ചരിത്രം വളച്ചൊടിക്കുന്നു; ‘രാം സേതു’ വിനെതിരെ അക്ഷയ് കുമാറിന് വക്കീല്‍ നോട്ടീസയച്ച് സുബ്രമണ്യന്‍ സ്വാമി

മുംബൈ: അക്ഷയ് കുമാര്‍ ചിത്രം ‘രാം സേതു’വിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്ത്. രാമസേതു ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ സുബ്രമണ്യന്‍ സ്വാമി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

‘മുംബൈ സിനിമക്കാര്‍ക്ക് വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന മോശം സ്വഭാവമുണ്ട്. അവരെ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് പഠിപ്പിക്കാന്‍ അഭിഭാഷകനായ സത്യ സബര്‍വാള്‍ മുഖേനെ രാമസേതു ഇതിഹാസം വളച്ചൊടിച്ച ചലച്ചിത്ര നടന്‍ അക്ഷയ് കുമാറിനും മറ്റ് എട്ടുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതിനുമുന്‍പും അക്ഷയ് കുമാറിനെതിരെ സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. രാമസേതു വിഷയത്തില്‍ തന്നെയാണ് കഴിഞ്ഞ ജൂലായില്‍ താരത്തിനെതിരെ ബി.ജെ.പി നേതാവ് ഭീഷണിയുയര്‍ത്തിയത്. അക്ഷയ് കുമാറിനെ കാനഡയിലേക്ക് നാടുകടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ‘രാം സേതു’ ഒക്ടോബര്‍ 24ന് തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. തമിഴ്നാട്ടിലെ രാമസേതു പാലത്തിന്റെ ഐതിഹ്യം പ്രമേയമായി വരുന്ന ചിത്രത്തില്‍ നുശ്രത്ത് ബറൂച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സത്യദേവ് കാഞ്ചരണ എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.