Recent Posts (Page 567)

തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാലയിലെ പുതിയ പി ജി സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതിൽ പ്രതിഷേധമുയരുന്നു. മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവും മട്ടന്നൂർ എംഎൽഎയുമായ കെ ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കോമ്രേഡ് ‘എന്ന ആത്മകഥയാണ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർവ്വകലാശാലയിൽ പുതുതായി വന്ന എം എ ഇംഗ്ലീഷ് കോഴ്സിലാണ് ആത്മകഥ തിരുകി കയറ്റാൻ ശ്രമിച്ചിരിക്കുന്നത്.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ ഗവർണറുടെ അനുമതി ഇല്ലാതെ രൂപീകരിച്ച പഠന ബോർഡ് കോടതി നേരത്തെ റദ്ദാക്കിയിരുന്നു. അതു കൊണ്ട് നിലവിൽ സർവ്വകലാശാലയ്ക്ക് പഠന ബോർഡില്ല. വി സി യ്ക്ക് കീഴിൽ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയാണ് ബി ആർ അംബേദ്കറിനും നെൽസൺ മണ്ടേലയ്ക്കുമൊപ്പം കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രവണതകളിലൂടെ സർവ്വകലാശാലയെ ഇടതു വത്ക്കരിക്കുകയാണെന്ന ആരോപണമാണ് മറ്റു പാർട്ടികൾ ആരോപിക്കുന്നത്.

ബറൂച്ച് : കെമിക്കൽ ഫാക്ടറിയിൽ ചോർന്ന വിഷവാതകം ശ്വസിച്ച് 28 പേർ ആശുപത്രിയിൽ. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലുള്ള കെമിക്കൽ ഫാക്ടറിയിലായിരുന്നു വിഷവാതക ചോർച്ച ഉണ്ടായത്. ഫാക്ടറിയിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് ടാങ്കിൽ സംഭരിച്ചിരുന്ന ബ്രോമിൻ ഗ്യാസ് ചോർന്നതോടെയാണ് ജനങ്ങൾക്കും പരിസരവാസികൾക്കുമുൾപ്പെടെ ശാസതടസ്സം ഉണ്ടായത്.

കഴിഞ്ഞദിവസം ഉച്ചയോടെ ആയിരുന്നു സംഭവം. തീ പിടുത്തം നടക്കുമ്പോൾ ഫാക്ടറിയിൽ രണ്ടായിരത്തോളം പേരുണ്ടായിരുന്നതായും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും ബറൂച്ച് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വൈശാലി അഹീർ അറിയിച്ചു. ടാങ്കിന് സമീപം ജോലി ചെയ്തിരുന്ന 28 തൊഴിലാളികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്ത്യ -അയർലൻഡ് മൂന്നാം ട്വന്റി -20 മത്സരം കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. ആദ്യത്തെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ മത്സരമെങ്കിലും ജയിക്കണമെന്ന അയർലൻഡിന്റെ പ്രതീക്ഷ ഇതോടെ അസ്തമിച്ചിരിക്കുകയാണ്. പ്ലേയർ ഓഫ് ദ് ടൂർണമെന്റായി തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യൻ നായകനായി പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുമ്രയെയാണ്.

ഇതോടെ ഏഷ്യ കപ്പ്, ഏഷ്യൻ ഗെയിംസ് എന്നീ ലോകകപ്പ് ടൂര്ണമെന്റുകൾക്ക് മുൻപ് ഇന്ത്യൻ ടീം കളിക്കേണ്ടിയിരുന്ന അവസാന ട്വന്റി-20 മത്സരമാണ് ഉപേക്ഷിച്ചിരിക്കുന്നത്. അതു കൊണ്ട് ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാനും ഫോം നഷ്ടപ്പെട്ട താരങ്ങൾക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനുമുള്ള അവസാന അവസരമാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് കമ്മിറ്റികൾക്കുള്ള എസ്.ഒ.പി. പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികളുടെ രൂപീകരണം, ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, നിരീക്ഷണം എന്നിവ സംബന്ധിച്ച സമഗ്ര മാർഗരേഖയാണ് പുറത്തിറക്കിയത്. ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാൻ ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികളുടെ പ്രവർത്തനം വളരെ പ്രധാനമാണ്. പ്രധാന സ്വകാര്യ ആശുപത്രികളെക്കൂടി കാർസാപ് (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) നെറ്റുവർക്കിന്റെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്ലോക്ക് മെഡിക്കൽ ഓഫീസർ ചെയർമാനായുള്ള ബ്ലോക്കുതല എ.എം.ആർ. കമ്മിറ്റിയിൽ ആരോഗ്യ വകുപ്പ്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, അക്വാകൾച്ചർ, ഭക്ഷ്യസുരക്ഷ, മലിനീകരണ നിയന്ത്രണം തുടങ്ങിയ വകുപ്പുകളിലേയും ഐഎംഎ, ഐഎപി, എപിഐ, എഎഫ്പിഐ തുടങ്ങിയവയുടെയും പ്രതിനിധികളുണ്ടാകും. ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗം സംബന്ധിച്ചും അണുബാധനിയന്ത്രണ രീതികളെക്കുറിച്ചും സാർവത്രിക അവബോധം നൽകുക എന്നതാണ് ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികളുടെ പ്രധാന ലക്ഷ്യം.

പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം തുടങ്ങിയവയെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളിൽ എ.എം.ആർ. അവബോധ പോസ്റ്ററുകൾ പ്രദർശിപ്പിക്കും. എല്ലാ ആരോഗ്യ പ്രവർത്തകരും അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും പരിശീലനം നേടിയിരിക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകൾ ശരിയായ രീതിയിൽ നീക്കം ചെയ്യും.

ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം വിലയിരുത്തുന്നതിനും കുറയ്ക്കുന്നതിനും വേണ്ടി കുറിപ്പടികൾ ഓഡിറ്റ് ചെയ്യും. ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കാനും പോളിഫാർമസി കുറയ്ക്കാനും സാധിക്കും. മൂന്ന് മാസത്തിലൊരിക്കൽ 100 കുറിപ്പടികളെങ്കിലും പരിശോധിക്കണം. എല്ലാ സ്ഥാപനങ്ങളിലും പ്രതിമാസം കുറഞ്ഞത് 50 കുറിപ്പടികൾ റാൻഡമായും പരിശോധിക്കണം. സർക്കാർ നിർദേശ പ്രകാരം അംഗീകൃത ഡോക്ടറുടെ കുറുപ്പടിയിൽ മാത്രമേ ആന്റിബയോട്ടിക് നൽകുകയുള്ളു എന്ന ബോർഡ് എല്ലാ ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും പ്രദർശിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം:സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 177.5 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദിവാസി മേഖലയിൽ 15 കോടി രൂപ ചെലവിൽ ഒരു ആശുപത്രിയും 10.5 കോടി ചിലവിൽ 2 ആശുപത്രികളും ഉൾപ്പെടെ 4 പുതിയ ആയുഷ് സംയോജിത ആശുപത്രികൾ സജ്ജമാക്കും. വർക്കല പ്രകൃതി ചികിത്സാ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 15 കോടി രൂപ അനുവദിച്ചു. 87 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതൽ 1 കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ സർക്കാർ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകളും എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകളും സ്ഥാപിക്കും. 17 ആയുർവേദ ആശുപത്രികളെ മെഡിക്കൽ ടൂറിസം പദ്ധതിക്കായി സജ്ജമാക്കും. 50 ആയുർവേദ, ഹോമിയോപ്പതി ആശുപത്രികളെ എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തും.

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും എല്ലാ ചികിത്സാ കേന്ദ്രങ്ങൾക്കും ഈ പദ്ധതിയിലൂടെ ഗുണഫലം ഉണ്ടാകും. സ്‌പോർട്‌സ് ആയുർവേദ പദ്ധതി, ദിന പഞ്ചകർമ പദ്ധതി, വിളർച്ചാ നിവാരണത്തിനായുള്ള അരുണിമ പദ്ധതി ഉൾപ്പെടെ ഒട്ടനേകം പൊതുനാരോഗ്യ പരിപാടികൾ വലിയതോതിൽ വിപുലീകരിക്കും. ഹോമിയോപ്പതിയിലൂടെ പ്രീ ഡയബറ്റീസ് പ്രതിരോധത്തിനായുള്ള പ്രത്യേക പദ്ധതി, സിദ്ധ, യുനാനി തെറാപ്പി കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കും. ആയുഷ് മേഖലയ്ക്ക് പ്രത്യേക എൻജിനിയറിങ് വിഭാഗം, നൂതനമായ എൽ.എം.എസ്. (Learning Management System) എന്നിവ സജ്ജമാക്കും.

സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറി സജ്ജമാക്കുന്നതിന്റെ ഭാഗമായി 35 പഞ്ചായത്തുകളിലും 7 മുൻസിപ്പാലിറ്റികളിലും ഹോമിയോപ്പതി സേവനം ലഭ്യമാക്കുന്നതിനുള്ള തുകയും ഇതിലുൾക്കൊള്ളിച്ചിട്ടുണ്ട്.

എല്ലാ ജില്ലാ ആയുർവേദ ആശുപത്രികളിലും ജീവിതശൈലീ രോഗ ചികിത്സയ്ക്കായി ഉന്നതതല കേന്ദ്രങ്ങൾ സജ്ജമാക്കും. കോഴിക്കോട് പുറക്കാട്ടീരി കുട്ടികളുടെ സ്പെഷ്യലിറ്റി ആയുർവേദ ആശുപത്രിക്കും ഇടുക്കി പാറേമാവ് ആയുർവേദ പാലിയേറ്റീവ് കെയർ ആശുപത്രിക്കും പ്രത്യേക പദ്ധതിയും അനുവദിച്ചിട്ടുണ്ട്. നാഷണൽ ആയുഷ് മിഷൻ മുഖേനയാണ് ഈ പ്രവർത്തികൾ നടപ്പിലാക്കുന്നത്.

തിരുവനന്തപുരം: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്. ക്ഷീര വികസന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. ഇതിനായി കുമളി, പാറശാല, ആര്യൻകാവ്, മീനാക്ഷിപുരം, വാളയാർ ചെക്ക്‌പോസ്റ്റുകളിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുഴുവൻ സമയവും ഉദ്യോഗസ്ഥരുടെ സേവന മുണ്ടാകും. ഈ മാസം 28 വരെ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മൊബൈൽ ലാബുകളടക്കം ചെക്ക് പോസ്റ്റുകളിൽ സജ്ജമാക്കിയിട്ടുണ്ട്. പാൽ, പാലുല്പന്നങ്ങൾ എന്നിവയുമായി ചെക്ക്‌പോസ്റ്റുകൾ വഴി കടന്നുവരുന്ന വാഹനങ്ങൾ പരിശോധന നടത്തും. ടാങ്കറുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ലാബുകളിൽ പരിശോധന നടത്തുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ സാമ്പിളുകൾ വകുപ്പിന്റെ എൻ.എ.ബി.എൽ ലാബിൽ വിശദ പരിശോധനക്കായി കൈമാറും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. കുറ്റക്കാർക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം ചെക്ക് പോസ്റ്റുകൾ വഴി കടന്നുവരുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം, സസ്യ എണ്ണകൾ എന്നിവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിക്കും.

ബെംഗളൂരു: ഇന്ത്യയുടെ അടുത്ത ബഹിരാകാശ ദൗത്യത്തെ കുറിച്ച് വിശദമാക്കി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ശ്രീഹരിക്കോട്ടയിൽ ഒരുങ്ങുന്ന ആദിത്യ എൽ-1 മിഷൻ ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ആദ്യ വാരം ഇത് വിക്ഷേപിക്കുമെന്നും അറിയിച്ചു.

ആദിത്യ എൽ-1 സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗതമാണ്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയൻ പോയിന്റ് 1 (Lagrangian Point 1- L1) ലെ ഹാലോ ഭ്രമണപഥത്തിലാകും പേടകത്തെ നിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിൽ ആദിത്യ എൽ-1 ന്റെ വിക്ഷേപണ ദൗത്യം ആരംഭിച്ചതായാണ് എസ് സോമനാഥ് അറിയിച്ചത്. ചന്ദ്രയാൻ-3 ദൗത്യം വിജകരമായി പൂർത്തീകരിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓഗസ്റ്റ് 23 ന് ഇന്ത്യൻ സമയം 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. 5.44 നാണ് സോഫ്റ്റ് ലാൻഡിംഗ് ദൗത്യം ആരംഭിച്ചത്. മിഷൻ വിജയിച്ചതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമായി.

ന്യൂ ഡൽഹി : ചന്ദ്രയാൻ -3 ദൗത്യം വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യയെ അഭിനന്ദിച്ച് നാസ, യൂറോപ്യൻ, യു കെ സ്പേസ് എന്നീ ആഗോള ബഹിരാകാശ ഏജൻസികൾ. റഷ്യ, അമേരിക്ക, യു എ ഇ, സൗത്ത് ആഫ്രിക്ക, നേപ്പാൾ, മാലിദ്വീപ് അടക്കം നിരവധി രാജ്യങ്ങളും ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചന്ദ്രയാൻ -3 വിജയകരമായി പൂർത്തിയാക്കിയതിൽ ഇന്ത്യയിലെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞത്. ഐഎസ്ആർഒ സംഘത്തെ ഇന്ത്യൻ പ്രസിഡന്റും അഭിനന്ദിച്ചു.

ലോകത്തെ സാക്ഷിയാക്കി ഇന്നോളം ഒരു രാജ്യവും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരുന്നു ഇന്ത്യ ചന്ദ്രയാൻ -3 യുടെ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഇന്നലെ വൈകിട്ട് 5.45 ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിങ് പ്രക്രിയ 19 മിനിട്ടും 39 സെക്കൻഡും എടുത്താണ് പൂർത്തിയാക്കിയത്. മാഴ്സിനസ് സി, സിംപിലയസ് എന്നീ ഗർത്തങ്ങളുടെ ഇടയിലായിരുന്നു ചന്ദ്രയാൻ -3 ലാൻഡ് ചെയ്തത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യം എന്ന ഖ്യാതി ഇതോടെ ഇന്ത്യക്ക് സ്വന്തമായിരിക്കുകയാണ്.

തിരുവനന്തപുരം: എസി മൊയ്തീൻ എംഎൽഎയുടെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയതിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സംഭവത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി അപലപിച്ചു.

എസി മൊയ്തീൻ എംഎൽഎയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിനുവേണ്ടിയുള്ള ഇഡി പരിശോധനയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സിപിഎം അറിയിച്ചു. മുൻ സഹകരണ വകുപ്പ് മന്ത്രിയും, എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഇഡി പരിശോധന നടന്നത്. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എസി മൊയ്തീനെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റായ ധാരണ പരത്താനുള്ള ബോധപൂർവ്വമായ പരിശ്രമമാണ് ഇതിന് പിന്നിലുള്ളതെന്ന് അദ്ദേഹം അറിയിച്ചു.

കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ബോധപൂർവ്വമായ ഇടപെടൽ രാജ്യത്തുടനീളം കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ തുടർച്ചയായുള്ള ഇടപെടലിന്റെ ഭാഗമാണ് ഈ നടപടി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടി നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര തന്നെയാണ് അരങ്ങേറുന്നതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

വലതുപക്ഷ മാധ്യമങ്ങൾ ഇക്കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. യുഡിഎഫ് ആകട്ടെ കേരളത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഇത്തരം കടന്നാക്രമണങ്ങളെ പിന്തുണയ്ക്കുകയും, അനുകൂലിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഇത് തിരിച്ചറിയാനാവണം. എസി മൊയ്തീനെ ഉൾപ്പെടെ അപകീർത്തിപ്പെടുത്താനുള്ള വലതുപക്ഷ രാഷ്ട്രീയ ശക്തികളും, ചില മാധ്യമങ്ങളും ചേർന്ന് സൃഷ്ടിച്ചിട്ടുള്ള മാധ്യമ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ സ്മാർട്സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്നു. ആദ്യഘട്ടമായി 60 ഇ-ബസുകൾ ആഗസ്റ്റ് 26 നു വൈകീട്ട് 3.30നു ചാല ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും. ബാക്കി ബസുകൾ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ കൈമാറുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജുവും തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് 104 കോടി രൂപ ചെലവിൽ 113 ഇ-ബസുകൾ വാങ്ങുന്നത്. നിലവിൽ 50 ഇ-ബസുകൾ തിരുവനന്തപുരത്ത് സിറ്റി സർവീസായി ഓടുന്നുണ്ട്. ഇതോടെ തലസ്ഥാനനഗരിയിലെ മൊത്തം കെ. എസ്.ആർ.ടി.സി ഇ-ബസുകളുടെ എണ്ണം 163 ആകും. ഘട്ടംഘട്ടമായി ഡീസൽ ബസുകൾ പിൻവലിച്ചു നഗരത്തിൽ മുഴുവൻ ഇ-ബസുകൾ മാത്രമാക്കി തലസ്ഥാനനഗരിയിലെ മലിനീകരണം തീരെക്കുറച്ച് ഹരിത നഗരമാക്കി ആധുനികവൽക്കുന്നതിന്റെ ഭാഗമായാണ് ഹരിത വാഹനങ്ങളുടെ വരവെന്ന് മന്ത്രി രാജേഷ് പറഞ്ഞു.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ഹൈടെക് ബസുകളുടെ ഫ്ളാഗ് ഓഫ് ധനമന്ത്രി കെ.എം ബാലഗോപാൽ ചടങ്ങിൽ നിർവഹിക്കും. ആദ്യ ഇ-ബസിന്റെയും ഹൈബ്രിഡ് ബസിന്റെയും താക്കോൽദാനം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സർക്കുലർ സർവീസ് ചിഹ്നത്തിന്റെ പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലും ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ ആപ്പ്-മാർഗദർശി-യുടെ പ്രകാശനം ശശി തരൂർ എം.പിയും നിർവഹിക്കും.

പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ട് ഹൈബ്രിഡ് ഹൈടെക് ബസുകൾ തിരുവനന്തപുരം-കാസർകോട് റൂട്ടിൽ ഓടുക. വിജയം കണ്ടാൽ സംസ്ഥാനം മുഴുവൻ ഹൈബ്രിഡ് സർവീസ് വ്യാപിപ്പിക്കും. 27 സീറ്റുകളും 17 ബർത്തുകളുമാണ് ബസിലുള്ളത്. 60 ബസുകളുടെ റൂട്ടുകൾ പൊതുജനാഭിപ്രായം കൂടി പരിഗണിച്ചു ആഗസ്റ്റ് 26ന് അന്തിമമായി തീരുമാനിക്കും. സിറ്റി സർക്കുലർ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഇതിലുൾപ്പെടും.

മാർഗദർശി ആപ്പ് വഴി ബസിന്റെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്മെന്റ്, അമിത വേഗത ഉൾപ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങളുണ്ട്. പൊതുജനങ്ങൾക്ക് ബസ് വിവരങ്ങൾ, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ, യാത്രാ പ്ലാനർ തുടങ്ങിയവ ആപ്പിലൂടെ അറിയാനാകും. സിറ്റി സർക്കുലർ ബസുകളുടെ തൽസമയ സഞ്ചാര വിവരം അറിയാനുള്ള ‘എന്റെ കെ.എസ്.ആർ.ടി.സി’ നീയോ ബീറ്റാ വേർഷന്റെ പ്രകാശനവും നടക്കും.

മെട്രോ സ്റ്റേഷൻ, വിമാനത്താവളങ്ങളിലേതിനു സമാനമായി ബസ് സ്റ്റേഷനുകളിൽ വാഹനങ്ങളുടെ വിവരങ്ങൾ തൽസമയം അറിയിക്കുന്ന പബ്ലിക് അഡ്രസ് (പി.എ) സിസ്റ്റം ബോർഡുകൾ സ്ഥാപിക്കും. ലോകത്തിലെ ആധുനിക നഗരങ്ങളോട് മത്സരിക്കാവുന്ന സംവിധാനങ്ങളാണ് തലസ്ഥാനനഗരിയിൽ ഒരുങ്ങുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

നഗരത്തിലെ അഞ്ചിടങ്ങളിൽ അന്തരീക്ഷവായു പരിശോധിക്കാനുള്ള സംവിധാനം, 48 സ്ഥലങ്ങളിൽ സ്മാർട്ട് പാർക്കിംഗ്, ട്രാഫിക് ജംഗ്ഷനുകളിലെ ഗതാഗത പരിപാലനം സ്മാർട്ട് ആക്കി മാറ്റുന്ന പദ്ധതി എന്നിവയെല്ലാം മുന്നോട്ടു പോവുകയാണ്.

സ്മാർട്ട് പാർക്കിംഗ് സംവിധാനത്തിൽ ലൊക്കേഷനുകൾ മുൻകൂട്ടി അറിഞ്ഞ് പാർക്കിംഗ് ബുക്ക് ചെയ്യാൻ സാധിക്കും. 70 ട്രാഫിക് സിഗ്നലുകൾ ഇതിനകം തന്നെ സ്മാർട്ട് ആക്കി മാറ്റി കഴിഞ്ഞു. വാർത്താസമ്മേളനത്തിൽ സ്മാർട്ട് സിറ്റി സി.ഇ.ഒ അരുൺ കെ വിജയൻ, തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ബിനു കെ ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.