നിങ്ങൾക്ക് വേണ്ടി ഗൂഗിൾ മീറ്റിലും ഇനി എഐ പങ്കെടുക്കും

കോവിഡിന്റെ വ്യാപനത്തോടുകൂടി ഓൺലൈൻ ക്ലാസ്സുകളും മീറ്റിംഗുകളും ഇപ്പോൾ നമുക്ക് സുപരിചിതമാണ്. അങ്ങനെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളതും വീഡിയോ മീറ്റിംഗുകൾക്കും കോളുകൾക്കുമായി ഉപയോഗിച്ചിട്ടുള്ളതുമായ ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ മീറ്റ്. ഇപ്പോൾ പുതിയ ചില അപ്ഡേറ്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ ആപ്ലിക്കേഷൻ. ഇനി മുതൽ കോൺഫറൻസിൽ നോട്ടുകൾ കുറിക്കാനും അതുപോലെ തന്നെ വിട്ടുപോയ വിവരങ്ങൾ ചൂണ്ടിക്കാണിക്കാനും ഗൂഗിൾ ഡ്യൂയിറ്റ് എഐ എന്ന പുതിയ സംവിധാനം ആപ്പിന്റെ ഭാഗമാവുകയാണ്.

കുറച്ചു സമയം മീറ്റിങ്ങിൽ ശ്രദ്ധിക്കാതെ പോയാൽ അത്ര സമയം എന്താണ് നടന്നതെന്നതിന്റെ ചുരുക്കവും ഈ എഐ സംവിധാനം ഉപഭോക്താക്കൾക്ക് നൽകും. മീറ്റിംഗിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഗൂഗിൾ മീറ്റിലുള്ള ഇൻവൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് അറ്റന്റ് ഫോർ മീ ഓപ്ഷൻ വഴി സാന്നിധ്യം അറിയിക്കാനും വിവരങ്ങൾ രേഖപ്പെടുത്താനും എഐയുടെ സഹായം ഉപയോഗിക്കാം. നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവരുടെ ആശയങ്ങളും എഐ യോഗത്തിൽ അവതരിപ്പിക്കും. പരീക്ഷണഘട്ടത്തിലുള്ള ഈ സൗകര്യം അടുത്ത വർഷത്തോടെയേ ലഭ്യമാവുകയുള്ളൂ.