നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേര് മാറ്റൽ: കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഡൽഹിയിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേരിൽ മാറ്റം വരുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്. ലൈബ്രറിയുടെ പേരു മാറ്റാനുള്ള നീക്കം രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ പൈതൃകത്തിനു കളങ്കമേൽപ്പിക്കാനുള്ള ശ്രമമാണെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിനെതിരായാണ് പേര് മാറ്റിയതെന്നാണ് ബിജെപി പറയുന്നത്. ഡൽഹിയിലെ തീൻ മൂർത്തി മാർഗിലുള്ള നെഹ്‌റു മ്യൂസിയം, ‘പ്രൈംമിനിസ്റ്റേർസ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി’ എന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പുനർനാമകരണം ചെയ്തത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

നടപടിക്കെതിരെ രൂക്, വിമർശനവുമായി ജയ്‌റാം രമേശ് രംഗത്തെത്തിയിരുന്നു. നെഹ്‌റുവിന്റെ പൈതൃകത്തെ ഇതിലൂടെ തകർക്കാനാവില്ലെന്നും, വരും തലമുറകളും അദ്ദേഹത്തിന്റെ ആശയങ്ങളിൽ പ്രചോദനമുൾക്കൊള്ളുമെന്നും ജയറാം രമേഷ് പ്രതികരിച്ചു. എന്നാൽ, കോൺഗ്രസിന്റെ കുടുംബ വാഴ്ചയെ ഇല്ലാതാക്കാൻ മാത്രമാണ് പേരു മാറ്റമെന്നും ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ അല്ലെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല ചൂണ്ടിക്കാട്ടി.