Sports (Page 162)

ന്യൂഡല്‍ഹി: കേരളത്തിലെ കുട്ടികള്‍ പിവിസി പൈപ്പുകള്‍ ഉപയോഗിച്ചും ഹോക്കി കളിക്കാന്‍ തുടങ്ങിയെന്ന് ഒളിംപിക്‌സ് ഹോക്കിതാരം പി ആര്‍ ശ്രീജേഷ്. വെള്ളിയാഴ്ച നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവിന്റെ 19-ാം പതിപ്പില്‍ ആണ് മലയാളിയായ ശ്രീജേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

”എന്റെ സംസ്ഥാനമായ കേരളത്തിലെ ആളുകള്‍ ഹോക്കി കളിക്കാന്‍ തുടങ്ങിയിരിക്കുന്നു, അത് കാണാന്‍ വളരെ സന്തോഷകരമാണ്. കാരണം, കേരളം ഇതുവരെ അറിയപ്പെട്ടിരുന്നത് അത്ലറ്റിക്സിനും ഫുട്‌ബോളിനും മാത്രമായിരുന്നു. ഹോക്കി ഒരിക്കലും കേരളത്തില്‍ ഒരു ജനപ്രിയ കായിക വിനോദമായിരുന്നില്ല, ‘ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പി ആര്‍ ശ്രീജേഷ് പറഞ്ഞു.

”എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു, ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികള്‍ പിവിസി പൈപ്പുകള്‍ ഉപയോഗിച്ച് ഹോക്കി കളിക്കുന്നു. ഇതാണ് ഞാന്‍ കാണാന്‍ ആഗ്രഹിച്ച മാറ്റം. അടുത്ത തലമുറയ്ക്ക് പ്രചോദനം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഒന്നു തുനിഞ്ഞിറങ്ങിയാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) കഥ തീരുമെന്ന് പിസിബി ചെയര്‍മാനും മുന്‍ പാക്കിസ്ഥാന്‍ താരവുമായ റമീസ് രാജ. പാക്കിസ്ഥാനിലെ സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുന്നിലായിരുന്നു രാജയുടെ തുറന്നു പറച്ചില്‍.

‘രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) സാമ്പത്തിക സഹായം കൊണ്ടാണ് പിസിബി രക്ഷപ്പെട്ടു പോകുന്നത്. എന്നാല്‍ ഐസിസിക്ക് 90 ശതമാനം വരുമാനവും ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇത് ഭയപ്പെടുത്തുന്ന വസ്തുതയാണെന്ന് രാജ ചൂണ്ടിക്കാട്ടി.

”ഐസിസി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി പോലെയാണ്. ഇന്ത്യയിലെ ബിസിനസുകാരാണ് ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. അതു വഴി പാക്ക് ക്രിക്കറ്റിനെയും. ഭാവിയില്‍ പാക്കിസ്ഥാനു സഹായം നല്‍കരുത് എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ നമ്മളെന്തു ചെയ്യും?”- രാജ ചോദിച്ചു.

ഐസിസിയെ അമിതമായി ആശ്രയിക്കാതെ സ്വന്തം വരുമാനം കണ്ടെത്താന്‍ പിസിബി പുതിയ വഴികള്‍ തേടണമെന്നും ചെയര്‍മാന്‍ പറഞ്ഞു. അപ്രതീക്ഷിതമായി റദ്ദാക്കിയ പാക്കിസ്ഥാന്‍-ന്യൂസീലന്‍ഡ് പരമ്പര വീണ്ടും നടത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രാജ അറിയിച്ചു.

‘പാക്കിസ്ഥാനില്‍ വന്നശേഷം പരമ്പര റദ്ദാക്കി പോയ ന്യൂസീലന്‍ഡിന്റെ നടപടി അംഗീകരിക്കാവുന്നതല്ല. എന്തുകൊണ്ടാണ് പരമ്പര റദ്ദാക്കുന്നതെന്ന് ഇന്നുവരെ അവര്‍ നമ്മളെ അറിയിച്ചിട്ടില്ല. ഇപ്പോള്‍ പരമ്പര മറ്റൊരു മാസത്തേക്ക് മാറ്റാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും റമീസ് രാജ വ്യക്തമാക്കി.

അബൂദാബി: ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയിട്ടും പ്ലേ ഓഫില്‍ ഇടംപിടിക്കാതെ മുംബൈ പുറത്ത്. ആദ്യം ബാറ്റ് ചെയ്ത് 235 റണ്‍സാണ് മുംബൈ നേടിയത്.

എന്നാല്‍, സണ്‍റൈസേഴ്‌സിനെതിരെ 171 റണ്‍സിന്റെയെങ്കിലും ജയം വേണ്ടിയിരുന്ന മുംബൈക്ക് അത് നേടാനായില്ല. ഇഷാന്‍ കിഷനും (32 പന്തില്‍ 84), സൂര്യകുമാര്‍ യാദവും (40 പന്തില്‍ 82) കത്തിക്കയറിയപ്പോള്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 235 റണ്‍സടിച്ചു. മുംബൈയുടെ ഐ.പി.എല്ലിലെ ഏറ്റവുമുയര്‍ന്ന ടോട്ടലാണിത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18), ഹര്‍ദിക് പാണ്ഡ്യ (10), കീറണ്‍ പൊള്ളാര്‍ഡ് (13), ജെയിംസ് നീഷം (0), ക്രുനാല്‍ പാണ്ഡ്യ (9), നതാന്‍ കോര്‍ട്ടര്‍ നൈല്‍ (3), പിയൂഷ് ചൗള (0) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോര്‍.വമ്ബന്‍ സ്‌കോര്‍ അനിവാര്യമായതിനാല്‍ തുടക്കം മുതല്‍ അടിച്ചുകളിക്കുകയായിരുന്നു മുംബൈ. 7.1 ഓവറില്‍ 100 കടന്ന മുംബൈ ഇന്നിങ്‌സിന് ഇടക്ക് ഹൈദരാബാദ് ബൗളര്‍മാര്‍ ബ്രേക്കിട്ടെങ്കിലും അവസാനഘട്ടത്തില്‍ തകര്‍ത്തടിച്ച സൂര്യകുമാര്‍ ടോട്ടല്‍ 235ലെത്തിച്ചു.

കിഷന്‍ നാലു സിക്‌സും 11 ഫോറും സൂര്യകുമാര്‍ മൂന്നു സിക്‌സും 13 ബൗണ്ടറിയും പായിച്ചു. ഹൈദരാബാദിനായി ജാസണ്‍ ഹോള്‍ഡര്‍ നാലും റാഷിദ് ഖാന്‍, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ഉംറാന്‍ മാലിക് ഒരു വിക്കറ്റുമെടുത്തു.

ദുബായ്: ഐപിഎല്ലില്‍ വമ്പന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തി ആറ് വിക്കറ്റ് ജയം സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സ്. 135 വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് അനായാസം ചെന്നൈ ഉയര്‍ത്തിയ സ്‌കോറിനെ മറികടക്കാനായി. 42 പന്തില്‍ ഏഴ് ഫോറും എട്ട് സിക്‌സും പറത്തി 98 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ കെ എല്‍ രാഹുലാണ് പഞ്ചാബിന്റെ വിജയശില്‍പി. 13 റണ്‍സെടുത്ത ഏയ്ഡന്‍ മാക്രമാണ് പഞ്ചാബിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഇതോടെ പഞ്ചാബ് കിംഗ്‌സ് പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സാണ് നേടിയത്. 76 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറര്‍. പഞ്ചാബിനായി ക്രിസ് ജോര്‍ഡനും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഋതുരാജ് ഗെയ്ക്വാദിനെ (12) ഷാരൂഖ് ഖാന്റെ കൈകളിലെത്തിച്ച അര്‍ഷ്ദീപ് സിംഗാണ് പഞ്ചാബിന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. തുടര്‍ന്ന് ചെന്നൈക്ക് വേഗത്തില്‍ വിക്കറ്റ് നഷ്ടമായി. മൊയീന്‍ അലിയെ (0) അര്‍ഷ്ദീപ് രാഹുലിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍ റോബിന്‍ ഉത്തപ്പ (2) ക്രിസ് ജോര്‍ഡനിന്റെ പന്തില്‍ ഹര്‍പ്രീത് ബ്രാറിന്റെ കൈകളില്‍ അവസാനിച്ചു.

അമ്പാട്ടി റായുഡുവിനെ (4) ക്രിസ് ജോര്‍ഡാന്റെ പന്തില്‍ അര്‍ഷ്ദീപ് സിംഗ് പിടികൂടി. എം എസ് ധോണി (12) ചില ബൗണ്ടറികളുമായി പ്രതീക്ഷ നല്‍കിയെങ്കിലും രവി ബിഷ്‌ണോയ്ക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഫാഫ് ഡുപ്ലെസി-രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 46 പന്തില്‍ ഫിഫ്റ്റി തികച്ച ഡുപ്ലെസി പിന്നീട് ചില കൂറ്റന്‍ ഷോട്ടുകളിലൂടെ സ്‌കോര്‍ ഉയര്‍ത്തി. ജഡേജ (15), ബ്രാവോ (4) എന്നിവര്‍ പുറത്താവാതെ നിന്നു.

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 86 റണ്‍സിനു പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യത ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 44 പന്തുകള്‍ നേരിട്ട ഗില്‍ രണ്ടു സിക്‌സും നാല് ഫോറുമടക്കം 56 റണ്‍സെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഗില്ലും വെങ്കടേഷ് അയ്യരും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 79 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. 35 പന്തില്‍ രണ്ടു സിക്‌സും മൂന്ന് ഫോറുമടക്കം 38 റണ്‍സെടുത്ത വെങ്കടേഷിനെ പുറത്താക്കി രാഹുല്‍ തെവാട്ടിയ ഈ കൂട്ടുകെട്ട് പൊളിച്ചു. നിതീഷ് റാണ അഞ്ചു പന്തില്‍ നിന്ന് 12 റണ്‍സെടുത്തു. തുടര്‍ന്ന് 14 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയും ഗില്ലും ചേര്‍ന്ന് കൊല്‍ക്കത്ത സ്‌കോര്‍ 133 വരെയെത്തിച്ചു.

എന്നാല്‍ 16-ാം ഓവറില്‍ ഗില്ലിനെ പുറത്താക്കി ക്രിസ് മോറിസ് കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി. പിന്നാലെ രാഹുല്‍ ത്രിപാഠിയെ ചേതന്‍ സക്കറിയ മടക്കി. 11 പന്തില്‍ 14 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും 11 പന്തില്‍ 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓയിന്‍ മേര്‍ഗനും ചേര്‍ന്ന് കൊല്‍ക്കത്ത സ്‌കോര്‍ 150 കടത്തി.

172 വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്തയ്ക്ക് മുന്നില്‍ അടിപതറുകയായിരുന്നു. 85 റണ്‍സ് മാത്രമേ രാജസ്ഥാന് നേടാന്‍ കഴിഞ്ഞുള്ളൂ. ജയ്‌സ്വാളിന് പിന്നാലെ ലിയാം ലിംവിംഗ്സ്റ്റണെ(6)യും അനുജ് റാവത്തിനെയും(0) ലോക്കി ഫെര്‍ഗൂസനും ക്യാപ്റ്റന്‍ സഞ്ജു സാംസണെയും(1) ശിവം ദുബെയയും(18), ഗ്ലെന്‍ ഫിലിപ്സിനെയും(8) ശിവം മാവിയും മടക്കിയതോടെ 13-4ലേക്കും 35-7ലേക്കും കൂപ്പുകുത്തി. രാഹുല്‍ തിവാട്ടിയ(36 പന്തില്‍ 44) നേടി.

ന്യൂഡല്‍ഹി: ലോക ഹോക്കി ഫെഡറേഷന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകളില്‍ നിറഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യ സമര്‍പ്പിച്ച നോമിനികളെല്ലാം അവാര്‍ഡ് സ്വന്തമാക്കി.

മലയാളി താരം പി.ആര്‍ ശ്രീജേഷ് അടക്കം ഇന്ത്യന്‍ ടീമിലെ ആറു പേര്‍ക്കാണ് മികവിനുള്ള അംഗീകാരം ലഭിച്ചത്.

ഇന്ത്യയുടെ ഡ്രാഗ് ഫ്‌ലിക്കര്‍മാരായ ഹര്‍മന്‍പ്രീത് സിങ്ങും ഗുര്‍ജിത് കൗറും മികച്ച പുരുഷ വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍, ഇന്ത്യന്‍ പുരുഷ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പറായും വനിതാ ടീം ഗോള്‍കീപ്പര്‍ സവിത പുനിയ മികച്ച വനിതാ ഗോള്‍കീപ്പറുമായി തിരഞ്ഞെടുക്കപ്പെട്ടു.

പരിശീലകര്‍ക്കുള്ള പുരസ്‌കാരവും പുറത്തുപോയില്ല. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമുകളെ മികച്ച നിലയിലേക്ക് പിടിച്ചുയര്‍ത്തിയ കോച്ചുമാരായ ഗ്രഹാം റെയ്ഡും (പുരുഷ ടീം) സ്യോര്‍ദ് മാരിനും (വനിതാ ടീം) മികച്ച പുരുഷ -വനിതാ ടീം പരിശീലകര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളിലെ ക്യാപ്റ്റന്‍മാരും പരിശീലകരും കളിക്കാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

അബുദാബി: ഐപിഎല്ലില്‍ അവസാന ബോള്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാലു റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് ആശ്വാസ വിജയം നേടി. ഹൈദരാബാദ് മുന്നോട്ടുവച്ച 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. 41 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ആര്‍സിബിയുടെ ടോപ്പ് സ്‌കോറര്‍. ഗ്ലെന്‍ മാക്സ്വല്‍ 40 റണ്‍സെടുത്തു. ഹൈദരാബാദിനു വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എടുത്തു. ഓപ്പണര്‍ ജേസണ്‍ റോയ് 44 ആണ് ഹൈദരാബാദ് ടീമിന്റെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 31 റണ്‍സെടുത്തു. മറ്റ് താരങ്ങള്‍ക്ക് കാര്യമായി സംഭാവന ചെയ്യാനായില്ല. ബെംഗളൂരുവിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂവിന് താരതമ്യേന ചെറിയ സ്‌കോര്‍ ആയ 141 മറികടക്കാനായില്ല. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് സമ്പാദ്യം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ബെംഗളൂരുവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍വെറും എട്ട് റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്.

ബെംഗളൂരുവിന് വേണ്ടി ദേവ്ദത്ത് പടിക്കല്‍ 41, ഗ്ലെന്‍ മാക്സേവെല്‍ 40 എന്നിവര്‍ നന്നായി കളിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ മധ്യനിരയ്ക്ക് കഴിഞ്ഞില്ല. വിജയിക്കാന്‍ ആയില്ലെങ്കിലും പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുളള ബെംഗളൂരു പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. ഹൈദരാബാദ് വെറും ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ്.

ലണ്ടന്‍: ബെര്‍മിങ് ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്മാറി. കൊവിഡും ഇംഗ്ലണ്ടിലെ ക്വാറന്റീന്‍ നിബന്ധനയും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ പിന്മാറ്റം.

നേരത്തെ, ഇന്ത്യയില്‍ നടക്കാനിരുന്ന ജൂനിയര്‍ ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് ടീം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടി നേരത്തെ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൊവിഷീല്‍ഡ് വാക്സിനെ ബ്രിട്ടന്‍ അംഗീകൃത വാക്സിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി.

എന്നാല്‍ ഇന്ത്യയുടെ കൊവിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്ന നിലപാട് തുടര്‍ന്നു. തുടര്‍ന്ന് ഇന്ത്യയില്‍ എത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഇന്ത്യയും പ്രഖ്യാപിച്ച് തിരിച്ചടിച്ചിരുന്നു.

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

വിജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ മുംബൈക്ക് അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെയും ജയിക്കാനായാല്‍ പ്ലേ ഓഫില്‍ പ്രതീക്ഷ വയ്ക്കാനാകും.

ഓപ്പണര്‍ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. ഇഷാന്‍ കിഷന്‍ 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. രോഹിത് ശര്‍മ 13 പന്തില്‍ 22 റണ്‍സെടുത്തു.

അതേസമയം, തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിന്റെയും എവിന്‍ ലൂയിസിന്റെയും ബാറ്റിങില്‍ മൂന്നാം ഓവറില്‍ രാജസ്ഥാന്‍ 27 റണ്‍സിലെത്തി. എന്നാല്‍ 12 റണ്‍സെടുത്ത ജയ്‌സ്വാളിനെ നഥാന്‍ കോള്‍ട്ടര്‍നൈല്‍ മടക്കിയതോടെ രാജസ്ഥാന്റെ തകര്‍ച്ചക്ക് തുടക്കമായി. എവിന്‍ ലൂയിസും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ ആറാം ഓവറില്‍ 41 റണ്‍സിലെത്തിച്ചെങ്കിലും ലൂയിസിനെ വീഴ്ത്തി ബുമ്ര രാജസ്ഥാന് രണ്ടാം പ്രഹരമേല്‍പ്പിച്ചു.

വമ്പന്‍ ജയം നേടിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ. തോല്‍വിയോടെ രാജസ്ഥാന്‍ പഞ്ചാബിന് പിന്നില്‍ ഏഴാം സ്ഥാനത്തായി.

ദുബായ്: ഐപിഎല്ലില്‍ ചെന്നൈക്കെതിരെ 3 വിക്കറ്റ് വിജയം നേടി ഡല്‍ഹി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. 43 പന്തില്‍ 55 റണ്‍സെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.

137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയത്തിലെത്തിയത്. 39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഷിമ്രോണ്‍ ഹെറ്റ്മെയര്‍(18 പന്തില്‍ 28) നടത്തിയ പോരാട്ടം ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ജയത്തോടെ 20 പോയിന്റുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തി.

സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 136-6, ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 139-7.