Recent Posts (Page 566)

ജയിലർ സിനിമ കോടികൾ കൊയ്യുമ്പോൾ രജനീകാന്ത് ബാബാജിയുടെ ഗുഹയിൽ ധ്യാനത്തിലാണ്. കഴിഞ്ഞദിവസം സ്വാതന്ത്ര്യ ദിനത്തിൽ ഉത്തരാഖണ്ഡിൽ വച്ചാണ് താരം പതാക ഉയർത്തിയത്. അതിനുശേഷം അദ്ദേഹം മഹാ അവതാർ ബാബാജിയുടെ ഗുഹയിൽ ധ്യാനത്തിന് പോകുന്നതിന്റെയും ട്രക്കിംഗ് നടത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

കേദാർനാഥ്, ബദരി നാഥ്‌ എന്നീ ക്ഷേത്രങ്ങളും താരം സന്ദർശിച്ചിരുന്നു. രണ്ടിടത്തും രജനീകാന്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. ജയിലർ സിനിമ എല്ലാ ഭാഷയിലും വൻ ഹിറ്റായിരിക്കുകയാണ്. രജനികാന്തിന്റെ കരിയറിലെ തന്നെ ചരിത്രമാകാൻ പോകുന്ന സിനിമ തന്നെയാകും ഇതെന്നാണ് ആരാധകർ പറയുന്നത്.

പുതുപ്പള്ളി : ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹനോന്‍ മാര്‍ ദിയോസ്‌കോറസ് മെത്രാപ്പോലീത്ത നടത്തിയ പ്രസ്താവന വിവാദമാകുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടിയും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസും സഭയുടെ മക്കളാണെന്ന ഭദ്രാസനാധിപന്റെ പ്രസ്താവനയാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഓർത്തഡോക്സ് പക്ഷത്തു നിൽക്കുന്ന ആളാണ് ചാണ്ടി ഉമ്മൻ. ജെയ്ക് സി തോമസ് അപ്പുറത്തെ പക്ഷത്തെ ആളാണ്. ഞങ്ങളെ സംബന്ധിച്ച് ചാണ്ടിയും ജെയ്ക്കും മലങ്കര സഭയുടെ അംഗങ്ങളാണ്. ജെയ്ക്ക് മറ്റൊരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണെങ്കിലും ഞങ്ങളെ സംബന്ധിച്ച് യാക്കോബായ, ഓർത്തഡോക്സ് എന്ന് വേർതിരിവില്ല.

കോടതി തന്നെ യാക്കോബായ, ഓർത്തഡോക്സ് എന്നൊന്നില്ല. മലങ്കര മാത്രമേയുള്ളൂ എന്ന് പറഞ്ഞിരിക്കുമ്പോൾ രണ്ടുപേരെയും ഞങ്ങളുടെ കുട്ടികളായിട്ടേ കാണാൻ കഴിയൂവെന്നായിരുന്നു കോട്ടയം ഭദ്രാസനാധിപൻ പറഞ്ഞത്. ഇദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ സഭയുടെ മുൻ വൈദിക ട്രസ്റ്റി ആയിരുന്ന ഫാ. എം. ഒ ജോൺ രംഗത്ത് എത്തി. ജെയ്ക്ക് ദൈവവിശ്വാസി അല്ലെന്നും സഭയിൽ അംഗത്വം ഇല്ലാത്ത ആളാണെന്നും കല്യാണം പോലും പള്ളിയിൽ വച്ച് നടത്തിയിട്ടില്ലെന്നും സമൂഹമാധ്യമത്തിലൂടെ അദ്ദേഹം പ്രതികരിച്ചു. അൽമായർമാറും യൂഹനോന്‍ മാര്‍ ദിയോസ്‌കോറസ് മെത്രാപ്പോലീത്തയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ജെയ്ക്ക് മുൻപ് മലങ്കര സഭയിലെ അംഗമായിരുന്നുവെങ്കിലും ഇപ്പോൾ നിരീശ്വരവാദിയാണ്. ദൈവവിശ്വാസി അല്ലാത്ത ജെയ്ക്ക് സഭയിലെ അംഗമാണെന്ന് പറയുന്നതിലൂടെ തിരുമേനിക്ക് തെറ്റുപറ്റിയിരിക്കുകയാണ്. തിരുമേനി പറഞ്ഞത് ശരിയായില്ല എന്നിങ്ങനെയായിരുന്നു അൽമായിറിന്റെ പ്രതികരണം. ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട മിക്ക മാധ്യമങ്ങളിലും ജെയ്ക്കിന്റെ വിശ്വാസത്തെയും കോട്ടയം ഭദ്രാസനാധിപന്റെ പരാമർശത്തെയും സംബന്ധിച്ച് വിവാദം കത്തിപ്പടരുകയാണ്.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഡൽഹിയിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേരിൽ മാറ്റം വരുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്. ലൈബ്രറിയുടെ പേരു മാറ്റാനുള്ള നീക്കം രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ പൈതൃകത്തിനു കളങ്കമേൽപ്പിക്കാനുള്ള ശ്രമമാണെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിനെതിരായാണ് പേര് മാറ്റിയതെന്നാണ് ബിജെപി പറയുന്നത്. ഡൽഹിയിലെ തീൻ മൂർത്തി മാർഗിലുള്ള നെഹ്‌റു മ്യൂസിയം, ‘പ്രൈംമിനിസ്റ്റേർസ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി’ എന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പുനർനാമകരണം ചെയ്തത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

നടപടിക്കെതിരെ രൂക്, വിമർശനവുമായി ജയ്‌റാം രമേശ് രംഗത്തെത്തിയിരുന്നു. നെഹ്‌റുവിന്റെ പൈതൃകത്തെ ഇതിലൂടെ തകർക്കാനാവില്ലെന്നും, വരും തലമുറകളും അദ്ദേഹത്തിന്റെ ആശയങ്ങളിൽ പ്രചോദനമുൾക്കൊള്ളുമെന്നും ജയറാം രമേഷ് പ്രതികരിച്ചു. എന്നാൽ, കോൺഗ്രസിന്റെ കുടുംബ വാഴ്ചയെ ഇല്ലാതാക്കാൻ മാത്രമാണ് പേരു മാറ്റമെന്നും ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ അല്ലെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെ എസ് ആർ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്‌കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാൻറീനിൽ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത – ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊർജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഭിന്നശേഷിക്കാർക്ക് യുഡി ഐഡി നൽകുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും.

കുടുംബാംഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാന മാർഗം കണ്ടെത്തി നൽകാനാവണമെന്ന് മഖ്യമന്ത്രി നിർദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക ശുശ്രൂഷ നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും വേണം. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മാനസിക പ്രശ്നമുള്ളവർക്ക് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്ധരുടെ സേവനങ്ങൾ നൽകണം. മരുന്നുകളും ലഭ്യമാക്കണം. റേഷൻകാർഡുകൾ തരം മാറ്റാനുള്ള അപേക്ഷകളിൽ ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കണം.

പ്രധാനമായും നാല് ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോഗ്യം ക്ലേശകരമായ 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമാണുള്ളത്.

അതിദാരിദ്ര്യ ലിസ്റ്റിൽപ്പെട്ട സങ്കേതിക തടസ്സമില്ലാത്ത മുഴുവൻ പേർക്കും അവകാശ രേഖകൾ ഇതിനകം നൽകിയിട്ടുണ്ട്. അതിദരിദ്ര കുടുംബം, വ്യക്തികൾ എന്നിവരുടെ വിവരങ്ങൾ എം ഐ എസ് പോർട്ടലിൽ പരിശോധിക്കാനുള്ള സൗകര്യം വകുപ്പുകൾക്ക് നൽകി. അവശ്യ വസ്തുകളും സേവനങ്ങളും വാതിൽപ്പടി സേവനം മുഖേന നൽകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വളണ്ടിയർമാർ ഇതിന് സഹായിക്കുന്നുണ്ട്.

വരുമാനം ക്ലേശ ഘടകമായവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്നതിന് ജോബ് കാർഡുകൾ വിതരണം ചെയ്തു. പശു വിതരണം, തയ്യൽ മെഷിൻ എന്നിവയും നൽകി. കുട്ടികൾക്ക് പുസ്തകം, പേന, കുട, ബാഗ്, ചോറ്റുപാത്രം, ബോക്സ്, സ്റ്റീൽ വാട്ടർബോട്ടിൽ തുടങ്ങിയവ വിതരണം ചെയ്തു.

2025 നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. 2023, 2024 വർഷങ്ങളിൽ ഒന്ന്, രണ്ട് ഘട്ട പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഭാഗങ്ങളിൽ എത്ര കുടുംബങ്ങളെ ഇതുവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്ന് പ്രത്യേകം പ്രഖ്യാപിക്കും.

യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, കെ രാധാകൃഷ്ണൻ, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, എം ബി രാജേഷ്, വീണാ ജോർജ്, ആർ ബിന്ദു, എ കെ ശശീന്ദ്രൻ, ആന്റണി രാജു എന്നിവരും ചീഫ് സെക്രട്ടറി ഡോ. വേണു വി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

കോട്ടയം : എൽഡിഎഫും യുഡിഎഫും ഒരുപോലെ പണം വാങ്ങിയതിനാലാണ് മാസപ്പടി വിവാദം ഇരുമുന്നണികളും ഒരുമിച്ച് മൂടി വയ്ക്കുന്നതെന്ന് കെ സുരേന്ദ്രൻ. മിത്ത് വിവാദം പുതുപ്പള്ളിയിൽ ചർച്ചയാക്കും. മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടിയാകും പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിശദീകരിച്ചു. സംസ്ഥാനത്തെ വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പുതുപ്പള്ളി മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് ചർച്ചകളിൽ കൊണ്ടുവരുമെന്ന് സുരേന്ദ്രൻ പ്രതികരണം നടത്തി.

മിത്ത് വിവാദത്തിലെ നിലപാട് മയപ്പെടുത്തിയതിൽ കാര്യമില്ലെന്നും മാപ്പ് പറയാൻ സ്പീക്കർ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആഞ്ഞടിച്ചു. അതേ സമയം പുതുപ്പള്ളി മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന് ചൂടുപിടിക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും ബിജെപി സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് കഴിഞ്ഞദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.

തിരുവനന്തപുരം: എൻ. സി. ഇ. ആർ. ടി. വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഗസ്റ്റ് 23 ന് പുറത്തിറക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 23 ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വി ശിവൻകുട്ടിയാണ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കുന്നത്.

കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നവീകരിക്കപ്പെടണം എന്നതിൽ രാജ്യത്തിന്റെ ചരിത്രം, സ്വാതന്ത്ര്യ സമര കാലത്തിന്റെ ഊർജ്ജം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ നമുക്ക് ഒരു കാലത്തും മാറ്റാൻ കഴിയില്ല. എന്ത് കാരണം പറഞ്ഞായാലും ഇത്തരം ഭാഗങ്ങൾ നീക്കുന്നത് കേരളം എല്ലാ കാലത്തും എതിർക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം : സിപിഎം നേതാവ് മോഹനൻ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് തനിക്കെതിരെ വന്ന വിജിലൻസ് അന്വേഷണത്തിൽ പ്രതികരണം നടത്തി മാത്യു കുഴൽ നാടൻ എം എൽ എ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദം നിയമസഭയിൽ മാത്യു ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മാത്യുവിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം ആരംഭിക്കാൻ പോകുന്നത്.

മുന്നോട്ടുവെച്ച കാൽ താൻ പിന്നോട്ട് എടുക്കില്ലെന്നും എല്ലാ ഏജൻസികളും പിണറായി വിജയന്റെയും മോദിയുടെയും കൈകളിലാണെന്നുമുള്ള പ്രതികരണമാണ് എംഎൽഎ ഈ വിഷയത്തിൽ നടത്തിയത്. വിജിലൻസ് കേസിനെ താൻ ഭയപ്പെടുന്നില്ലെന്നും കേസുകൊണ്ട് തന്നെ വേട്ടയാടാൻ കഴിയില്ലെന്നും എംഎൽഎ വിശദീകരിച്ചു. ആശുപത്രിക്കാരുടെ അനാസ്ഥയെ തുടർന്ന് വയറിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെ സെക്രട്ടറിയേറ്റിനു മുന്നിലുള്ള നീതി നിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാത്യു കുഴൽ നാടൻ എംഎൽഎ.

പൊതുസമൂഹത്തിനൊപ്പം സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാടുമെന്നും തെറ്റ് ചൂണ്ടി കാണിക്കുന്നവരെ വേട്ടയാടുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും എംഎൽഎ വിമർശിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ഉന്നയിച്ചായിരുന്നു കുഴൽ നാടനെതിരെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തെത്തിയത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നും താൻ ഒരു രീതിയിലുമുള്ള നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും മാത്യു വിശദീകരിച്ചു.

തിരുവനന്തപുരം: വിലക്കയറ്റത്തിൽ കൃത്യമായ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഓണം പൊന്നോണം ആക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രയാസവും ഇല്ലാതെ ജനങ്ങൾ ഓണം ഉണ്ണും എന്നതാണ് സർക്കാരിന്റെ ഗ്യാരണ്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിൽ പ്രയാസം ഇല്ല. കേന്ദ്രം സംസ്ഥാനത്തിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അവസ്ഥയാണ്. എന്നാൽ, ഇതിനെ കോൺഗ്രസ് എതിർക്കുന്നില്ല. വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്ത് തന്നെ മുന്നോട്ട് പോകും. പട്ടിണി വരുന്നു എന്ന രീതിയിലാണ് ചില മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത്. ചില പത്രങ്ങൾ മഹാബലി ഇങ്ങോട്ട് വരണ്ട എന്ന രീതിയിൽ വരെ വാർത്തകൾ കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിത്യോപയോഗ സാധനങ്ങൾ വിലകുറഞ്ഞിരിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ഇക്കാര്യത്തിൽ തനിക്ക് അഭിമാനമുണ്ട്. വികസനത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ് പുതുപ്പള്ളി. മണ്ഡലം രക്ഷപ്പെടാൻ ജെയ്ക്ക് സി തോമംസ് വിജയിക്കണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ നടക്കും. കൊല്ലം ജില്ലയാണ് സ്‌കൂൾ കലോത്സവത്തിന് വേദിയാകുക.

അതേസമയം, ഒക്ടോബർ മാസം കായിക മേള നടക്കും. കുന്നംകുളത്താണ് കായിക മേള നടക്കുക. നവംബർ മാസം സെപ്ഷ്യൽ സ്‌കൂൾ മേള എറണാകുളത്ത് അരങ്ങേറും.

ഇത്തവണ ശാസ്ത്ര മേള തിരുവനന്തപുരത്താണ് നടക്കുന്നത്. ഡിസംബറിലാണ് ശാസ്ത്രമേള. കഴിഞ്ഞ കലോത്സവത്തിന് വേദിയായത് കോഴിക്കോട് ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ ആസ്തി വിവരങ്ങൾ പുറത്ത്. രണ്ടുകോടി രൂപയുടെ ആസ്തിയാണ് ജെയ്ക്കിനുള്ളത്. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ജെയ്ക്കിന്റെ പേരിൽ കോട്ടയം വേളൂർ വില്ലേജിൽ 2.28 ലക്ഷം രൂപ വിലയുള്ള കൃഷി ഭൂമിയും മണർകാട് വില്ലേജിൽ 77.46 ലക്ഷം രൂപ വിലയുള്ള കാർഷികേതര ഭൂമിയുമുണ്ട്. ഇതിന് പുറമെ മണർകാട് പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലും കോട്ടയം നഗരസഭയിൽ പന്ത്രണ്ടാം വാർഡിലുമായി കൊമേർഷ്യൽ ബിൽഡിങ്ങുകളുമുണ്ട്.

മണർകാട് പഞ്ചായത്തിലെ 15-ാം വാർഡിൽ സ്വന്തമായി 1539 സ്‌ക്വയർ ഫീറ്റ് വീടാണ് ജെയ്ക്കിനുള്ളത്. നിലവിലെ വിപണി വില അനുസരിച്ച് 11 ലക്ഷത്തോളം രൂപ ഈ വീടിന് വില വരും. ഭൂമിയും വീടും കൊമേർഷ്യൽ ബിൽഡിങ്ങും അടക്കം 2.06 കോടി രൂപയാണ് ജെയ്ക്കിന്റെ ആസ്തി. വേളൂർ വില്ലേജിലെ കൃഷിഭൂമിയുടെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ജെയ്ക്കിന്റെ ഉടമസ്ഥാവകാശത്തിൽ ഉള്ളത്. മറ്റു രണ്ടുപേർക്കുകൂടി ഈ ഭൂമിയിൽ അവകാശമുണ്ട്. കോട്ടയം നഗരത്തിലെയും മണർകാട് പഞ്ചായത്തിലെയും കൊമേർഷ്യൽ ബിൽഡിങ്ങുകളിൽ ജെയ്ക്കിന്റെ സഹോദരൻ സി ടി തോമസിനും അവകാശമുണ്ട്.

വാടക ഇനത്തിൽ ലഭിക്കുന്ന തുകയാണ് ജെയ്ക്കിന്റെ വരുമാന മാർഗം.