ഗോള്‍ വേട്ടയില്‍ മെസിക്കൊപ്പമെത്തി ഇന്ത്യന്‍ നായകന്‍; ഛേത്രിക്കു മുന്നില്‍ ഇനി റൊണാള്‍ഡോ മാത്രം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പമെത്തി ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്‌കോര്‍ ചെയ്ത ഛേത്രി തന്റെ 80-ാമത്തെ അന്താരാഷ്ട്ര ഗോളാണ് നേപ്പാളിനെതിരെ നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (115) ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പട്ടികയില്‍ അഞ്ചാമതാണ് ഛേത്രിയിപ്പോള്‍.

നിലവില്‍ ഫുട്ബാള്‍ രംഗത്ത് സജീവമായ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി രണ്ടാം സ്ഥാനത്തേക്ക് കയറി. റൊണാള്‍ഡോ മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.

155 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 80 ഗോള്‍ നേടിയത്. എന്നാല്‍, ഛേത്രിക്കാവട്ടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ വേണ്ടിവന്നത് 124 മത്സരങ്ങള്‍ മാത്രം.

കഴിഞ്ഞ ദിവസം മാലദ്വീപിനെതിരായ സെമിയില്‍ ഇരട്ടഗോള്‍ നേടിയ ഛേത്രി ബ്രസീലിയന്‍ ഇതിഹാസം പെലെയെ ഇന്ത്യന്‍ നായകന്‍ മറികടന്നിരുന്നു.

ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ സാഫ് കപ്പില്‍ എട്ടാം തവണ മുത്തമിട്ടത്. ഛേത്രിയെ കൂടാതെ സുരേഷ് സിങ്ങും മലയാളി താരം സഹല്‍ അബ്ദുല്‍ സമദുമാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.