കൊല്‍ക്കത്തയെ തകര്‍ത്ത് നാലാം ഐപിഎല്‍ കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ചെന്നൈയുടെ വിജയത്തിന് അടിത്തറയിട്ടത്. ഡു പ്ലെസിസ് 59 പന്തില്‍ 86 റണ്ണടിച്ചു. ഏഴ് ഫോറും മൂന്ന് സിക്‌സറും അകമ്പടിയായി.

ജയിക്കാന്‍ വേണ്ട 193 റണ്ണിലേക്ക് ഗംഭീരമായാണ് കൊല്‍ക്കത്ത തുടങ്ങിയത്. ഓപ്പണര്‍മാരായ വെങ്കിടേഷ് അയ്യരും (32 പന്തില്‍ 50) ശുഭ്മാന്‍ ഗില്ലും (43 പന്തില്‍ 51) മികച്ച തുടക്കം നല്‍കി. ഇവര്‍ 10.4 ഓവറില്‍ 91 റണ്ണടിച്ചെങ്കിലും തുടര്‍ച്ചയുണ്ടായില്ല. നിതീഷ് റാണ (0), സുനില്‍ നരെയ്ന്‍ (2), ദിനേശ് കാര്‍ത്തിക് (9), ഷാക്കിബ് അല്‍ ഹസ്സന്‍ (0), രാഹുല്‍ ത്രിപാഠി (2) എന്നിവരെല്ലാം വേഗം മടങ്ങി.

ക്യാപ്റ്റന്‍ ഇയോവിന്‍ മോര്‍ഗനും (4) ഒന്നും ചെയ്യാനായില്ല. ഫെര്‍ഗൂസനും (18*) ശിവം മാവിയും (20) തോല്‍വിഭാരം കുറച്ചു. ചെന്നൈക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും രണ്ട് ക്യാച്ചുമെടുത്തു. ശര്‍ദുള്‍ താക്കൂറിന് മൂന്ന് വിക്കറ്റുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദും ഡു പ്ലെസിസും ഒന്നാം വിക്കറ്റില്‍ 61 റണ്‍ നേടി. ഋതുരാജ് 27 പന്തില്‍ 32 റണ്ണെടുത്തു. അതിനിടെ, മൂന്ന് ഫോറും ഒരു സിക്‌സറും കണ്ടെത്തി. റോബിന്‍ ഉത്തപ്പ 15 പന്തില്‍ മൂന്ന് സിക്‌സറിനൊപ്പം 31 റണ്ണടിച്ചു. മൊയീന്‍ അലി 20 പന്തില്‍ 37 റണ്ണുമായി പുറത്താകാതെനിന്നു.

ഒമ്പതുതവണ ഫൈനലില്‍ കടന്ന ചെന്നൈയുടെ നാലാം കിരീടമാണ്. 2018ലും 2011ലും 2010ലും ചാമ്പ്യന്‍മാരായിട്ടുണ്ട്. സ്‌കോര്‍: ചെന്നൈ 3-192, കൊല്‍ക്കത്ത 9-165.