് കഴിയും. പദ്ധതി വിജയിച്ചാൽ എഐ രംഗത്ത് ഇന്ത്യ നടത്തുന്ന വൻ മുന്നേറ്റമായിരിക്കും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്.

തിരുവനന്തപുരം: പാഴ്‌സലായി അയച്ച സാധനസാമഗ്രികളിൽ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസർ എന്ന വ്യാജേന വീഡിയോകോൾ ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ കൊല്ലത്ത് ഒരാൾക്ക് 40 ലക്ഷത്തിൽപരം രൂപ നഷ്ടമായി.

മുംബൈ പോലീസിലെ സൈബർ വിഭാഗത്തിലെ മുതിർന്ന പോലീസ് ഓഫീസറെന്ന വ്യാജേനയാണ് പാഴ്‌സൽ അയച്ച ആളെ തട്ടിപ്പുകാർ വീഡിയോകോൾ ചെയ്തത്. പാഴ്‌സലിനുള്ളിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉല്പ്പന്നങ്ങളുണ്ടെന്ന് വീഡിയോകോൾ ചെയ്തയാൾ പറഞ്ഞു. പാഴ്‌സൽ അയച്ച ആളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാരൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് പരാതിക്കാരൻ 40,30,000 രൂപ അവർ നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചുനൽകിയത്.

പ്രശസ്തമായ ഒരു കൊറിയർ കമ്പനിയുടെ കസ്റ്റമർ സർവ്വീസ് സെൻററിൽ നിന്ന് എന്നു പരിചയപ്പെടുത്തിവന്ന ഫോൺ കോളിലാണ് തട്ടിപ്പിൻറെ തുടക്കം. പരാതിക്കാരൻ മുംബൈയിൽ നിന്ന് തായ്‌ലൻറിലേയ്ക്ക് ഒരു പാഴ്‌സൽ അയച്ചിട്ടുണ്ടെന്നും അതിൽ പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ലാപ്‌ടോപ് എന്നിവ കൂടാതെ 200 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയെന്നതിനാൽ മുംബൈ പോലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ് അയാൾ അറിയിച്ചത്. പാഴ്‌സൽ അയയ്ക്കുന്നതിന് പരാതിക്കാരൻറെ അക്കൗണ്ട് നമ്പർ, ഫോൺ നമ്പർ, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്ന് അയാൾ പറഞ്ഞു.

താൻ മുംബൈയിൽ പോയിട്ടില്ലെന്നും ഇങ്ങനെ പാഴ്‌സൽ അയച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പരാതിക്കാരൻ കൊല്ലത്ത് പോലീസിൽ പരാതി നൽകാൻ പോകുകയാണെന്ന് അറിയിച്ചു. സംഭവം മുംബൈയിൽ നടന്നതിനാൽ അവിടെ പരാതി കൊടുക്കണമെന്ന് പറഞ്ഞ കൊറിയർ കമ്പനി പ്രതിനിധി, മുംബൈ സൈബർ ക്രൈം സെൽ തലവനെ കണക്ട് ചെയ്യാമെന്ന് പറയുകയും തുടർന്ന് സൈബർ ക്രൈം സെൽ ഉദ്യോഗസ്ഥൻ എന്ന് ഭാവിച്ച് ഒരാൾ പരാതിക്കാരനോട് സംസാരിക്കുകയും ചെയ്തു.

പരാതിക്കാരൻറെ ആധാർ നമ്പർ ഉപയോഗിച്ച് 13 സ്ഥലങ്ങളിൽ തീവ്രവാദികൾക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്ന് പറഞ്ഞ അയാൾ കേസ് അന്വേഷിക്കുന്ന ഐ.പി.എസ് ഓഫീസറെന്ന വ്യാജേന മറ്റൊരാൾക്ക് ഫോൺ കൈമാറി. സ്‌കൈപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ട പോലീസ് ഓഫീസർ അതിനായി ഒരു ലിങ്ക് അയച്ചുനൽകി. തുടർന്ന് വീഡിയോ കോളിലെത്തിയ പോലീസ് ഓഫീസറെന്ന് ഭാവിച്ചയാൾ പരാതിക്കാരൻറെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ചു മനസ്സിലാക്കി.

അക്കൗണ്ടിലെ പണം നിയമവിധേയമാണോയെന്ന് അറിയാൻ ഫിനാൻസ് വകുപ്പിൻറെ സോഫ്റ്റ് വെയറിൽ പരിശോധിക്കണമെന്നും നിയമവിധേയമാണെങ്കിൽ പണം തിരിച്ചുനൽകുമെന്നും അയാൾ പറഞ്ഞു. തുടർന്ന് അവർ നൽകിയ അക്കൗണ്ടിലേയ്ക്ക് പരാതിക്കാരൻ 40,30,000 രൂപ ഓൺലൈനായി അയച്ചുനൽകുകയായിരുന്നു. തുടർന്ന് അവരെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് മനസ്സിലായത്.

സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

തിരുവനന്തപുരം: പുതുതായി വാഹനം രജിസ്റ്റർ ചെയ്യാൻ ‘Vahan’ പോർട്ടൽ വഴി അപേക്ഷ ലഭിച്ചാൽ രണ്ടു പ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്ട്രേഷൻ നമ്പർ അനുവദിക്കണമെന്നു നിർദേശിച്ചു ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചു. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കും. ഏതെങ്കിലും രേഖകളുടെ അഭാവത്തിൽ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അക്കാര്യം വൃക്തമായി രേഖപ്പെടുത്തണം.

പുതുതായി വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി ‘Vahan’ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 47 ൽ നിഷ്‌കർഷിക്കുന്ന രേഖകൾ Annexure B പ്രകാരം ഉൾപ്പെടുത്തണം. ഈ രേഖകളെക്കാൾ യാതൊരു അധിക രേഖകളും ആവശ്യപ്പെടാൻ പാടില്ല.

വാഹനം ഒരു സ്ഥാപനത്തിന്റെ സ്ഥാപന മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്യുവാൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഈ വ്യക്തികളുടെ വൃക്തിഗത ആധാർ, PAN വിവരങ്ങൾ വേണമെന്ന് നിർബന്ധിക്കരുത്. എന്നാൽ ഈ സ്ഥാപനങ്ങളുടെ പേരിലുള്ള PAN, TAN വിവരങ്ങൾ ഉൾപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കണം.

വാഹനങ്ങളുടെ രജിസ്‌ട്രേഷനുള്ള അപേക്ഷയിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 47(1) (m) പ്രകാരം Nominee വയ്ക്കണമെന്ന് നിർബന്ധമില്ല. Nominee- യുടെ പേര് വയ്ക്കുകയാണെങ്കിൽ മാത്രമേ നോമിനിയുടെ Identity proof ആവശ്യപ്പെടുവാൻ പാടുള്ളൂ. അന്യസംസ്ഥാനത്ത് സ്ഥിര മേൽവിലാസമുള്ളതും സംസ്ഥാനത്ത് സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യന്നതുമായ വ്യക്തികൾക്ക് വാഹനം രജിസ്റ്റർ ചെയ്യന്നതിന് സ്ഥിര മേൽവിലാസം തെളിയിക്കുന്നതിന് ആധാറിന്റെ പകർപ്പിനോടൊപ്പം താൽക്കാലിക മേൽവിലാസം തെളിയിക്കുന്നതിനായി നിഷ്‌കർഷിക്കുന്ന രേഖകൾ സമർപ്പിക്കുകയാണെങ്കിൽ രജിസ്ട്രേഷൻ അനുവദിക്കണം.

സർക്കാർ/പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓഫീസ് തിരിച്ചറിയൽ കാർഡ് [തസ്തിക, വിലാസം, നൽകിയ തീയതി രേഖപ്പെടുത്തിയത്], അല്ലെങ്കിൽ ഓഫീസ് മേധാവിയുടെ സർട്ടിഫിക്കറ്റും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപനത്തിലെ [Letter pad ൽ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം] ഉള്ള സർട്ടിഫിക്കറ്റിനോടൊപ്പം ജീവനക്കാരുടെ Salary Certificate/Pay Slip ഹാജരാക്കണം. ഈ നിർദ്ദേശങ്ങൾ മാർച്ച് ഒന്നു മുതൽ നിലവിൽ വരും.

ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുന്ന കാലമാണിത്. കെട്ടുകാഴ്ചകളും വിളക്കുകെട്ടുകളും എഴുന്നള്ളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കെഎസ്ഇബി. കെട്ടുകാഴ്ച്ചകളും വിളക്കുകെട്ടുകളും എഴുന്നള്ളിക്കുമ്പോൾ വൈദ്യുതി ലൈനിനു സമീപത്താകാതെ ശ്രദ്ധിക്കണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്.

കെട്ടുകാഴ്ചകൾ കടന്നുപോകുന്ന മേഖലയിൽ വൈദ്യുതിലൈൻ ക്രമീകരിക്കേണ്ടതുണ്ടെങ്കിൽ അത് നേരത്തെതന്നെ അതത് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അറിയിക്കുക. ആർച്ചുകളും കമാനങ്ങളും അലങ്കാര നിർമ്മിതികളും വൈദ്യുതി ലൈനിന് സമീപത്തോ മുകളിലോ സ്ഥാപിക്കരുത്.
ആഹ്ലാദകരമായ ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്‌ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു.

ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക.

എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.