ചാറ്റ്‌ബോട്ടിനെ പരിശീലിപ്പിക്കാൻ കൃതികൾ നിയമവിരുദ്ധമായി ഉപയോഗിച്ചു : പരാതിയുമായി എഴുത്തുകാർ

ടെക്നോളജി അനുദിനം വളരുകയും ലോകം മുഴുവൻ സാങ്കേതിക വിദ്യയുടെ കീഴിലുമാണ്. ഇത്തരം സാങ്കേതിക വിദ്യകൾ മനുഷ്യന്റെ ജോലികൾ എളുപ്പമാക്കാനായാണ് വികസിപ്പിച്ചിട്ടുള്ളത്. അത്തരത്തിൽ വികസിപ്പിച്ച് തരംഗമായ ഒന്നാണ് എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്. മനുഷ്യ നിർമിതമായ ഇവ പക്ഷെ ഒരു കാലത്ത് മനുഷ്യന് തന്നെ അപകടമായേക്കാം എന്നും വിലയിരുത്തപെടുന്നുണ്ട്. ആ വാദത്തിന് ഉദാഹരണമെന്നോണം നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുമുണ്ട്. എഐ എന്ന സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്നവരും ചില്ലറയല്ല. ഇതിനിടക്ക് യഥാർത്ഥമായവ എതാണെന്നോ വ്യാജമായത് ഏതാണെന്നോ അറിയുക പ്രയാസമാണ്.

എഐ മൂലം ജോലി നഷ്ട്ടപ്പെട്ട വാർത്തകൾ പലതും ഇതിനിടക്ക് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ എഴുത്ത് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് ഒരു കൂട്ടം രചയിതാക്കൾ ഓപ്പൺ എഐ യ്‌ക്കെതിരെ ഒരു കേസ് ഫയൽ ചെയ്തതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുഎസിലെ സാൻഫ്രാൻസിസ്കോയിലാണ് സംഭവം റിപ്പോർട്ട്‌ ചെയ്യാപ്പെട്ടിട്ടുള്ളത്.

മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള പ്രോഗ്രാം അതിന്റെ ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ)-പവർ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി തങ്ങളുടെ എഴുത്ത് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി.

ഹ്യൂമൻ ടെക്സ്റ്റ് പ്രോംപ്റ്റുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് എഐ സിസ്റ്റത്തെ പഠിപ്പിക്കാൻ തങ്ങളുടെ അനുമതിയില്ലാതെ ഓപ്പൺഎഐ രചയിതാക്കളുടെ സൃഷ്ടികൾ പകർത്തിയതായാണ് പരാതി.

റിപ്പോർട്ട് അനുസരിച്ച്, ഓപ്പൺ എഐയ്ക്കും എ ഐ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് കമ്പനികൾക്കും എതിരെ രചയിതാക്കൾ ഫയൽ ചെയ്ത നിർദ്ദിഷ്ട പകർപ്പവകാശ-ലംഘന വകുപ്പ് പ്രകാരം നൽകിയിട്ടുള്ള പരാതികളിലെ ഏറ്റവും പുതിയതാണ് നിലവിലെത്.

സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഏറ്റവും പുതിയ കേസാണിത്. ശരിയായ അംഗീകാരം ലഭിക്കാതെ, ചാറ്റ്ജിപിടിയുടെ പരിശീലന ഡാറ്റാസെറ്റിൽ ഓപ്പൺഎഐ രചയിതാക്കളുടെ കൃതികൾ ഉൾപ്പെടുത്തിയതായി ആരോപിക്കുന്നു. AI-ക്ക് അവരുടെ കൃതികൾ കൃത്യമായി സംഗ്രഹിക്കാനും അവരുടെ എഴുത്ത് ശൈലികൾ അനുകരിക്കുന്ന വാചകം സൃഷ്ടിക്കാനും കഴിയുമെന്ന് രചയിതാക്കൾ വാദിക്കുന്നു.
തങ്ങളുടെ പുസ്തകങ്ങളും നാടകങ്ങളും ലേഖനങ്ങളും നീണ്ടതും ഉയർന്ന നിലവാരമുള്ളതും ആണ് അതുകൊണ്ട് തന്നെ ചാറ്റ്ജിപിടിയുടെ പരിശീലനത്തിന് അവ വിലപ്പെട്ടതാണെന്നും അവർ വാദിക്കുന്നു.

ഇതാദ്യമായല്ല ഇത്തരത്തിൽ ഒരു കേസ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്.
ജൂലൈയിൽ, ആയിരക്കണക്കിന് എഴുത്തുകാർ എ ഐ സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്നും എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് എഴുത്തുകാർക്ക് അവരുടെ വാക്കുകൾ ഉപയോഗിക്കുന്നതിന് പണം നൽകണമെന്നും ആവശ്യപ്പെട്ട് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ രചനകൾ ഉപയോഗിച്ചതിന് നഷ്ട്ടപരിഹാരം വേണമെന്നും ഓപ്പൺ എഐയുടെ നിയമവിരുദ്ധവും അന്യായവുമായ ബിസിനസ്സ് സമ്പ്രദായങ്ങൾ തടയുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.