Recent Posts (Page 1,634)

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബറോസ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഓരോ അപ്‌ഡേറ്റ്‌സും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം ചൈനീസ്, പോര്‍ച്ചുഗീസ് ഉള്‍പ്പെടെ 20 ഭാഷകളില്‍ റിലീസ് ചെയ്യും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ച വിവരം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ത്രീഡിയില്‍ എത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നതും മോഹന്‍ലാല്‍ ആണ്. നാനൂറ് വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ഭൂതമാണ് ബറോസ്. ഒടുവില്‍ നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ദുബൈ: ഏഷ്യാകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. പാകിസ്താന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റും രണ്ട് ബോളും ബാക്കിയാക്കി ജയിച്ചു. ഇന്ത്യയ്ക്കായി വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും 35 റണ്‍സെടുത്തു. ആദ്യ ഓവറിലെ രണ്ടാ പന്തില്‍ കെ.എല്‍ രാഹുലിനെ പവലിയനിലേക്ക് മടക്കി പാകിസ്താന്‍ ഇന്ത്യയെ ഞെട്ടിച്ചെങ്കിലും പിന്നീടെത്തിയ കോഹ്ലിയും ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് സ്‌കോര്‍ 50 ല്‍ എത്തിച്ചു. എന്നാല്‍, തുടരെ വിക്കറ്റ് വീണത് ഇന്ത്യയുടെ സ്‌കോറിങ്ങിനെ നന്നായി ബാധിച്ചു. പിന്നീടെത്തിയ രവീന്ദ്ര ജഡേജയും ഹര്‍ദിക് പാണ്ഡ്യയും ശ്രദ്ധയോടെ ബാറ്റേന്തി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. പാകിസ്താനായി നസീം ഷാ രണ്ടും മുഹമ്മദ് നവാസ് മൂന്ന് വിക്കറ്റും നേടി.

ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 19.5 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ബൗളിങ് നിരയുടെ മിന്നും പ്രകടനമാണ് പാകിസ്താനെ തകര്‍ത്തത്. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ആവേശ് ഖാന്‍ രണ്ടും അര്‍ഷദീപും ഓരോ വിക്കറ്റ് വീതം നേടി. പാക് നിരയില്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ മാത്രമാണ് തിളങ്ങിയത്. 42 പന്ത് നേരിട്ട റിസ്വാന്‍ 43 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ബാബര്‍ അസമിന് പത്ത് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ പാകിസ്താന്‍ പ്രതിസന്ധിയിലായെന്ന് കരുതിയെങ്കിലും വിക്കറ്റ് വിധിച്ച അമ്ബയറുടെ തീരുമാനം തെറ്റായിരുന്നെന്ന് ഡിആര്‍എസിലൂടെ തെളിയുകയായിരുന്നു.

എന്നാല്‍, സ്‌കോര്‍ 15 ല്‍ എത്തി നില്‍ക്കെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ വിക്കറ്റ് പാകിസ്താന് നഷ്ടമായി. പിന്നീട് ഫക്കര്‍ സമാനും റിസ്വാനും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ 42 ല്‍ എത്തി നില്‍ക്കെ ഫക്കര്‍ പുറത്തായി. പിന്നീട് സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ ഇടവേളകളില്‍ വിക്കറ്റ് വീണത് പാകിസ്താന് തിരിച്ചടിയാകുകയായിരുന്നു

വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ചാറ്റ് ലിസ്റ്റില്‍ തന്നെ കാണാന്‍ സാധിക്കുന്ന പുതിയ സവിശേഷതയുമായി കമ്പനി. ഉപയോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് പ്രഖ്യാപിച്ച സവിശേഷതകള്‍ക്കൊപ്പമാകും ഇതും ലഭ്യമാകുക.

പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ചില ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് വാബീറ്റഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ സ്റ്റാറ്റസ് ടാബില്‍ പോയാല്‍ മാത്രമെ സ്റ്റാറ്റസുകള്‍ കാണാന്‍ സാധിക്കുകയുള്ളു. ഇനി മുതല്‍ കോണ്‍ടാക്ടിലുള്ള ഒരാള്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് അത് ചാറ്റ് ലിസ്റ്റില്‍ തന്നെ കാണാം. പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. സ്റ്റാറ്റസുകള്‍ കാണാനും അപ്ഡേറ്റ് ചെയ്യാനും താത്പര്യമില്ലാത്തവര്‍ക്ക് ഇത് മ്യൂട്ട് ചെയ്ത് വെക്കാം.

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നിരവധി സവിശേഷതകളാണ് വാട്സ്ആപ്പ് അടുത്തിടയായി അവതരിപ്പിക്കുന്നത്. വാട്സ്ആപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള സവിശേഷതയും വാട്സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ആന്‍ഡ്രോയിഡ് 2.22.13.5 ബീറ്റ വേര്‍ഷനിലാണ് ഇത് ലഭ്യമാകുക.

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി നമ്മളിൽ പലരും പല ഉത്പ്പന്നങ്ങളും മുഖത്ത് തേയ്ക്കാറുണ്ട്. എന്നാൽ, അശാസ്ത്രീയമായ രീതിയിൽ ചെയ്യുന്ന പല പരീക്ഷണങ്ങളും മുഖത്തിന് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മുഖത്ത് പുരട്ടാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചെറുനാരങ്ങാ നീര് ഒരിക്കലും നേരിട്ട് മുഖത്ത് പുരട്ടരുത്. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡിന്റെ അംശം മുഖത്തെ മൃദുലമായ ചർമ്മത്തെ ബാധിക്കും. ആപ്പിൾ സൈഡർ വിനിഗറും മുഖത്ത് നേരിട്ട് പുരട്ടുന്നത് നല്ലതല്ല. ഉയർന്ന അളവിൽ ആസിഡ് അടങ്ങിയ ആപ്പിൾ സൈഡർ വിനിഗർ നേരിട്ട് മുഖത്ത് പുരട്ടുമ്പോൾ ചിലരിൽ പൊള്ളൽ, പാടുകൾ, ചെറിയ കുരുക്കൾ, കറുപ്പ് നിറം എന്നിവ ഉണ്ടാക്കും. അശാസ്ത്രീയമായ രീതിയിൽ ഒരിക്കലും ആപ്പിൾ സൈഡർ വിനിഗർ മുഖത്ത് പുരട്ടാതിരിക്കാൻ ശ്രദ്ധിക്കണം.

മുഖം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നതും അത്ര നല്ലതല്ല. ചൂടുവെള്ളം ഉപയോഗിക്കുമ്പോൾ മുഖത്തെ ജലാംശം വറ്റാനും മുഖം കൂടുതൽ ഡ്രൈ ആകാനും സാധ്യതയുണ്ട്. ചൂടുവെള്ളം ഉപയോഗിക്കുന്നതിന് പകരം, മുഖത്ത് ആവി കൊള്ളുന്നതാണ് നല്ലത്.

കൊച്ചി: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അപക്വമായ പ്രായത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നുമാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെടുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ല, അതല്ല ഭാരത സംസ്‌ക്കാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ പല നിലപാടുകളിലും തങ്ങൾക്ക് വിഷമമുണ്ട്. ഏതെങ്കിലും ഒരു മതവിഭാഗത്തിന് അടിപ്പെട്ട് സർക്കാർ നിൽക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. പറയുന്ന നിലപാടിൽ നിന്നും പലതും മാറി പോകുന്ന അവസ്ഥയുണ്ട്. ഒരു പത്രപ്രവർത്തകനെ ഒരു ഐഎഎസുകാരൻ വണ്ടിയിടിച്ച് കൊന്നു. എന്നിട്ട് അയാളെ ആലപ്പുഴ കളക്ടറാക്കിവച്ചു. അതിൽ പ്രതിഷേധിച്ച് ഒരു സമുദായം പതിനാല് ജില്ലയിലും പ്രതിഷേധം നടത്തിയപ്പോൾ അയാളെ ആ സ്ഥാനത്ത് നിന്നും അപ്പോൾ തന്നെ മാറ്റി. ഇത്തരം സംഭവങ്ങൾ നല്ല സന്ദേശമല്ല നൽകുന്നത്.

ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ടതില്ല. നമ്മുടേത് ഭാരത സംസ്‌കാരമാണ്. നമ്മളാരും അമേരിക്കയിൽ അല്ല ജീവിക്കുന്നത്. ഇവിടുത്തെ ക്രിസ്ത്യൻ, മുസ്ലീം മാനേജ്‌മെന്റിന്റെ കോളേജുകളിൽ പോയാൽ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാൻ പറ്റില്ല. എന്നാൽ എൻഎസ്എസിന്റേയും എസ്എൻഡിപിയുടേയോ കോളേജിൽ പോയാൽ അരാജകത്വമാണ് കാണാൻ സാധിക്കുന്നത്. പെൺകുട്ടി ആൺകുട്ടിയുടെ മടിയിൽ തലവച്ചു കിടക്കുന്നു, തിരിച്ചു ചെയ്യുന്നു, കെട്ടിപ്പിടിച്ചു ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കുന്നുവെന്ന് മനസ്സിലാക്കണം. ഇതിലെല്ലാം നശിക്കുന്നത് ഈ രണ്ട് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്. കൊല്ലത്തെ എസ് എൻ കോളേജിൽ സമരം നടക്കും എന്നാൽ ഫാത്തിമാ മാതാ കോളേജിൽ സമരമേയില്ല മാനേജ്‌മെന്റ് സമ്മതിക്കില്ല. ഞങ്ങളുടെ കോളേജിൽ എല്ലാം പഠിക്കുന്നത് പാവപ്പെട്ട പിള്ളേരാണ്. യുജിസിയുടെ ലിസ്റ്റിൽ എന്തുകൊണ്ട് ഒരൊറ്റ ഹിന്ദു മാനേജ്‌മെന്റ് കോളേജ് പോലും ഇല്ലായിരുന്നു. അവിടെ അച്ചടക്കമില്ല എന്നതാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റിസ് ട്രെയിനി ലൈബ്രറിയന്മാരെ താത്ക്കാലികമായി നിയമിക്കുന്നു. ആറ് മാസത്തേക്കാണ് നിയമനം. പ്രതിമാസ സ്‌റ്റൈപന്റ് 6,000 രൂപ. എസ്എസ്എൽസിയും സിഎൽഐഎസ്സിയുമാണ് യോഗ്യത.

തമിഴ് ഒരു വർഷമായി പഠിക്കുകയോ, അല്ലെങ്കിൽ തമിഴ് മാദ്ധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18നും 36നും മധ്യേ. രണ്ട് ഒഴിവുകളാണുള്ളത്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ, അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം സെപ്തംബർ 14ന് രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇന്റർവ്യൂവിന് ഹാജരാകണം.

ന്യൂഡല്‍ഹി: ലോകത്തെ ജനപ്രിയ ബ്രൗസറായ ക്രോമിനെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സിബിള്‍ ടീം.

11 സുരക്ഷാ പ്രശ്നങ്ങളാണ് ക്രോം ബ്രൗസറില്‍ പുതുതായി കണ്ടെത്തിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്യുന്ന ക്രോം ബ്രൗസറിന്റെ വിശദാംശങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്. 104.0.5112.101 മാക്ക്, ലിനക്‌സ് വേര്‍ഷനും 104.0.5112.102/101 വിന്‍ഡോസ് വേര്‍ഷനുകളുമാണ് നിലവില്‍ എത്തിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റുകളൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യാനാകും. ഗൂഗിള്‍ കാണിച്ചിരിക്കുന്ന 11 സുരക്ഷാ പ്രശ്‌നത്തില്‍ ഒന്ന് ഗുരുതരമാണ്. ഇതില്‍ ആറെണ്ണം ഉയര്‍ന്ന തീവ്രതയുള്ള പ്രശ്നമാണ്. മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്നമാണെന്നും ഗൂഗിള്‍ വേര്‍തിരിച്ചു പറയുന്നുണ്ട്. ക്രോം നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് ഗൂഗിള്‍ ഇതുവരെ വിശദമാക്കിയിട്ടില്ല. ഹാക്കര്‍മാര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ എളുപ്പത്തില്‍ കഴിയുന്ന പ്രശ്നങ്ങളാണ് ഉള്ളതെന്നാണ് വിവരം.

ബ്രൗസര്‍ ഓപ്പണ്‍ ചെയ്ത് വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു ഓപ്പണ്‍ ചെയ്യണം. അതില്‍ നിന്ന് ഹെല്‍പ്പ് തെരഞ്ഞെടുക്കുക. അതില്‍ നിന്ന് എബൗട്ട് ഗൂഗിള്‍ ക്രോം തെരഞ്ഞെടുക്കണം. ഓപ്പണ്‍ ആയി വരുന്ന പേജില്‍ ഗൂഗിള്‍ ക്രോം ചിഹ്നത്തിന് താഴെയായി അപ്ഡേറ്റിങ് ഗൂഗിള്‍ ക്രോം എന്നൊരു ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യണം. അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ റീലോഞ്ച് ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ ഗൂഗിള്‍ ക്രോം അപ്ഡേറ്റാവും.

കോട്ടയം: ശബരിമല വിമാനത്താവള നിര്‍മ്മാണത്തിനായി മണ്ണു പരിശോധനയ്ക്ക് ചെറുവള്ളി എസ്റ്റേറ്റില്‍ വന്ന സംഘത്തെ ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധികൃതര്‍ തടഞ്ഞതോടെ സര്‍ക്കാരിന്റെ വിമാനത്താവള പദ്ധതിയും വിവാദത്തിലേക്ക് നീങ്ങുകയാണ്.

മണ്ണ് പരിശോധനയുടെ ഭാഗമായി ചെറുവള്ളി എസ്റ്റേറ്റില്‍ ലൂയി ബര്‍ഗര്‍ കമ്ബനി അധികൃതര്‍ കുഴികളെടുത്തു കുഴല്‍ക്കിണര്‍ മാതൃകയില്‍ പ്രവര്‍ത്തനം നടത്തുന്നതിനായുള്ള സഹകരണം ഉറപ്പാക്കാന്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലും വൈകിട്ട് മൂന്നിന് കോട്ടയം ജില്ലാ കലക്ടറുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു. ഈ രണ്ട് യോഗങ്ങളിലും ആ വ്യവസ്ഥകള്‍ സമ്മതിച്ച് അത് രേഖാമൂലം നല്‍കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു കൊടുത്തിരുന്നുവെന്ന് സഭയുടെ ചുമതലക്കാര്‍ പറയുന്നു.

അതേസമയം, പാലാ സബ് കോടതിയിലെ കേസിന് തീരുമാനമാകുന്നതു വരെ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തിന്‍ മേല്‍ കടന്നുകയറ്റ ശ്രമങ്ങള്‍ ഉണ്ടാകില്ലെന്നും മണ്ണ് പരിശോധനയ്ക്കായി കുഴിക്കുന്ന കുഴികള്‍ / ജോലികള്‍ കാരണം എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ തൊഴിലാളികള്‍ക്കോ മറ്റുള്ളവര്‍ക്കോ സംഭവിച്ചാല്‍ സാമ്ബത്തികമായ ബാധ്യതകളും, പരിഹാര നടപടികളും സര്‍ക്കാര്‍ ചെയ്യണമെന്ന ആവശ്യങ്ങളുമാണ് സഭ ഉന്നയിച്ചതെന്ന് പിആര്‍ഓ ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ നേരത്തേ സമ്മതിച്ചിട്ടുള്ള രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ മണ്ണു പരിശോധനയ്ക്ക് വന്നതു കൊണ്ടാണ് തടഞ്ഞത് എന്നാണ് സഭയുടെ വിശദീകരണം. ചര്‍ച്ചകളില്‍ സമ്മതിക്കുകയും പിന്നീട് അതില്‍ നിന്ന് വഴുതി മാറുകയും ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്.

മുംബൈ: അക്ഷയ് കുമാര്‍ ചിത്രം ‘രാം സേതു’വിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്ത്. രാമസേതു ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ സുബ്രമണ്യന്‍ സ്വാമി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

‘മുംബൈ സിനിമക്കാര്‍ക്ക് വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന മോശം സ്വഭാവമുണ്ട്. അവരെ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് പഠിപ്പിക്കാന്‍ അഭിഭാഷകനായ സത്യ സബര്‍വാള്‍ മുഖേനെ രാമസേതു ഇതിഹാസം വളച്ചൊടിച്ച ചലച്ചിത്ര നടന്‍ അക്ഷയ് കുമാറിനും മറ്റ് എട്ടുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതിനുമുന്‍പും അക്ഷയ് കുമാറിനെതിരെ സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. രാമസേതു വിഷയത്തില്‍ തന്നെയാണ് കഴിഞ്ഞ ജൂലായില്‍ താരത്തിനെതിരെ ബി.ജെ.പി നേതാവ് ഭീഷണിയുയര്‍ത്തിയത്. അക്ഷയ് കുമാറിനെ കാനഡയിലേക്ക് നാടുകടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ‘രാം സേതു’ ഒക്ടോബര്‍ 24ന് തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. തമിഴ്നാട്ടിലെ രാമസേതു പാലത്തിന്റെ ഐതിഹ്യം പ്രമേയമായി വരുന്ന ചിത്രത്തില്‍ നുശ്രത്ത് ബറൂച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സത്യദേവ് കാഞ്ചരണ എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

ന്യൂഡൽഹി: ഗുലാം നബി ആസാദിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഗുലാം നബി ആസാദ് ഉന്നയിച്ച കാര്യങ്ങൾ ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ഓട് പൊളിച്ചിറങ്ങി കോൺഗ്രസിൽ എത്തിയ ആളല്ലെന്ന് ആദ്യം മനസിലാക്കണമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

കെ എസ് യു കാലം മുതൽ താൻ പാർട്ടിയിൽ പ്രവർത്തിക്കുകയാണ്. തനിക്കും 46 വർഷത്തെ അനുഭവ സമ്പത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വമാണ് ഗുലാം നബി ആസാദ് രാജിവച്ചത്. ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിന്റെ പ്രാഥമിക അംഗത്വവും രാജിവെച്ചത്. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായിരുന്നു ഗുലാം നബി ആസാദ്.

നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തിയ നേതാവാണ് ഗുലാം നബി ആസാദ്. കോൺഗ്രസിൽ മുഴുവൻ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തുറന്ന കത്തെഴുതിയ ജി 23 നേതാക്കളിൽ അദ്ദേഹവും ഉൾപ്പെടുന്നു.

പാർട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുൽ ഗാന്ധി തകർത്തുവെന്ന് രാജിക്കത്തിൽ ഗുലാം നബി ആസാദ് ആരോപിക്കുന്നു. മുതിർന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി എന്നും ഗുലാം നബി ആസാദ് രാജിക്കത്തിൽ വിമർശിക്കുന്നു. രാഹുൽ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറി. തിരിച്ചുവരാനാകാത്ത വിധം കോൺഗ്രസിനെ രാഹുൽ ഗാന്ധി തകർത്തുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.