മിത്ത് വിവാദം ചർച്ചയാക്കി പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും : കെ സുരേന്ദ്രൻ

കോട്ടയം : എൽഡിഎഫും യുഡിഎഫും ഒരുപോലെ പണം വാങ്ങിയതിനാലാണ് മാസപ്പടി വിവാദം ഇരുമുന്നണികളും ഒരുമിച്ച് മൂടി വയ്ക്കുന്നതെന്ന് കെ സുരേന്ദ്രൻ. മിത്ത് വിവാദം പുതുപ്പള്ളിയിൽ ചർച്ചയാക്കും. മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടിയാകും പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിശദീകരിച്ചു. സംസ്ഥാനത്തെ വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പുതുപ്പള്ളി മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് ചർച്ചകളിൽ കൊണ്ടുവരുമെന്ന് സുരേന്ദ്രൻ പ്രതികരണം നടത്തി.

മിത്ത് വിവാദത്തിലെ നിലപാട് മയപ്പെടുത്തിയതിൽ കാര്യമില്ലെന്നും മാപ്പ് പറയാൻ സ്പീക്കർ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആഞ്ഞടിച്ചു. അതേ സമയം പുതുപ്പള്ളി മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന് ചൂടുപിടിക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും ബിജെപി സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് കഴിഞ്ഞദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.