എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ കേരളം പുറത്തിറക്കും: വി ശിവൻകുട്ടി

തിരുവനന്തപുരം: എൻ. സി. ഇ. ആർ. ടി. വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഗസ്റ്റ് 23 ന് പുറത്തിറക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 23 ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വി ശിവൻകുട്ടിയാണ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കുന്നത്.

കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നവീകരിക്കപ്പെടണം എന്നതിൽ രാജ്യത്തിന്റെ ചരിത്രം, സ്വാതന്ത്ര്യ സമര കാലത്തിന്റെ ഊർജ്ജം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ നമുക്ക് ഒരു കാലത്തും മാറ്റാൻ കഴിയില്ല. എന്ത് കാരണം പറഞ്ഞായാലും ഇത്തരം ഭാഗങ്ങൾ നീക്കുന്നത് കേരളം എല്ലാ കാലത്തും എതിർക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.