Sports (Page 161)

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പമെത്തി ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്‌കോര്‍ ചെയ്ത ഛേത്രി തന്റെ 80-ാമത്തെ അന്താരാഷ്ട്ര ഗോളാണ് നേപ്പാളിനെതിരെ നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (115) ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പട്ടികയില്‍ അഞ്ചാമതാണ് ഛേത്രിയിപ്പോള്‍.

നിലവില്‍ ഫുട്ബാള്‍ രംഗത്ത് സജീവമായ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി രണ്ടാം സ്ഥാനത്തേക്ക് കയറി. റൊണാള്‍ഡോ മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.

155 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 80 ഗോള്‍ നേടിയത്. എന്നാല്‍, ഛേത്രിക്കാവട്ടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ വേണ്ടിവന്നത് 124 മത്സരങ്ങള്‍ മാത്രം.

കഴിഞ്ഞ ദിവസം മാലദ്വീപിനെതിരായ സെമിയില്‍ ഇരട്ടഗോള്‍ നേടിയ ഛേത്രി ബ്രസീലിയന്‍ ഇതിഹാസം പെലെയെ ഇന്ത്യന്‍ നായകന്‍ മറികടന്നിരുന്നു.

ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ സാഫ് കപ്പില്‍ എട്ടാം തവണ മുത്തമിട്ടത്. ഛേത്രിയെ കൂടാതെ സുരേഷ് സിങ്ങും മലയാളി താരം സഹല്‍ അബ്ദുല്‍ സമദുമാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ചെന്നൈയുടെ വിജയത്തിന് അടിത്തറയിട്ടത്. ഡു പ്ലെസിസ് 59 പന്തില്‍ 86 റണ്ണടിച്ചു. ഏഴ് ഫോറും മൂന്ന് സിക്‌സറും അകമ്പടിയായി.

ജയിക്കാന്‍ വേണ്ട 193 റണ്ണിലേക്ക് ഗംഭീരമായാണ് കൊല്‍ക്കത്ത തുടങ്ങിയത്. ഓപ്പണര്‍മാരായ വെങ്കിടേഷ് അയ്യരും (32 പന്തില്‍ 50) ശുഭ്മാന്‍ ഗില്ലും (43 പന്തില്‍ 51) മികച്ച തുടക്കം നല്‍കി. ഇവര്‍ 10.4 ഓവറില്‍ 91 റണ്ണടിച്ചെങ്കിലും തുടര്‍ച്ചയുണ്ടായില്ല. നിതീഷ് റാണ (0), സുനില്‍ നരെയ്ന്‍ (2), ദിനേശ് കാര്‍ത്തിക് (9), ഷാക്കിബ് അല്‍ ഹസ്സന്‍ (0), രാഹുല്‍ ത്രിപാഠി (2) എന്നിവരെല്ലാം വേഗം മടങ്ങി.

ക്യാപ്റ്റന്‍ ഇയോവിന്‍ മോര്‍ഗനും (4) ഒന്നും ചെയ്യാനായില്ല. ഫെര്‍ഗൂസനും (18*) ശിവം മാവിയും (20) തോല്‍വിഭാരം കുറച്ചു. ചെന്നൈക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും രണ്ട് ക്യാച്ചുമെടുത്തു. ശര്‍ദുള്‍ താക്കൂറിന് മൂന്ന് വിക്കറ്റുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദും ഡു പ്ലെസിസും ഒന്നാം വിക്കറ്റില്‍ 61 റണ്‍ നേടി. ഋതുരാജ് 27 പന്തില്‍ 32 റണ്ണെടുത്തു. അതിനിടെ, മൂന്ന് ഫോറും ഒരു സിക്‌സറും കണ്ടെത്തി. റോബിന്‍ ഉത്തപ്പ 15 പന്തില്‍ മൂന്ന് സിക്‌സറിനൊപ്പം 31 റണ്ണടിച്ചു. മൊയീന്‍ അലി 20 പന്തില്‍ 37 റണ്ണുമായി പുറത്താകാതെനിന്നു.

ഒമ്പതുതവണ ഫൈനലില്‍ കടന്ന ചെന്നൈയുടെ നാലാം കിരീടമാണ്. 2018ലും 2011ലും 2010ലും ചാമ്പ്യന്‍മാരായിട്ടുണ്ട്. സ്‌കോര്‍: ചെന്നൈ 3-192, കൊല്‍ക്കത്ത 9-165.

മുബൈ: ഐപിഎല്‍ ബയോ ബബിളില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം ആരാധകര്‍ക്കു മുന്നില്‍ പങ്കുവെച്ച് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ് നായകന്‍ വിരാട് കോഹ്‌ലി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയാണ് താരം ഇതു സംബന്ധിച്ച് തുറന്നുകാട്ടിയിരിക്കുന്നത്.

പരസ്യ ഷൂട്ടിങ്ങിനിടെയുള്ള കയര്‍ കെട്ടി ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് കോഹ്‌ലി പങ്കുവെച്ചത്. ബയോ ബബ്‌ളില്‍ കളിക്കുന്നത് ഇതുപോലെയിരിക്കുമെന്ന കുറിപ്പോടെയാണ് വിരാട് കോഹ്‌ലിയുടെ പോസ്റ്റ്.

ഐപിഎല്‍ ഫൈനല്‍ പ്രവേശം നേടാതെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ് പുറത്തായതിനു പിന്നാലെ പിന്തുണച്ച ആരാധകരോട് നന്ദിയറിയിച്ച് നീണ്ട കുറിപ്പുമായി വിരാട് കോഹ്‌ലി രംഗത്തെത്തിയിരുന്നു.

കിരീടമെന്ന അന്തിമ ലക്ഷ്യം നേടാനാവാത്തതില്‍ നിരാശയുണ്ടെങ്കിലും ഈ സീസണില്‍ തന്റെ ടീമിലെ സഹ കളിക്കാരുടെ പ്രകടനത്തില്‍ പൂര്‍ണമായി സന്തോഷിക്കുന്നുവെന്ന് നായകന്‍ കുറിച്ചിരുന്നു.

മുംബൈ: ആരാധകരുടെ ശബ്ദതരംഗങ്ങള്‍ ആലേഖനം ചെയ്ത പുത്തന്‍ ജേഴ്‌സിയുമായി ടി20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങി ഇന്ത്യ. സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി ഇന്നാണ് ബി സി സി ഐ ഇന്ത്യന്‍ ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്.

‘ബില്ല്യണ്‍ ചീര്‍സ് ജേഴ്‌സി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ കിറ്റ് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അണിഞ്ഞ ജേഴ്‌സിക്ക് പകരമായിട്ടാണ് ഉപയോഗിക്കുക. 1992 ലോകകപ്പില്‍ ഉപയോഗിച്ച പാറ്റേണിനെ അടിസ്ഥാനമാക്കിയുള്ള ജേഴ്‌സിയായിരുന്നു ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കൊഹ്ലിയും സംഘവും അണിഞ്ഞത്.

എന്നാല്‍ ഇന്ന് ഇറക്കിയത് ലോകകപ്പിന് ഉപയോഗിക്കുന്ന ജേഴ്‌സിയുടെ പാറ്റേണ്‍ മാത്രമാണെന്നും ശരിക്കുള്ള ജേഴ്‌സി പിന്നീട് പുറത്തിറക്കുമെന്നും അഭ്യൂഹമുണ്ട്. ജേഴ്‌സിയില്‍ ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരായ ബൈജൂസിന്റെ ലോഗോ ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊരു വാദം ഉയര്‍ന്നു വരുന്നത്.

ഐസിസി നിയമപ്രകാരം ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് തങ്ങളുടെ സ്‌പോണ്‍സര്‍മാരുടെ ലോഗോ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയില്ല. എന്നാല്‍ ഇതിനെകുറിച്ച് ബിസിസിഐ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.

ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും ആരാധകരുണ്ടെന്നും അവര്‍ക്കെല്ലാമുള്ള ആദരവാണ് പുതിയ ജേഴ്‌സിയെന്നും ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്ടനുമായ സൗരവ് ഗാംഗുലി പറഞ്ഞു. ആദ്യമായാണ് കാണികളെ ആദരിച്ചുകൊണ്ട് ഇന്ത്യന്‍ ടീം ഒരു ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.

ഷാര്‍ജ: ഐപിഎല്‍ ക്രിക്കറ്റ് ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. രണ്ടാം ക്വാളിഫയറില്‍ ഒരു പന്ത് ബാക്കിയിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് കൊല്‍ക്കത്ത തോല്‍പ്പിച്ചു.

അനായാസജയത്തിലേക്ക് നീങ്ങിയ കൊല്‍ക്കത്ത അവിശ്വസനീയമായി തകര്‍ന്നത് കളി നാടകീയമാക്കി. 1- 122ല്‍ നിന്ന് 7-130ലേക്ക് വീണത് വളരെ പെട്ടെന്നായിരുന്നു. അഞ്ച് ഓവറില്‍ എട്ട് റണ്ണെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടം. ആര്‍ അശ്വിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഏഴുറണ്‍. അശ്വിന്‍ രണ്ട് വിക്കറ്റെടുത്തെങ്കിലും അഞ്ചാം പന്ത് സിക്‌സര്‍ പറത്തി രാഹുല്‍ ത്രിപാഠി (11 പന്തില്‍ 12) വിജയമൊരുക്കി. ഓപ്പണര്‍മാരായ വെങ്കിടേഷ് അയ്യരും (41 പന്തില്‍ 55) ശുഭ്മാന്‍ ഗില്ലുമാണ് (46 പന്തില്‍ 46) അടിത്തറയിട്ടത്. കൊല്‍ക്കത്ത 2012ലും 2014ലും ചാമ്പ്യന്‍മാരാണ്.

36 റണ്ണടിച്ച ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. സ്‌കോര്‍: ഡല്‍ഹി 5-135, കൊല്‍ക്കത്ത 7-136.

മുംബൈ: ടി20 ലോകകപ്പില്‍ എം എസ് ധോണി ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവാകുന്നത് പ്രതിഫലമില്ലാതെയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

പ്രതിഫലമൊന്നുമില്ലാതെ തന്നെ ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായിരിക്കാന്‍ ധോണി തയാറായെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുംസ്ഥിരീകരിച്ചു. ധോണിയുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ജയ് ഷാ അറിയിച്ചു.

നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ ടീമിനെ നയിക്കുന്ന ധോണി ഐപിഎല്ലിനുശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലാണ് ഇന്ത്യന്‍ ടീമീനും ലോകകപ്പിനിടെ താമസം ഒരുക്കിയിരിക്കുന്നത്.

2007ല്‍ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ധോണിയായിരുന്നു ഇന്ത്യയെ നയിച്ചത്. പിന്നീട് 2011ലെ ഏകദിന ലോകകപ്പ് വിജയത്തിലേക്കും 2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലേക്കും ധോണി ഇന്ത്യയെ നയിച്ചു. ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ ഒരേയൊരു നായകനാണ് ധോണി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിച്ചത്.

ദുബായ്: ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണോട് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യുഎഇയില്‍ തുടരുവാന്‍ ബിസിസിഐ. ഒക്ടോബര്‍ 17ന് ടി 20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ബിസിസിഐയുടെ നീക്കം പ്രതീക്ഷയോടെയാണ് സഞ്ജു ആരാധകര്‍ നോക്കിക്കാണിന്നത്.

ഒക്ടോബര്‍ 15ന് അന്തിമ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനോട് യുഎഇയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചത്. അതിനാല്‍ തന്നെ അന്തിമ പട്ടികയില്‍ സഞ്ജുവിനും ഇടംപിടിക്കാനാകുമോ എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

ഐപിഎലില്‍ മിന്നുന്ന പ്രകടനമാണ് രാജസ്ഥനായി സഞ്ജു കാഴ്ചവെച്ചത്. ടീം ഐപിഎല്‍ പ്ലേ ഓഫിലേക്ക് പ്രവേശനം ലഭിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഈ മലയാളി താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഷാര്‍ജ: ആവേശകരമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്ത് ക്വാളിഫയറിലേക്ക് പ്രവേശനം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

ഈ വിജയത്തോടെ കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയ്ക്ക് ഈ വിജയം സമ്മാനിച്ചത്. സ്‌കോര്‍: ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴിന് 138, കൊല്‍ക്കത്ത 19.4 ഓവറില്‍ ആറിന് 139.

തിരുവനന്തപുരം: കേരളത്തില്‍ ഫുട്‌ബോളിന്റെ സമഗ്ര വളര്‍ച്ചയ്ക്കായി ദീര്‍ഘകാല കരാര്‍ ഒപ്പിട്ട് കേരള ഫുട്‌ബോള്‍ അസോസിയേഷനും സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സും. ഫുട്‌ബോള്‍ അസോസിയേഷന്റെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കണ്‍സോര്‍ഷ്യം കൂടിയാകും പങ്കാളിത്തം. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ വാണിജ്യ അവകാശങ്ങള്‍ 12 കൊല്ലത്തേക്കാണ് കണ്‍സോഷ്യം വിഭാവനം ചെയ്യുന്നത്.

കരാറില്‍ പറയുന്ന വ്യവസ്ഥകളില്‍ വീഴ്ച വരുത്തിയാല്‍ കരാര്‍ റദ്ദ് ചെയ്യാമെന്ന വ്യവസ്ഥയുമുണ്ട്. കേരള ഫുട്‌ബോള്‍ അസോസിയേഷനൊപ്പം മീരന്‍സ് സ്‌പോര്‍ട്‌സ് ലൈന്‍, സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സ് എന്നിവരുമാണ് കരാറില്‍ ഒപ്പ് വെച്ചിരിക്കുന്നത്. കണ്‍സോഷ്യത്തിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമാനുസൃത ക്ലിയറന്‍സും ലഭിച്ചിട്ടുണ്ട്.

കെ എഫ് എ യെ സ്വകാര്യ വല്‍ക്കരിക്കാനുള്ള തീരുമാനം നേരത്തെ വിവാദമായിരുന്നു. കെ എഫ് എ യുടെ ജനാധിപത്യ വ്യവസ്ഥിതിയും സാമ്പത്തിക അടിത്തറയും തകര്‍ക്കുമെന്നതായിരുന്നു ആരോപണം. ഇതിനെ മറികടന്നാണ് ഇപ്പോള്‍ കെ എഫ് എ യും സ്വകാര്യ കമ്പനികളും ചേര്‍ന്ന് കരാറില്‍ ഒപ്പ് വെച്ചത്.

ന്യൂഡല്‍ഹി: കേരളത്തിലെ കുട്ടികള്‍ പിവിസി പൈപ്പുകള്‍ ഉപയോഗിച്ചും ഹോക്കി കളിക്കാന്‍ തുടങ്ങിയെന്ന് ഒളിംപിക്‌സ് ഹോക്കിതാരം പി ആര്‍ ശ്രീജേഷ്. വെള്ളിയാഴ്ച നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവിന്റെ 19-ാം പതിപ്പില്‍ ആണ് മലയാളിയായ ശ്രീജേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

”എന്റെ സംസ്ഥാനമായ കേരളത്തിലെ ആളുകള്‍ ഹോക്കി കളിക്കാന്‍ തുടങ്ങിയിരിക്കുന്നു, അത് കാണാന്‍ വളരെ സന്തോഷകരമാണ്. കാരണം, കേരളം ഇതുവരെ അറിയപ്പെട്ടിരുന്നത് അത്ലറ്റിക്സിനും ഫുട്‌ബോളിനും മാത്രമായിരുന്നു. ഹോക്കി ഒരിക്കലും കേരളത്തില്‍ ഒരു ജനപ്രിയ കായിക വിനോദമായിരുന്നില്ല, ‘ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പി ആര്‍ ശ്രീജേഷ് പറഞ്ഞു.

”എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു, ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികള്‍ പിവിസി പൈപ്പുകള്‍ ഉപയോഗിച്ച് ഹോക്കി കളിക്കുന്നു. ഇതാണ് ഞാന്‍ കാണാന്‍ ആഗ്രഹിച്ച മാറ്റം. അടുത്ത തലമുറയ്ക്ക് പ്രചോദനം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.