ആരാധകരുടെ ശബ്ദതരംഗങ്ങള്‍ ആലേഖനം ചെയ്ത പുത്തന്‍ ജേഴ്‌സിയുമായി ലോകകപ്പിനൊരുങ്ങി ഇന്ത്യന്‍പട

മുംബൈ: ആരാധകരുടെ ശബ്ദതരംഗങ്ങള്‍ ആലേഖനം ചെയ്ത പുത്തന്‍ ജേഴ്‌സിയുമായി ടി20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങി ഇന്ത്യ. സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി ഇന്നാണ് ബി സി സി ഐ ഇന്ത്യന്‍ ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്.

‘ബില്ല്യണ്‍ ചീര്‍സ് ജേഴ്‌സി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ കിറ്റ് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അണിഞ്ഞ ജേഴ്‌സിക്ക് പകരമായിട്ടാണ് ഉപയോഗിക്കുക. 1992 ലോകകപ്പില്‍ ഉപയോഗിച്ച പാറ്റേണിനെ അടിസ്ഥാനമാക്കിയുള്ള ജേഴ്‌സിയായിരുന്നു ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കൊഹ്ലിയും സംഘവും അണിഞ്ഞത്.

എന്നാല്‍ ഇന്ന് ഇറക്കിയത് ലോകകപ്പിന് ഉപയോഗിക്കുന്ന ജേഴ്‌സിയുടെ പാറ്റേണ്‍ മാത്രമാണെന്നും ശരിക്കുള്ള ജേഴ്‌സി പിന്നീട് പുറത്തിറക്കുമെന്നും അഭ്യൂഹമുണ്ട്. ജേഴ്‌സിയില്‍ ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരായ ബൈജൂസിന്റെ ലോഗോ ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊരു വാദം ഉയര്‍ന്നു വരുന്നത്.

ഐസിസി നിയമപ്രകാരം ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് തങ്ങളുടെ സ്‌പോണ്‍സര്‍മാരുടെ ലോഗോ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയില്ല. എന്നാല്‍ ഇതിനെകുറിച്ച് ബിസിസിഐ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.

ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും ആരാധകരുണ്ടെന്നും അവര്‍ക്കെല്ലാമുള്ള ആദരവാണ് പുതിയ ജേഴ്‌സിയെന്നും ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്ടനുമായ സൗരവ് ഗാംഗുലി പറഞ്ഞു. ആദ്യമായാണ് കാണികളെ ആദരിച്ചുകൊണ്ട് ഇന്ത്യന്‍ ടീം ഒരു ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.