കേരള ഫുട്‌ബോള്‍ അസോസിയേഷനും സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഫുട്‌ബോളിന്റെ സമഗ്ര വളര്‍ച്ചയ്ക്കായി ദീര്‍ഘകാല കരാര്‍ ഒപ്പിട്ട് കേരള ഫുട്‌ബോള്‍ അസോസിയേഷനും സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സും. ഫുട്‌ബോള്‍ അസോസിയേഷന്റെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കണ്‍സോര്‍ഷ്യം കൂടിയാകും പങ്കാളിത്തം. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ വാണിജ്യ അവകാശങ്ങള്‍ 12 കൊല്ലത്തേക്കാണ് കണ്‍സോഷ്യം വിഭാവനം ചെയ്യുന്നത്.

കരാറില്‍ പറയുന്ന വ്യവസ്ഥകളില്‍ വീഴ്ച വരുത്തിയാല്‍ കരാര്‍ റദ്ദ് ചെയ്യാമെന്ന വ്യവസ്ഥയുമുണ്ട്. കേരള ഫുട്‌ബോള്‍ അസോസിയേഷനൊപ്പം മീരന്‍സ് സ്‌പോര്‍ട്‌സ് ലൈന്‍, സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സ് എന്നിവരുമാണ് കരാറില്‍ ഒപ്പ് വെച്ചിരിക്കുന്നത്. കണ്‍സോഷ്യത്തിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമാനുസൃത ക്ലിയറന്‍സും ലഭിച്ചിട്ടുണ്ട്.

കെ എഫ് എ യെ സ്വകാര്യ വല്‍ക്കരിക്കാനുള്ള തീരുമാനം നേരത്തെ വിവാദമായിരുന്നു. കെ എഫ് എ യുടെ ജനാധിപത്യ വ്യവസ്ഥിതിയും സാമ്പത്തിക അടിത്തറയും തകര്‍ക്കുമെന്നതായിരുന്നു ആരോപണം. ഇതിനെ മറികടന്നാണ് ഇപ്പോള്‍ കെ എഫ് എ യും സ്വകാര്യ കമ്പനികളും ചേര്‍ന്ന് കരാറില്‍ ഒപ്പ് വെച്ചത്.