Technology (Page 12)

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണ്. വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്‌ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടർന്ന് ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്‌ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്.

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. 4,70,750 രൂപ പിഴ ഈടാക്കി.

വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് എന്ന പേരിലുള്ള പരിശോധനയെത്തുടർന്നാണ് നടപടി. 32 ഇരുചക്രവാഹനങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. കൂടാതെ കോടതി നടപടികളും ആരംഭിച്ചിട്ടുണ്ട്.

വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സാമൂഹ്യമാധ്യമങ്ങളിൽ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്.

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശപ്രകാരം എഡിജിപി എം ആർ അജിത് കുമാർ, ഗതാഗത കമ്മീഷണറും എഡിജിപിയുമായ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിലെയും മോട്ടോർ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധന നടത്തിയത്.

കൊച്ചി: 130 കോടി രൂപയുടെ ലോൺ വാഗ്ദാനം ചെയ്തു പ്രമുഖ നടിയുടെ കൈയിൽ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കൊൽക്കൊത്ത സ്വദേശിയാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്താൽ പാലാരിവട്ടം പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് കൊൽക്കത്തയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.

സംഘത്തിലെ മറ്റൊരാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ലോൺ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് നടി 130 കോടി രൂപ ലോൺ ലഭിക്കുന്നതിനായി തട്ടിപ്പ് സംഘത്തിന് 37 ലക്ഷം രൂപ കൈമാറുകയായിരുന്നു. കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വച്ചാണ് പണം കൈമാറിയത്. പണം നൽകിയിട്ടും ലോൺ ലഭ്യമാകാത്തതിനെത്തുടർന്നാണ് നടി പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുകയും പോലീസിലെ പ്രത്യേക അന്വേഷണസംഘം കൊൽക്കത്തയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

കൊൽക്കത്തയിലെ ടാഗ്രാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതീവ സുരക്ഷിതയുള്ള ഒരു ഫ്‌ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന യാസിർ ഇക്ബാൽ (51) എന്ന പ്രതിയെ അതി സാഹസികമായാണ് ദൗത്യസംഘം അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ, ഡിസിപി സുദർശനൻ എന്നിവരുടെ നിർദ്ദേശപ്രകാരം എറണാകുളം അസി.കമ്മിഷണർ രാജകുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസ്‌ന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്‌പെക്ടർമാരായ ആൽബി എസ് പുത്തൂക്കാട്ടിൽ, അജിനാദ് പിള്ള, സീനിയർ സിപിഒമാരായ അനീഷ്, പ്രശാന്ത്, ജിതിൻ ബാലകൃഷ്ണൻ എന്നിവരും അടങ്ങിയ പ്രത്യേക ദൗത്യ സംഘമാണ് പ്രതികളെ പിടികൂടിയത്.

വ്യാജ ഓൺലൈൻ ലോട്ടറി പ്രലോഭനങ്ങളിൽ വീഴുന്ന പ്രവണത കൂടിവരുകയാണ്. ഇത്തരം ചതികൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പോലീസ്. വൻതുകകൾ എളുപ്പം കിട്ടുമെന്ന പ്രതീക്ഷയിൽ നികുതി, അഡ്മിനിസ്‌ട്രേഷൻ, പ്രോസസ്സിംഗ് ചാർജ്ജ് തുടങ്ങിയ രീതിയിൽ ഓൺലൈൻ ലോട്ടറി ഫ്രോഡുകൾ ആവശ്യപ്പെടുന്ന തുകകൾ ചിലരെങ്കിലും അയച്ചുകൊടുക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന ഇമെയിൽ, എസ് എം എസ് , ഫോൺകോളുകൾ എന്നിവയോട് പ്രതികരിക്കാതിരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

എളുപ്പമാർഗ്ഗത്തിൽ കോടിപതിയാകാൻ ശ്രമിക്കാതിരിക്കുക. ഓൺലൈൻ പ്രലോഭനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ ഒരു മണിക്കൂറിനകം (Golden Hour) 1930 ൽ അറിയിക്കുക.എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൊച്ചി: വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് നിർമ്മിച്ച് എറണാകുളം സ്വദേശിയിൽ നിന്നും 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ബീഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ. കൊച്ചി സൈബർ പോലീസാ ണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രമുഖ ബിൽഡിംഗ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ പരാതിക്കാരനെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ വാട്ട്‌സ് ആപ്പ് അക്കൗണ്ടിൽ നിന്നും മെസ്സേജ് അയച്ച് 41 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. ബീഹാറിലെ ഗോപാൽ ഗഞ്ച് എന്ന സ്ഥലത്തു നിന്നു അതി സാഹസികമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

2023 ജൂൺ ഒന്നാം തീയതി രജിസ്റ്റർ ചെയ്ത കേസ്സിലേക്ക് നടത്തിയ അന്വേഷണത്തിൽ 25 ലക്ഷത്തോളം രൂപ യുപിയിൽ നിന്നും 16 ലക്ഷം രൂപ ബീഹാറിൽ നിന്നുമാണ് ATM വഴി പിൻവലിച്ചിരിക്കുന്നതെന്ന് അറിവായതിനെ തുടർന്ന് പ്രതികൾ ഈ കേസിലേക്ക് ഉപയോഗിച്ച മൊബൈൽ നമ്പറുകളും IMEI വിവരങ്ങളും CCTV ഫുട്ടേജുകളും ശേഖരിച്ച് അന്വേഷണം നടത്തിയതിൽ ഉത്തർ പ്രദേശിലെ ബഹറായിച്ച്, സന്ത് കബീർ എന്നിവിടങ്ങളിൽ നിന്ന് 2023 ഓഗസ്റ്റ് മാസം നാലു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ബീഹാറിൽ നിന്നും പണം പിൻവലിച്ചിരിക്കുന്നതിന്റെ വിവരങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണങ്ങളിൽ നിന്നും ബീഹാർ സ്വദേശികളായ അജീത് കുമാർ (23 വയസ്സ്), ഗുൽഷൻ കുമാർ (25 വയസ്സ്) എന്നിവരെ പോലീസ് പിടികൂടിയത്.

അജീത്ത് കുമാർ ICICI ബാങ്ക് പാട്‌ന ബ്രാഞ്ചിലെ റിലേഷൻഷിപ്പ് ഓഫീസറായിരുന്നു. ടിയാന്റെ ഔദ്യോഗിക അധികാരങ്ങൾ ദുരുപയോഗം ചെയ്ത് നടത്തിയ സൈബർ കേസിലേക്ക് രാജസ്ഥാൻ പോലീസ് 2022 ൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാൾ ഗുൽഷൻ കുമാറുമൊന്നിച്ച് സമാനമായ കുറ്റകൃത്യങ്ങൾ തുടർന്നു വരികയായിരുന്നു. ജോബ് കൺസൾട്ടന്റ് എന്ന പേരിൽ മറ്റു വ്യക്തികളുടെ ഡീറ്റയിൽസും അതിലേക്ക് എന്ന പേരിൽ എടുപ്പിക്കുന്ന അക്കൗണ്ടുകളുമാണ് പ്രതികൾ ഇത്തരത്തിലുള്ള തട്ടിപ്പിനായി ഉപയോഗിക്കുന്നത്.

2023 ൽ വ്യാജ ആധാർ കാർഡ് നിർമ്മിച്ച് Aadhar Enabled Payment System (AEPS) വഴി പണം തട്ടാൻ ശ്രമിച്ചതിന് ഗോപാൽഗഞ്ച് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. ഗോപാൽഗഞ്ച് സൈബർ പോലീസ് ടിയാൻമാരെ അറസ്റ്റ് ചെയ്യുന്നതിന് നിരവധി തവണ ശ്രമിച്ചെങ്കിലും ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതികളെ കണ്ടെത്താൻ സാധിക്കാതിരുന്നിടത്താണ് കൊച്ചി സിറ്റി കമ്മീഷണർ ആന്റ് ഐജി S ശ്യാം സുന്ദർ IPS ന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് കൊച്ചി സൈബർ പോലീസ് അതിസാഹസികമായി പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ K S IPS ന്റെ മേൽനോട്ടത്തിൽ തൃക്കാക്കര അസ്സി. കമ്മീഷണർ സന്തോഷ് സി. ആർ-ന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറായ ജയകുമാർ A, അസിസ്റ്റന്‌ഴറ് പോലീസ് സബ് ഇൻസ്‌പെക്ടറായ ശ്യാംകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത് രാജ്, അരുൺ. ആർ, രാധാകൃഷ്ണൺ എന്നിവർ ചേർന്ന് ബീഹാറിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഇതുവരെ ആറ് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

ഹണിട്രാപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഹണിട്രാപ്പിൽ പെടുന്നത് ചിലപ്പോൾ നമ്മൾ അറിയാതെ വേണമെങ്കിലും ആകാം. നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ ട്രാപ് ആകാം. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കുക.

മറുവശത്ത് വിളിക്കുന്നയാൾ നഗ്‌നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്‌ക്രീൻ റെക്കോർഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. സോഷ്യൽ മീഡിയ കോൺടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കാൻ അവർക്ക് കഴിയും.

ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്. തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതർ വ്യക്തമാക്കി.

വാഷിംഗ്ടൺ: 2029 ആവുമ്പോഴേക്കും മനുഷ്യരുടേയെല്ലാം ബുദ്ധിയെ മറികടക്കും വിധം എഐ മുന്നേറുമെന്ന് ശതകോടീശ്വര വ്യവസായി ഇലോൺ മസ്‌ക്. പോഡ്കാസ്റ്ററായ ജോ റോഗനും ഫ്യൂച്ചറിസ്റ്റായ റേ കുർസ്വെയിലും തമ്മിലുള്ള ചർച്ചയെ മുൻനിർത്തിയാണ് മസ്‌കിന്റെ പ്രതികരണം. സാങ്കേതികവിദ്യയുടെ അഭൂതപൂർവമായ വളർച്ച കുർസ് വെയ്ൽ വിലയിരുത്തുന്നു. കംപ്യൂട്ടേഷണൽ ശക്തി, അൽഗൊരിതം, ഡാറ്റാ പ്രൊസസിങ് തുടങ്ങിയ മേഖലകളിൽ മനുഷ്യർ അതിവേഗം മുന്നേറുകയാണ്. ഈ മുന്നേറ്റങ്ങൾ ക്രമേണ മനുഷ്യബുദ്ധിയെ മറികടക്കാൻ എഐ സംവിധാനങ്ങളെ പ്രാപ്തമാക്കുമെന്ന് കുർസ് വെയ്ൽസിന്റെ പ്രതികരണം.

1999 ൽ തന്നെ താൻ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് കുർസ് വെയ്ൽ പറഞ്ഞു. 2029 ഓടെ അത് സംഭവിക്കുമെന്ന് ഞാൻ അന്ന് പറഞ്ഞു. അതായത് 30 വർഷങ്ങൾകൊണ്ട്. ആരും അത് വിശ്വസിച്ചില്ല. അന്ന് സ്റ്റാൻഫോർഡിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം പേർ പങ്കെടുത്ത ഒരു കോൺഫറൻസ് നടന്നു. തന്റെ പ്രവചനം ചർച്ച ചെയ്തു. അത് സംഭവിക്കുമെന്ന് തന്നെയാണ് അവരും വിശ്വസിച്ചിരുന്നത്. എന്നാൽ 2029 ൽ അതുണ്ടാവില്ലെന്നും 100 വർഷങ്ങളെങ്കിലുമെടുക്കുമെന്നും അവർ കരുതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ അഭിപ്രായം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ഇലോൺ മസ്‌കും.

എഐ അടുത്ത വർഷം തന്നെ ഏതെങ്കിലും ഒരു മനുഷ്യന്റെ ബുദ്ധിയേക്കാൾ മികച്ചതാവും. 2029 ഓടുകൂടി മുഴുവൻ മനുഷ്യരുടേയും ബുദ്ധിയേക്കാൾ മികച്ചതാവും എഐ എന്നും മസ്‌ക് കൂട്ടിച്ചേർത്തു.

ലോകത്ത് ഏറ്റവും അധികം ഡൗൺലോഡ് ചെയ്യുന്ന ആപ്പ് എന്ന നേട്ടം സ്വന്തമാക്കി ഇൻസ്റ്റഗ്രാം. യുവാക്കൾക്കിടയിൽ ഇൻസ്റ്റഗ്രാമിന് വലിയ സ്വീകാര്യതയാണുള്ളത്. റീൽസ് കൂടി ആരംഭിച്ചതോടെ ഇൻസ്റ്റഗ്രാമിന്റെ സ്വീകാര്യത ഇരട്ടിയായി. ഇൻസ്റ്റഗ്രാം ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ടത് 2010 ലാണ്.

2023 ൽ 76.7 കോടി തവണയാണ് ഇൻസ്റ്റാഗ്രാം ആഗോള തലത്തിൽ ഡൗൺലോഡ് ചെയ്യപ്പട്ടതെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മുൻവർഷത്തേക്കാൾ 20 ശതമാനത്തിന്റെ വളർച്ചയാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

റീൽസ്, ഫോട്ടോഷെയറിങ്, സ്റ്റോറീസ് ഉൾപ്പടെയുള്ള ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാമിനെ ജനപ്രിയമാക്കിയത്.150 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണ് ഇൻസ്റ്റാഗ്രാമിനുള്ളതെന്നാണ് വിപണി വിശകലന സ്ഥാപനമായ സെൻസർ ടവർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു മൾട്ടി ലെയിൻ പാതയിൽ ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട.

  1. വാഹനങ്ങൾ കുറവായാലും, അല്ലെങ്കിലും അമിതവേഗത വേണ്ട.
  2. മൂന്നു ലെയിനുകളിൽ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങൾക്ക് (ഉദാ: ടു വീലർ, 3 വീലർ (അനുവാദമുണ്ടെങ്കിൽ), ചരക്കു വാഹനങ്ങൾ, സ്‌കൂൾ വാഹനങ്ങൾ) ഉള്ളതാണ്.
  3. രണ്ടാമത്തെ ലെയിൻ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്.
  4. മൂന്നാമത്തെ ലെയിൻ വാഹനങ്ങൾക്ക് മറികടക്കേണ്ടി വരുമ്പോൾ മറികടക്കാൻ മാത്രമുള്ളതാണ്. കൂടാതെ എമർജൻസി വാഹനങ്ങൾക്ക് ഈ ലൈൻ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും.
  5. ഏതു ലെയിനിലുള്ള വാഹനവും മറികടക്കേണ്ടി വരുമ്പോൾ കണ്ണാടി കൾ നോക്കി സിഗ്‌നലുകൾ നൽകിയതിനു ശേഷം തൊട്ടു വലതു വശത്തുള്ള ലയിനിലൂടെ മറികടന്ന് തിരിച്ച് തങ്ങളുടെ ലെയിനിലേക്ക് തന്നെ വരേണ്ടതാണ്.
  6. ഏതെങ്കിലും കാരണവശാൽ മറികടക്കാൻ ശ്രമിക്കുമ്പോൾ വലതു വശത്തുള്ള വാഹനം വേഗത കുറച്ചാണ് പോകുന്നതെങ്കിൽ മറ്റു അപകടങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കി അതിന്റെ ഇടതുവശത്തുകൂടി മറികടക്കാവുന്നതാണ്.
  7. സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ശ്രദ്ധയോടെ സിഗ്‌നലുകൾ നൽകി കണ്ണാടികൾ ശ്രദ്ധിച്ചു നിരീക്ഷിച്ച് മെർജിംഗ് ലെയിനിലൂടെ വേഗത വർദ്ധിപ്പിച്ച് മെയിൻ റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.
  8. മെയിൻ റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ലെയിനിൽ നിന്ന് കണ്ണാടി നോക്കി, സിഗ്‌നൽ നൽകി ബ്ലൈന്റ് സ്‌പോട്ട് ചെക്ക് ചെയ്ത് വേഗത കുറച്ച് ഇടത്തേ ലെയിനിലെത്തി ശ്രദ്ധിച്ച് സർവീസ് റോഡിലേക്ക് പ്രവേശിക്കാം .
  9. കുറെ ദൂരം തങ്ങൾ സഞ്ചരിക്കുന്ന ലെയിനിൽ തുടരാതെ പെട്ടെന്ന് തന്നെ മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.
  10. ലെയിൻ ട്രാഫിക് കൃത്യമായി പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമം 177 A പ്രകാരം നിയമനടപടികൾ കർശനമായിരിക്കും.

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. എങ്ങനെയാണെന്നല്ലേ, കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ നിങ്ങൾക്ക് പരാതി നൽകാൻ കഴിയും. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നല്കണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി അപ്ലോഡ് ചെയ്യാവുന്നതാണ്. അടുത്തതായി, ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും. പോൽ ആപ്പ് പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.