ജെയ്ക്ക് സി തോമസും ചാണ്ടി ഉമ്മനും സഭയുടെ മക്കളാണെന്ന കോട്ടയം ഭദ്രാസനാധിപന്റെ പ്രസ്താവന വിവാദമാകുന്നു

പുതുപ്പള്ളി : ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹനോന്‍ മാര്‍ ദിയോസ്‌കോറസ് മെത്രാപ്പോലീത്ത നടത്തിയ പ്രസ്താവന വിവാദമാകുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടിയും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസും സഭയുടെ മക്കളാണെന്ന ഭദ്രാസനാധിപന്റെ പ്രസ്താവനയാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഓർത്തഡോക്സ് പക്ഷത്തു നിൽക്കുന്ന ആളാണ് ചാണ്ടി ഉമ്മൻ. ജെയ്ക് സി തോമസ് അപ്പുറത്തെ പക്ഷത്തെ ആളാണ്. ഞങ്ങളെ സംബന്ധിച്ച് ചാണ്ടിയും ജെയ്ക്കും മലങ്കര സഭയുടെ അംഗങ്ങളാണ്. ജെയ്ക്ക് മറ്റൊരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണെങ്കിലും ഞങ്ങളെ സംബന്ധിച്ച് യാക്കോബായ, ഓർത്തഡോക്സ് എന്ന് വേർതിരിവില്ല.

കോടതി തന്നെ യാക്കോബായ, ഓർത്തഡോക്സ് എന്നൊന്നില്ല. മലങ്കര മാത്രമേയുള്ളൂ എന്ന് പറഞ്ഞിരിക്കുമ്പോൾ രണ്ടുപേരെയും ഞങ്ങളുടെ കുട്ടികളായിട്ടേ കാണാൻ കഴിയൂവെന്നായിരുന്നു കോട്ടയം ഭദ്രാസനാധിപൻ പറഞ്ഞത്. ഇദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ സഭയുടെ മുൻ വൈദിക ട്രസ്റ്റി ആയിരുന്ന ഫാ. എം. ഒ ജോൺ രംഗത്ത് എത്തി. ജെയ്ക്ക് ദൈവവിശ്വാസി അല്ലെന്നും സഭയിൽ അംഗത്വം ഇല്ലാത്ത ആളാണെന്നും കല്യാണം പോലും പള്ളിയിൽ വച്ച് നടത്തിയിട്ടില്ലെന്നും സമൂഹമാധ്യമത്തിലൂടെ അദ്ദേഹം പ്രതികരിച്ചു. അൽമായർമാറും യൂഹനോന്‍ മാര്‍ ദിയോസ്‌കോറസ് മെത്രാപ്പോലീത്തയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ജെയ്ക്ക് മുൻപ് മലങ്കര സഭയിലെ അംഗമായിരുന്നുവെങ്കിലും ഇപ്പോൾ നിരീശ്വരവാദിയാണ്. ദൈവവിശ്വാസി അല്ലാത്ത ജെയ്ക്ക് സഭയിലെ അംഗമാണെന്ന് പറയുന്നതിലൂടെ തിരുമേനിക്ക് തെറ്റുപറ്റിയിരിക്കുകയാണ്. തിരുമേനി പറഞ്ഞത് ശരിയായില്ല എന്നിങ്ങനെയായിരുന്നു അൽമായിറിന്റെ പ്രതികരണം. ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട മിക്ക മാധ്യമങ്ങളിലും ജെയ്ക്കിന്റെ വിശ്വാസത്തെയും കോട്ടയം ഭദ്രാസനാധിപന്റെ പരാമർശത്തെയും സംബന്ധിച്ച് വിവാദം കത്തിപ്പടരുകയാണ്.