തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ പ്രതികരിച്ച് മാത്യു കുഴൽ നാടൻ എം എൽ എ

തിരുവനന്തപുരം : സിപിഎം നേതാവ് മോഹനൻ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് തനിക്കെതിരെ വന്ന വിജിലൻസ് അന്വേഷണത്തിൽ പ്രതികരണം നടത്തി മാത്യു കുഴൽ നാടൻ എം എൽ എ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദം നിയമസഭയിൽ മാത്യു ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മാത്യുവിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം ആരംഭിക്കാൻ പോകുന്നത്.

മുന്നോട്ടുവെച്ച കാൽ താൻ പിന്നോട്ട് എടുക്കില്ലെന്നും എല്ലാ ഏജൻസികളും പിണറായി വിജയന്റെയും മോദിയുടെയും കൈകളിലാണെന്നുമുള്ള പ്രതികരണമാണ് എംഎൽഎ ഈ വിഷയത്തിൽ നടത്തിയത്. വിജിലൻസ് കേസിനെ താൻ ഭയപ്പെടുന്നില്ലെന്നും കേസുകൊണ്ട് തന്നെ വേട്ടയാടാൻ കഴിയില്ലെന്നും എംഎൽഎ വിശദീകരിച്ചു. ആശുപത്രിക്കാരുടെ അനാസ്ഥയെ തുടർന്ന് വയറിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെ സെക്രട്ടറിയേറ്റിനു മുന്നിലുള്ള നീതി നിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാത്യു കുഴൽ നാടൻ എംഎൽഎ.

പൊതുസമൂഹത്തിനൊപ്പം സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാടുമെന്നും തെറ്റ് ചൂണ്ടി കാണിക്കുന്നവരെ വേട്ടയാടുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും എംഎൽഎ വിമർശിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ഉന്നയിച്ചായിരുന്നു കുഴൽ നാടനെതിരെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തെത്തിയത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നും താൻ ഒരു രീതിയിലുമുള്ള നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും മാത്യു വിശദീകരിച്ചു.