ശബരിമല വിമാനത്താവള നിര്‍മ്മാണം; ചെറുവള്ളി എസ്റ്റേറ്റില്‍ മണ്ണു പരിശോധനയ്ക്ക് വന്ന സംഘത്തെ തടഞ്ഞ് ബിലിവേഴ്‌സ് ചര്‍ച്ച് അധികൃതര്‍

കോട്ടയം: ശബരിമല വിമാനത്താവള നിര്‍മ്മാണത്തിനായി മണ്ണു പരിശോധനയ്ക്ക് ചെറുവള്ളി എസ്റ്റേറ്റില്‍ വന്ന സംഘത്തെ ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധികൃതര്‍ തടഞ്ഞതോടെ സര്‍ക്കാരിന്റെ വിമാനത്താവള പദ്ധതിയും വിവാദത്തിലേക്ക് നീങ്ങുകയാണ്.

മണ്ണ് പരിശോധനയുടെ ഭാഗമായി ചെറുവള്ളി എസ്റ്റേറ്റില്‍ ലൂയി ബര്‍ഗര്‍ കമ്ബനി അധികൃതര്‍ കുഴികളെടുത്തു കുഴല്‍ക്കിണര്‍ മാതൃകയില്‍ പ്രവര്‍ത്തനം നടത്തുന്നതിനായുള്ള സഹകരണം ഉറപ്പാക്കാന്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലും വൈകിട്ട് മൂന്നിന് കോട്ടയം ജില്ലാ കലക്ടറുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു. ഈ രണ്ട് യോഗങ്ങളിലും ആ വ്യവസ്ഥകള്‍ സമ്മതിച്ച് അത് രേഖാമൂലം നല്‍കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു കൊടുത്തിരുന്നുവെന്ന് സഭയുടെ ചുമതലക്കാര്‍ പറയുന്നു.

അതേസമയം, പാലാ സബ് കോടതിയിലെ കേസിന് തീരുമാനമാകുന്നതു വരെ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തിന്‍ മേല്‍ കടന്നുകയറ്റ ശ്രമങ്ങള്‍ ഉണ്ടാകില്ലെന്നും മണ്ണ് പരിശോധനയ്ക്കായി കുഴിക്കുന്ന കുഴികള്‍ / ജോലികള്‍ കാരണം എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ തൊഴിലാളികള്‍ക്കോ മറ്റുള്ളവര്‍ക്കോ സംഭവിച്ചാല്‍ സാമ്ബത്തികമായ ബാധ്യതകളും, പരിഹാര നടപടികളും സര്‍ക്കാര്‍ ചെയ്യണമെന്ന ആവശ്യങ്ങളുമാണ് സഭ ഉന്നയിച്ചതെന്ന് പിആര്‍ഓ ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ നേരത്തേ സമ്മതിച്ചിട്ടുള്ള രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ മണ്ണു പരിശോധനയ്ക്ക് വന്നതു കൊണ്ടാണ് തടഞ്ഞത് എന്നാണ് സഭയുടെ വിശദീകരണം. ചര്‍ച്ചകളില്‍ സമ്മതിക്കുകയും പിന്നീട് അതില്‍ നിന്ന് വഴുതി മാറുകയും ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്.